above post ad local

സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെക്കണം: ഗവര്‍ണറോട് തരൂര്‍

0
തിരുവനന്തപുരം: സർവകലാശാലാ പരീക്ഷകൾ മാറ്റിവെക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ആവശ്യപ്പെട്ട് ശശി തരൂർ എംപി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നത് നിരുത്തരവാദപരമാണെന്നും കേരളത്തിലെ എല്ലാ സർവകലാശാലകളിലെയും പരീക്ഷകൾ മാറ്റിവെക്കണമെന്നും ഗവർണറോട് ആവശ്യപ്പെട്ടതായി അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. വിഷയം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും തരൂർ വ്യക്തമാക്കി.

കോവിഡിന്റെ പശ്ചാത്തലത്തിൽ കേരള സർവകലാശാല പരീക്ഷകൾ മാറ്റിവെക്കണമെന്ന് തരൂർ കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടിരുന്നു. കോളേജുകൾ തുറന്ന് പത്തോ പതിനഞ്ചോ ദിവസം മാത്രം ക്ലാസ്സ് നടത്തിയ ശേഷം കേരള സർവകലാശാല ആറാം സെമസ്റ്റർ ഡിഗ്രി പരീക്ഷ പ്രഖ്യാപിച്ചതും വിമർശനത്തിനിടയാക്കിയിരുന്നു. ബി.എ.,ബി.എസ്.സി, ബികോം വിദ്യാർഥികൾക്കാണ് പഠിപ്പ് തുടങ്ങിയപ്പോഴേ സർവകലാശാല പരീക്ഷാ തീയതി പ്രഖ്യാപിച്ചത്.

അഞ്ചാം സെമസ്റ്റർ പരീക്ഷ അവസാനിച്ചത് മാർച്ച് പകുതിയോടെയാണ്.ബി.എസ്.സി മൈക്രോബയോളജി വിദ്യാർഥികളുടെ അഞ്ചാം സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷ പൂർത്തിയായത് മാർച്ച് 22-നാണ്. ഏപ്രിൽ 15 മുതൽ 23 വരെയാണ് ആറാം സെമസ്റ്റർ പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷകൾക്കിടയിൽ ഒരു ദിവസത്തെ ഇടവേളയേയുള്ളൂ. ജനുവരിയിൽ ആറാം സെമസ്റ്റർ ക്ലാസ് തുടങ്ങിയെങ്കിലും പല കാരണങ്ങളാൽ മുടങ്ങി.തിരഞ്ഞെടുപ്പ് ക്ലാസുകൾ, മൂല്യനിർണ്ണയം, വാക്സിനേഷൻ എന്നിങ്ങനെ അധ്യാപകർ മറ്റ് തിരക്കുകളിൽപ്പെട്ടു. രണ്ട്, മൂന്ന്, അഞ്ച് സെമസ്റ്റർ പരീക്ഷകളും ഇതിനിടയിൽ വന്നു.

ഓൺലൈനായും ഓഫ് ലൈനായും കൂടി 10-15 ദിവസത്തെ ക്ലാസ്സുകളേ കുട്ടികൾക്ക് ലഭിച്ചിട്ടുള്ളൂ.ഒരു ക്ലാസ് പോലും ലഭിച്ചിട്ടില്ലാത്ത വിഷയങ്ങളുമുണ്ട്. ഏറ്റവും കൂടുതൽ പാഠഭാഗങ്ങൾ ആറാം സെമസ്റ്ററിലാണ് ക്രമീകരിച്ചിരിക്കുന്നത്. 90 ദിവസത്തെ ക്ലാസ് ലഭിച്ചാലേ പാഠഭാഗങ്ങൾ നന്നായി പഠിപ്പിക്കാൻ കഴിയൂ. 60-75 ദിവസത്തെ ക്ലാസ് സാധാരണയായി ലഭിക്കാറുണ്ട്. നാലിലൊന്ന് പാഠഭാഗങ്ങൾ പോലും പഠിപ്പിക്കാതെ പരീക്ഷ പ്രഖ്യാപിച്ചതിൽ അധ്യാപകരും പ്രതിഷേധത്തിലാണ്.തിരഞ്ഞെടുപ്പായതിനാൽ സ്പെഷൽ ക്ലാസ് പോലും നടത്താനാവില്ലെന്ന് അധ്യാപകർ പറയുന്നു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.