above post ad local

20 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ രണ്ടുരൂപ; പണമില്ലെങ്കിൽ പ്ലാസ്റ്റിക്കുമെടുക്കും

എടപ്പാൾ:ഇരുപതുലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ചെലവ് രണ്ടുരൂപ. പണമില്ലാത്തവർക്ക് പകരം പ്ലാസ്റ്റിക് മാലിന്യവും നൽകാം. നാടിന് ശല്യമാകുന്ന മാലിന്യം സംസ്‌കരിച്ച് നൂലാക്കി ഗുണമേന്മയേറിയ ടീഷർട്ടുകളായും മാറും.

കാലടി ഗവ. ആശുപത്രിയിലെ ജീവനക്കാരിയായ പുഷ്‌പയുടെ മകളും എം.ബി.എ. വിദ്യാർഥിനിയുമായ ശില്പ കെ. നയനയാണ് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിട്ടുള്ളത്. കണ്ടുപിടിത്തത്തിന് 2020-ലെ യുണൈറ്റഡ് നാഷൻസ് ഹൾട്ട് പ്രൈസും അഗ്രിക്കൾച്ചർ ആൻഡ് ടെക്‌നോളജിക്കുള്ള നബാർഡ് പുരസ്‌കാരവും ലഭിച്ചു.

നാനോ ടെക്‌നോളജിയിലൂടെ ചിരട്ടക്കരിയും വെള്ളിയുടെയും ചെമ്പിന്റെയും അംശങ്ങളുമുപയോഗിച്ച് ലളിതമായ പ്രക്രിയയിലൂടെ കുടിവെള്ളത്തിലെ ഹാനികരമായ സൂക്ഷ്മജീവികളെ നശിപ്പിച്ചാണ് ജലം ശുദ്ധമാക്കുന്നത്. കർണാടകയിലെ കോലാർ, മാലൂർ വില്ലേജിൽ പതിറ്റാണ്ടുകളായി കുടിവെള്ളത്തിൽ ഫ്ളൂറൈഡിന്റെ ആധിക്യംകൊണ്ട് ദുരിതമനുഭവിച്ചുവന്ന ആയിരക്കണക്കിന് ജനങ്ങൾക്ക് ശിൽപ്പയുടെ കണ്ടുപിടിത്തം അനുഗ്രഹമായി.

ഇതിനെക്കുറിച്ചറിഞ്ഞ അവിടത്തെ ജില്ലാ കളക്ടർ ശില്പയുമായി ബന്ധപ്പെടുകയായിരുന്നു. 20 ലിറ്ററിന് രണ്ടുരൂപ നിരക്കിൽ വെള്ളം ശുദ്ധീകരിക്കാനുതകുന്ന പ്ലാന്റ് നിർമിച്ചുനൽകിയതോടെ ഗ്രാമീണർക്ക് ജീവിതം തന്നെയാണ് തിരികെ ലഭിച്ചത്. ഗ്രാമത്തിൽ 1000 പേർക്ക് ഒന്ന് എന്ന കണക്കിലാണ് ശില്പയും സംഘവും പ്ലാന്റുകൾ സ്ഥാപിച്ചത്.

വെള്ളത്തിലെ ഫ്ളൂറൈഡിൻറെ ആധിക്യം കാരണം എല്ലും പല്ലും പൊടിഞ്ഞ് നിത്യരോഗികളായി മാറിയിരുന്ന ഗ്രാമവാസികൾ ഇപ്പോൾ ശില്പയുടെ സാങ്കേതിക വിദ്യയിൽനിന്നുള്ള ശുദ്ധജലം കുടിച്ച് സന്തുഷ്ടരായി കഴിയുന്നു. ഇതിന് കർണാടക റോട്ടറി ക്ലബ്ബിന്റെ യങ് അച്ചീവർ അവാർഡും ലഭിച്ചു.

കോയമ്പത്തൂരിലുള്ള കമ്പനിയാണ് മാലിന്യം ശേഖരിച്ച് ടീഷർട്ടാക്കി വിപണിയിലിറക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്. കോഴിക്കോട് ഡെം ക്ലിയർ എന്ന സ്റ്റാർട്ടപ്പ് കമ്പനി സ്ഥാപിച്ച് കേരളത്തിലെ ശുദ്ധജല ക്ഷാമംകൊണ്ട് പ്രയാസപ്പെടുന്നവർക്കെല്ലാം സേവനം നൽകാനാണ് ശില്പയുടെ തീരുമാനം.

കോഴിക്കോട് മെഡിക്കൽകോളേജിനു സമീപമാണ് സ്വദേശമെങ്കിലും ഇപ്പോൾ എടപ്പാളിലാണ് താമസം. കോഴിക്കോട് ഒളവണ്ണ, പെരുമണ്ണ, കടലുണ്ടി, മൂടാടി, കൊയിലാണ്ടി തുടങ്ങി ശുദ്ധജലത്തിന് പ്രയാസമനുഭവിക്കുന്ന സ്ഥലങ്ങളിലും പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ്. ജില്ലാകളക്ടർക്ക് ഇതിനുള്ള പ്രോജക്ട് സമർപ്പിച്ചിട്ടുണ്ട്.4000 രൂപയ്ക്ക് രണ്ടുവർഷ വാറണ്ടിയോടെ വീടുകളിലെ ജലത്തിന്റെ സ്വഭാവമനുസരിച്ചുള്ള ജലശുദ്ധീകരണ യന്ത്രങ്ങൾ നൽകാനും പദ്ധതിയുണ്ട്. സൂറത്കൽ എൻ.ഐ.ടിയിലെ വിദ്യാർഥിയാണിപ്പോൾ ശില്പ.

- Advertisement -

- Advertisement -

- Advertisement -

Comments are closed.