above post ad local

കെ റെയിൽ സ്ഥലമേറ്റെടുപ്പിന് ഗ്രാമപ്രദേശങ്ങളിൽ നാലിരട്ടി വരെ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ-റെയിൽ  പദ്ധതിക്കായി സ്ഥലമേറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം നൽകുന്നതിൽ ഉദാരമായ സമീപനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  നിയമസഭയിൽ അറിയിച്ചു. വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും കടുത്ത പാരിസ്ഥിതിക നാശം വരുത്തുന്നതും സാധാരണക്കാർക്ക് പ്രയോജനകരമല്ലാത്തതുമായ കെ റെയിൽ പദ്ധതി നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷം കൊണ്ടു അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

കെ റെയിലിനായി സ്ഥലമേറ്റെടുക്കുമ്പോൾ ഗ്രാമീണമേഖലകളിൽ ഭൂമിവിലയുടെ നാലിരട്ടി വരേയും നഗരമേഖലകളിൽ രണ്ടിരട്ടി വരേയും നഷ്ടപരിഹാരം നൽകും. കെ റെയിൽ പദ്ധതിയുടെ 115 കിലോമീറ്റർ പാത പാടങ്ങളിലൂടെയാണ് കടന്നു പോകുക. ഇതിൽ 88 കിലോമീറ്ററിലും എലവേറ്റഡ് പാതയാണ് വിഭാവന ചെയ്യുന്നത്. ഹൈസ്പീഡ് റെയിൽ നിർമ്മാണത്തിന് ഒരു കിലോമീറ്ററിന് തന്നെ 280 കോടി ചിലവാണ് എന്നാൽ സെമി ഹൈസ്പീഡ് റെയിലിന് 120 കോടി മതി. ഇക്കാര്യം കണക്കിലെടുത്താണ് കെ റെയിൽ പദ്ധതിയിലേക്ക് സർക്കാർ എത്തിയതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

കെറെയിൽ പദ്ധതിയിൽ ജനങ്ങൾക്ക് വലിയ ആശങ്കയുണ്ടെന്നും ആ ആശങ്കയാണ് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കുന്നതെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ എം.കെ.മുനീർ പറഞ്ഞു. ബംഗാളിലേത് പോലെ ഭൂമിയേറ്റെടുക്കാൻ നടത്തുന്ന സമരം കേരളത്തിൽ സിപിഎമ്മിന് തിരിച്ചടിയാവുമെന്നും മുനീർ പറഞ്ഞു.

കെ റെയിൽ കേരളത്തിലാണ്ടാക്കുന്ന പാരിസിത്ഥിക നാശം കൃത്യമായി പഠിക്കാതെയാണ് സർക്കാർ പദ്ധതി നടപ്പാക്കാനൊരുങ്ങന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇരുപതിനായിരത്തോളം കുടുംബങ്ങൾ കെ റെയിൽ പദ്ധതിക്കായി വീടൊഴിയണം. നിലവിലെ പദ്ധതി പ്രകാരം കെറെയിൽ നടപ്പാക്കിയാൽ അടുത്ത പ്രളയത്തിൽ വെള്ളം ഒലിച്ചു പോകാത്ത അവസ്ഥയാവും ഉണ്ടാവുക. പദ്ധതിയെ എതിർക്കുന്നവരെ വികസന വിരോധികളായും ദേശവിരുദ്ധരുടെ അനുയായികളായും മുഖ്യമന്ത്രി ചിത്രീകരിക്കുകയാണ്. കെ റെയിലിന് ബന്ദൽ സാധ്യത  ചർച്ച ചെയ്യാൻ പോലും പറ്റില്ലെന്ന സർക്കാർ നിലപാട് ബാലിശമാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ മറുപടിയിൽ സ്പീക്കർ നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.

മുഖ്യമന്ത്രിയുടെ വാക്കുകൾ – 

സംസ്ഥാനത്തെ ദേശീയ-സംസ്ഥാന പാതകളിലെ തിരക്കും അപകടങ്ങളും കുറക്കാൻ കെ-റെയിൽ സഹായിക്കും. യാത്രാ സമയം കുറക്കാനും കെ- റെയിൽ ഉപകരിക്കും. പശ്ചാത്തല വികസന മേഖലയിൽ വലിയ മാറ്റമായിരിക്കും പദ്ധതിയിലൂടെ ഉണ്ടാവുക. രാജ്യത്തെ എട്ട് സംസ്ഥാനങ്ങൾ ഇത്തരം സംരഭങ്ങൾ രൂപികരിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിൽ സുതാര്യമായ സമീപനമാണ് സംസ്ഥാന സർക്കാരിന്റേത്. ഭൂമിയേറ്റെടുക്കാൻ ആധുനിക സംവിധാനമാണ് ഏർപ്പെടുത്തുന്നത്. എല്ലാ ചട്ടങ്ങളും മാർഗ്ഗനിർദേശങ്ങളും ഇക്കാര്യത്തിൽ പാലിക്കും. നഷ്ടപരിഹാരം സമയബന്ധിതമായി നൽകും. പദ്ധതിക്കായി 9314 കെട്ടിടങ്ങൾ ഒഴിപ്പിക്കേണ്ടി വരും. സ്ഥലമേറ്റെടുപ്പിന് കേന്ദ്രസർക്കാരിൻ്റെ അംഗീകാരം കിട്ടിയിട്ടുണ്ട്. പദ്ധതിക്ക് റെയിൽവേയുടെ തത്വത്തിലുള്ള അനുമതിയുമുണ്ട്.  വിദേശ വായ്പ ലഭ്യമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കുമെന്ന വാദത്തിൽ അടിസ്ഥാനമില്ല. പശ്ചാത്തല സൗകര്യ വികസനം വരുമാനം വർദ്ധിപ്പിക്കും. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് കെ-റെയിൽ പദ്ധതിയുടെ ഭൂരിഭാഗം അലൈൻമെൻ്റും കടന്നു പോകുന്നത്. ഭൂമിയേറ്റെടുക്കുമ്പോൾ ഹെക്ടറിന് 9 കോടി നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.  115 കിലോ മീറ്റർ പാടങ്ങളിലൂെട പദ്ധതി  കടന്നു പോകന്നുണ്ട് ഇതിൽ 88 കിലോമീറ്ററും എലിവേറ്റഡ് പാതയായിട്ടാവും നിർമ്മിക്കുക. കെ റെയിൽ പദ്ധതിക്ക് പരിസ്ഥിതി ആഘാത പഠനം അനിവാര്യമല്ല. എങ്കിലും സെന്റർ ഫോർ എൻവയർമെറ്റൽ സ്റ്റഡീസ് പാരിസ്ഥിതിക ആഘാതപഠനം നടത്തിയിട്ടുണ്ട്.

പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കും.  പബ്ലിക് ഹിയറിംഗ് നടത്തും. കെ റെയിലിനെക്കുറിച്ച് അനാവശ്യ ആശങ്ക പരത്തുന്ന പ്രചരണം ഒഴിവാക്കണം.  പദ്ധതിയെ അട്ടിമറിക്കാനുള്ള പ്രചരണം വികസനത്തെ പിന്നോട്ട് നയിക്കും. സെമി ഹൈസ്പീഡ് അതിവേഗ റെയിലിനേക്കാൾ ലാഭകരമാണ്.  നിർമാണ ചെലവും യാത്രാ നിരക്കും പകുതി മാത്രം മതിയാവും. ഹൈസ്പീഡ് റെയിൽ ഒരു കിലോമീറ്റർ പണിയണമെങ്കിൽ 280 കോടി രൂപ വേണം എന്നാൽ  സെമി ഹൈസ്പീഡ് നിർമ്മാണത്തിന് കിലോമീറ്ററിന് 120 കോടി രൂപ മതി. ഇക്കാര്യം കണക്കിലെടുത്താണ് സെമി ഹൈസ്പീഡ് മതിയെന്ന് തീരുമാനിച്ചത്.

ഭൂമിയുടെ പേരിൽ വികാരപരമായ ഇടപെടലുണ്ടാകും. ആ പ്രയാസം  ലഘൂകരിക്കും. ആരുടേയും ഭൂമി കവർന്നെടുക്കില്ല.  63,940 കോടി  രൂപയാണ് കെ റെയിൽ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചിലവ്. സ്ഥലമേറ്റെടുക്കലിലും ഉദാരമായ സമീപനം സർക്കാർ സ്വീകരിക്കും.  ഗ്രാമീണ മേഖലയിൽ വിപണി വിലയുടെ നാലിരട്ടി വരെ നഷ്ടപരിഹാരമായി നൽകും.നഗര മേഖലയിൽ രണ്ടിരട്ടിയും സ്ഥലമുടമകൾക്ക് ലഭിക്കും. കെറെയിൽ പദ്ധതിക്ക് റെയിൽവേ തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. അന്തിമ അനുമതിയും വൈകാതെ കിട്ടും. പദ്ധതിയെക്കുറിച്ച് യാതൊരു ആശങ്കയും വേണ്ട. പദ്ധതി ജനം നല്ല പോലെ സ്വീകരിക്കും. നിയമസഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യേണ്ടതില്ല.

എംകെ മുനീർ  – 

ജനങ്ങളുടെ ആശങ്കയാണ് പ്രതിപക്ഷം ഇവിടെ പങ്കുവയ്ക്കുന്നത്. ഭൂമിക്ക് വേണ്ടിയുള്ള സമരമാണ് ബംഗാളിലെ ഇടത് ഭരണത്തിന് അവസാനം കുറിച്ചത്. “നിങ്ങൾ കൊയ്യും വയലെല്ലം ജൈക്ക കൊണ്ടുപോകും” എന്നായി മുദ്രാവാക്യം.

വിഡി സതീശൻ –

വികസനത്തിന്റെ പേരിലുള്ള ബുൾഡോസിംഗ് ആണ് കെ റെയിൽ പദ്ധതി. പദ്ധതിയെ എതിർക്കുന്നവർക്ക് ദേശവിരുദ്ധരും സാമൂഹ്യ വിരുദ്ധരുമായി ബന്ധമുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മോദിയുടെ നിലപാടാണിത്, ഏകാധിപതിയുടെ നിലപാട്. വികസന വിരോധികൾ എന്ന തൊപ്പി നിങ്ങൾക്കാണ് ചേരുന്നത്. ഒരു ലക്ഷത്തി ഇരുപത്തി നാലായിരം കോടി കേരളം പദ്ധതിക്കായി കണ്ടെത്തേണ്ടി വരും. പദ്ധതിക്കായി നടത്തിയ ഏരിയൽ സർവ്വേ കൃത്യമല്ല. ഇരുപതിനായിരത്തിലധികം കുടുംബങ്ങൾ പദ്ധതിക്കായി ഒഴിയേണ്ടി വരും.സമഗ്ര പാരിസ്ഥിതിക സാമൂഹിക ആഘാത പഠനം ഇതുവരെ നടത്തിയിട്ടില്ല. കെ റെയിൽ നടപ്പാക്കിയാൽ ഇനിയൊരു  പ്രളയം വന്നാൽ വെള്ളം ഒലിച്ചു പോകുന്നത് തടയപ്പെടുന്ന അവസ്ഥയുണ്ടാവും. മുഖ്യമന്ത്രിയുടെ മറുപടി നിരാശാജനകമാണ്.  ബദൽ പദ്ധതി ചർച്ച ചെയ്യാൻ തയ്യാറല്ലാത്ത നിലപാട്  അംഗീകരിക്കാനാകില്ല.

- Advertisement -

- Advertisement -

- Advertisement -

Comments are closed.