above post ad local

ഏക ആശ്രയമായിരുന്ന മകളെ സഹപാഠി കൊലപ്പെടുത്തി; നിഥിനയുടെ അമ്മയ്ക്കുവേണം സമൂഹത്തിന്റെ കരുതല്‍

കോട്ടയം: രോഗങ്ങളും കടബാധ്യതയും ഒരുവശത്ത്. ഏക ആശ്രയമായിരുന്ന മകളുടെ അകാലവിയോഗം മുറിപ്പാടായി ഉള്ളില്‍. പാലാ സെയ്ന്റ് തോമസ് കോളേജ് വളപ്പില്‍, സഹപാഠി കൊലപ്പെടുത്തിയ നിഥിനയുടെ അമ്മ ബിന്ദുവിന് വേണ്ടത് സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയാണ്. നിലവില്‍ ചില സംഘടനാ സഹപ്രവര്‍ത്തകരും ജനപ്രതിനിധികളും സഹായവുമായി ഒപ്പമുണ്ടെങ്കിലും 10 ലക്ഷം രൂപയെങ്കിലും ഈ അമ്മയ്ക്ക് വേണം.

തലയോലപ്പറമ്പ് കളപ്പുരയ്ക്കല്‍ കെ.ബിന്ദുവിന്റെ മകള്‍ നിഥിനാമോള്‍ (22) ഒക്ടോബര്‍ ഒന്നിനാണ് കോളേജ് വളപ്പില്‍ കൊല്ലപ്പെട്ടത്. കോളേജിലേക്ക് ഇറങ്ങുംമുമ്പും അമ്മയും മകളും സംസാരിച്ചത് ബാങ്കിലെ ബാധ്യത തീര്‍ക്കാനുള്ള വഴികളായിരുന്നു. ബാങ്കിലേക്ക് പോകാന്‍ ബിന്ദുവിനെ ബസ് സ്റ്റോപ്പിലിറക്കിയാണ് നിഥിന സ്‌കൂട്ടറില്‍ കോളേജിലേക്ക് തിരിച്ചത്. അമ്മയെ ഫോണില്‍ വിളിച്ച മകള്‍ അവസാനം പറഞ്ഞത് അഭിഷേക് ബൈജു, തന്നെ തടഞ്ഞുവെച്ചിരിക്കുന്നെന്ന പരാതിയാണ്.

പിന്നെ കേട്ടത് മകളുടെ നിലവിളിയാണെന്ന് അമ്മ പറഞ്ഞു. മകളുടെ അന്ത്യനിമിഷങ്ങളായിരുന്നു അതെന്ന് അമ്മ ഒരിക്കലും കരുതിയില്ല. സഹപാഠി മകളുടെ ജീവനെടുത്തെന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാന്‍ വിഷമിക്കുന്ന ഈ അമ്മ, മകള്‍ കണ്ട സ്വപ്നങ്ങളാണ് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഏറെ ആശയോടെയാണ് ഇവര്‍ തലയോലപ്പറമ്പ് കോരിക്കലില്‍ അഞ്ചുസെന്റ് സ്ഥലം വാങ്ങിയത്. മുന്‍ ഉടമ തലയോലപ്പറമ്പ് ഫാര്‍മേഴ്‌സ് ബാങ്കില്‍ ഭൂമി ഈടുവെച്ച് വായ്പ എടുത്തത് ഇവര്‍ അറിഞ്ഞിരുന്നില്ല. മുന്‍ഉടമ വരുത്തിയ ബാധ്യത ബിന്ദു വീട്ടണം എന്നായിരുന്നു ബാങ്കിന്റെ ആവശ്യം. ഇതില്‍ ബിന്ദു നല്‍കിയ പരാതികളില്‍ അനുകൂല തീരുമാനം വന്നെങ്കിലും ബാങ്ക് ബാധ്യതയില്‍നിന്ന് ഒഴിവാക്കിയിട്ടില്ല.

ബിന്ദുവിന്റെ വൃക്ക, കരള്‍, ശ്വാസകോശം എന്നിവയ്ക്ക് രോഗമാണ്. ഇതിനെല്ലാം ദീര്‍ഘനാളത്തെ ചികിത്സയും വേണം. പഠിച്ച് നല്ലൊരു ജോലികിട്ടിയാല്‍ കടം വീട്ടാനും അമ്മയെ ചികിത്സിക്കാനും കഴിയുമെന്ന് നിഥിന എപ്പോഴും പറയുമായിരുന്നു.

ബിന്ദുവിന്റെ ബാങ്ക് വിവരം: ബാങ്ക് ഓഫ് ബറോഡ, വൈക്കം ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍-30580100004769, ഐ.എഫ്.എസ്.കോഡ്-barb0vaikom

- Advertisement -

- Advertisement -

- Advertisement -

Comments are closed.