above post ad local

സര്‍ക്കാരിന് വന്‍ തിരിച്ചടി: ഇ.ഡിക്കെതിരായ രണ്ട് കേസുകളും റദ്ദാക്കി

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്.ഐ.ആറുകളും അന്വേഷണവും ഹൈക്കോടതി റദ്ദാക്കി. ഇ.ഡി ആവശ്യം അംഗീകരിച്ചാണ് നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളും റദ്ദാക്കിയത്. കേസിലെ തുടർനടപടികളും റദ്ദാക്കിയിട്ടുണ്ട്.

ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാൻ പ്രതികളുടെ മേൽ ഇ.ഡി ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തി എന്നായിരുന്നു എഫ്.ഐ.ആർ. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകൾ പ്രത്യേക കോടതി പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ക്രൈംബ്രാഞ്ച് ശേഖരിച്ച മൊഴി അടക്കം മുദ്രവച്ച കവറിൽ ഹാജരാക്കാനും ഹൈക്കോടതി നിർദേശിച്ചു.

ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ ഫയൽചെയ്ത ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുണാണ് വിധിപറഞ്ഞത്.

മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പങ്കുണ്ടെന്ന് പറയാൻ ഇ.ഡി. ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് പ്രതികളായ സ്വപ്നയുടെയും സന്ദീപ് നായരുടെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.

ഉന്നതരിലേക്ക് അന്വേഷണം എത്തുന്നത് തടയാനാണ് ഈ നീക്കമെന്നാണ് ഇ.ഡി. ഹർജിയിൽ ഉന്നയിച്ചത് എന്നാൽ അന്വേഷണത്തിന്റെ പേരിൽ ഉന്നതസ്ഥാനത്തുള്ളവരെ കുടുക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നതെന്നായിരുന്നു ക്രൈംബ്രാഞ്ച് നിലപാട്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.