മതവിശ്വാസം തെരഞ്ഞെടുപ്പ് വിഷയമാക്കാൻ യുഡിഎഫും ബിജപിയും മത്സരിക്കുന്നതാണ് കണ്ടത്. വർഗീയ ധ്രുവീകരണവും സാമ്പത്തിക പരിഷ്കാരവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുമെന്ന് എൻ.എസ്.എസിനെപ്പോലുള്ള സമുദായ സംഘടനകൾ നോക്കുന്നില്ല. ആർ.എസ്.എസിന്റെ തീവ്ര ഹിന്ദുത്വ പദ്ധതിയുമായും സാമ്പത്തിക ഉദാരവൽക്കരണവുമായും സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാൻ സമുദായ സംഘടനകൾ ശ്രമിക്കുന്നത്, അവർ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും താൽപ്പര്യത്തിന് എതിരായിരിക്കുമെന്ന് സുകുമാരൻ നായരെപ്പോലുള്ള നേതാക്കൾ മനസ്സിലാക്കണം.
എൻ.എസ്.എസ്. സ്വീകരിച്ചിരുന്ന സമദൂരം എന്ന നയം വിട്ട് ഇടതുപക്ഷവിരുദ്ധ പ്രതിലോമ രാഷ്ട്രീയത്തിന്റെ കൂടെ ചേരാൻ എൻ.എസ്.എസിന് കഴിയില്ലെന്നാണ് കരുതുന്നത്. കാരണം, സ്വന്തം സമുദായത്തിലെ പാവപ്പെട്ടവരും സാധാരണക്കാരും അത് അംഗീകരിക്കില്ല. അതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ സുകുമാരൻ നായർ എടുത്ത നിലപാടിനൊപ്പം നായർ സമുദായം ഉണ്ടാകില്ലെന്ന് വോട്ടെണ്ണുമ്പോൾ വ്യക്തമാകുമെന്ന് പറഞ്ഞത്.സമുദായ സംഘടനകളോട് ശത്രുതാപരമായ നിലപാട് ഒരുകാലത്തും സി.പി.എം. സ്വീകരിച്ചിട്ടില്ലെന്നും അവരോട് ഏറ്റുമുട്ടുക എന്നത് സി.പി.എമ്മിന്റെ നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനു മുമ്പിൽ എൻ.എസ്.എസ്. ഉന്നയിച്ച ആവശ്യങ്ങളും പരാതികളും അനുഭാവപൂർവം പരിഗണിക്കുകയാണുണ്ടായത്. എന്നാൽ ഒരു ജാതി-മത സംഘടനയുടെയും അനാവശ്യ സമ്മർദത്തിന് വഴങ്ങാൻ എൽ.ഡി.എഫ്. സർക്കാർ തയ്യാറായിരുന്നില്ല. തുടർന്നും അതുതന്നെയായിരിക്കും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
- Advertisement -
Comments are closed.