above post ad local

ധാര്‍മികതയുടെ മൂടുപടമിടാനുളള ശ്രമം അപഹാസ്യം; മുഖ്യമന്ത്രിയും രാജിവെക്കണം-വി.മുരളീധരൻ

തിരുവനന്തപുരം:രാജി പ്രഖ്യാപനത്തിലൂടെ രാഷ്ട്രീയ ധാർമികതയുടെ മൂടുപടമിടാനുളള കെ.ടി.ജലീലിന്റെ ശ്രമം അങ്ങേയറ്റം അപഹാസ്യമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. സത്യപ്രതിജ്ഞാലംഘനം കെ.ടി.ജലീൽ മാത്രമല്ല മുഖ്യമന്ത്രിയും നടത്തിയിട്ടുണ്ട്. അതിനാൽ ജലീൽ മാത്രം രാജിവെക്കുക എന്നുളളത് എന്ത് ധാർമികതയാണെന്നും അദ്ദേഹം ചോദിച്ചു. ധാർമികതയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.’ഈ കേസിൽ സത്യപ്രതിജ്ഞാലംഘനം കെ.ടി.ജലീൽ മാത്രമല്ല മുഖ്യമന്ത്രിയും നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഉൾപ്പടെ അംഗീകരിച്ചതിന് ശേഷമാണ് നിയമനം നടന്നത് എന്നതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. കൈയോടെ പിടിക്കപ്പെട്ടപ്പോൾ നിവൃത്തികേടുകൊണ്ട് കസേരയിലെ പിടിവിടുകയാണ് ചെയ്തത്. മാധ്യമവേട്ടയും ഇരവാദവും ഉയർത്തിയാണ് ജലീൽ ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാൻ ശ്രമിക്കുന്നത്.

രാഷ്ട്രീയ ധാർമികതയുടെ മൂടുപടമിടാനുളള ശ്രമം അങ്ങേയറ്റം അപഹാസ്യമാണ്. ജലീലിന്റെ ധാർമികത എല്ലാവർക്കും അറിവുളളതാണ്. കോൺസുലേറ്റുമായിട്ടുളള പതിവിൽ കവിഞ്ഞ അടുപ്പം, മതഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്നതിലെ പങ്കാളിത്തം ഇങ്ങനെയുളള എല്ലാ വിഷയങ്ങളിലും ചോദ്യം ചെയ്യാൻ വേണ്ടി അന്വേഷണ ഏജൻസി വിളിപ്പിച്ചപ്പോൾ തലയിൽ മുണ്ടിട്ട് പോയ ആളാണ് ഇപ്പോൾ ധാർമികത പ്രസംഗിക്കുന്നത്. അന്നെല്ലാം മുഖ്യമന്ത്രി കെ.ടി.ജലീലിനെ പിന്തുണയ്ക്കുകയായിരുന്നു, ന്യായീകരിക്കുകയായിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനമെടുക്കാതിരുന്നത് മുഖ്യമന്ത്രിക്ക് കൂടി പങ്കുളളതുകൊണ്ടാണെന്ന് ഞാൻ നേരത്തേ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് കെ ടി ജലീൽ എന്ന സംശയം പിന്നീട് വ്യക്തമായി. മുഖ്യമന്ത്രി അടക്കം ഒപ്പിട്ടിട്ടാണ് ഈ തീരുമാനം നടപ്പായത് അപ്പോൾ ജലീൽ മാത്രം രാജിവെക്കുക എന്നുളളത് എന്ത് ധാർമികതയാണ്. ധാർമികതയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയും രാജിവെക്കണം.’ മുരളീധരൻ പറഞ്ഞു.മുഖ്യമന്ത്രിയെ രക്ഷിക്കുന്നതിനാണ് ബന്ധുനിയമനം പാടില്ലെന്ന് നിയമത്തിൽ പറഞ്ഞിട്ടില്ലെന്ന പ്രസ്താവന എ.കെ.ബാലൻ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ‘മാർക്സിസ്റ്റ് നയരേഖ പറയുന്നത് സ്വജനപക്ഷപാതം അഴിമതിയാണെന്നാണ്. അത് ലംഘിച്ചയാളെ പിന്തുണച്ച് എ.കെ.ബാലൻ മുന്നോട്ടുവന്നത് ജലീലിനെ രക്ഷിക്കാനല്ല മുഖ്യമന്ത്രിയെ രക്ഷിക്കാനാണ്.അതുകൊണ്ട് ജലീലിന്റെ രാജി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുളള ശ്രമമാണ്. ഇതുകൊണ്ട് കേരളത്തിലെ ജനങ്ങൾ തൃപ്തരാവില്ല. മുഖ്യമന്ത്രി രാജിവെച്ചാലേ ലോകായുക്ത നടത്തിയ പരാമർശത്തിന്റെ ശരിയായ അർഥത്തിൽ പരിഹാരം ഉണ്ടാകൂ.’ മുരളീധരൻ കൂട്ടിച്ചേർത്തു

- Advertisement -

- Advertisement -

- Advertisement -

Comments are closed.