above post ad local

‘സിമി’യില്‍നിന്ന് ലീഗിലേക്ക്‌, സ്വതന്ത്രനായി ഇടതു മന്ത്രിസഭയില്‍; ഇപ്പോള്‍ പുറത്തേക്ക്

സിമിയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച് ലീഗിലൂടെ ഉയർന്ന് ഇടതുപക്ഷത്തിനൊപ്പം ചേർന്ന് എംഎൽഎയും മന്ത്രിയുമായി ഉയർന്ന നേതാവാണ് കെ.ടി ജലീൽ. ചരിത്രത്തിൽ ഗവേഷണ ബിരുദം നേടിയ ജലീൽ തിരൂരങ്ങാടി പിഎസ്എംഒ കോളേജ് അധ്യാപകനും ഗ്രന്ഥകാരനുമാണ്. വിദ്യാർഥി കാലം മുതൽ വിവിധ രാഷ്ട്രീയ പന്ഥാവുകളിലൂടെ സഞ്ചരിച്ചിട്ടുള്ള നേതാവാണ് അദ്ദേഹം.

കെ.ടി കുഞ്ഞുമുഹമ്മദിന്റെയും പാറയിൽ നഫീസയുടെയും മകനായി തിരൂരിൽ ജനിച്ച ജലീൽ കുറ്റിപ്പുറം ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നാണ് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് എന്നിവിടങ്ങളിലായിരുന്നു തുടർ പഠനം.

എം.ഫിൽ പൂർത്തിയാക്കിയ ശേഷം കേരള സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി എടുത്ത ജലീൽ നിലവിൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ചരിത്രാധ്യാപകനാണ്. മുഖ്യധാര മാഗസിൻ എഡിറ്റർ, കാലിക്കറ്റ് സിൻഡിക്കേറ്റംഗം, നോർക്ക റൂട്ട്സ് ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. വളാഞ്ചേരി ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലായ എം.പി ഫാത്തിമയാണ് ഭാര്യ. അസ്മ ബീവി, മുഹമ്മദ് ഫാറൂഖ്, സുമയ്യ ബീഗം എന്നിവരാണ് മക്കൾ.

സിമിയിൽനിന്ന് ലീഗിലേക്ക്

 

സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) എന്ന തീവ്രനിലപാടുകളുള്ള സംഘടനയിൽ പ്രവർത്തിച്ചുകൊണ്ടാണ് കെ.ടി. ജലീൽ രാഷ്ട്രീയ പ്രവർത്തന രംഗത്തെത്തുന്നത്. 1988-ൽ തിരൂരങ്ങാടി പി.എസ്എം.ഒ. കോളേജിൽ ഡിഗ്രി വിദ്യാർഥിയായിരുന്ന കാലത്ത് ‘സിമി’ സ്ഥാനാർഥിയായി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റു. പിറ്റേ വർഷവും യൂണിയൻ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും വീണ്ടും തോറ്റു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ‘സിമി’ നേതൃത്വവുമായി ഇടയുകയും പിന്നീട് പുറത്താക്കപ്പെടുകയും ചെയ്തു. പിന്നീടാണ് മുസ്ലിം ലീഗിന്റെ വിദ്യാർഥി സംഘടനയായ എം.എസ്എഫിൽ ചേരുന്നത്.

മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. കുറ്റിപ്പുറത്തുനിന്ന് ജില്ലാ കൗൺസിലിലേയ്ക്ക് വിജയിച്ചു. പിന്നീട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി. കുറ്റിപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. പിന്നീട് പാർട്ടിയുടെ സ്വേച്ഛാധിപത്യ ഭരണത്തിൽ അതൃപ്തി രേഖപ്പെടുത്തി ലീഗിൽനിന്ന് പുറത്ത് പുറത്തുപോവുകയും ഇടതുപക്ഷത്തിനൊപ്പം ചേരുകയുമായിരുന്നു. നേതൃത്വവുമായുള്ള തർക്കങ്ങളാണ് ഇതിലേയ്ക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്.

ലീഗിനോട് തെറ്റി ഇടതുപക്ഷത്തേക്ക്

 

മലപ്പുറത്ത് ലീഗിനെ പിടിച്ചു കെട്ടുകയെന്ന അജണ്ടയുമായി 2006-ൽ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയ ഇടതുപക്ഷം കുറ്റിപ്പുറത്ത് ലീഗിന്റെ അതികായൻ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കാൻ കെ.ടി. ജലീലിനെ രംഗത്തിറക്കി. അന്ന് കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി കെ.ടി. ജലീൽ രാഷ്ട്രീയത്തിൽ തന്റെ സ്ഥാനമുറപ്പിച്ചു. വിമാനം ചിഹ്നത്തിൽ മത്സരിച്ച ജലീലിന്റെ വിജയത്തിൽ കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്ക്രീം പാർലർ പെൺവാണിഭക്കേസ് ആരോപണവും നിർണായകമായി. സി.പി.എം. അംഗമല്ലാതിരുന്നിട്ടും പാരമ്പര്യമുള്ള പാർട്ടി പ്രവർത്തകനെപ്പോലെയാണ് ഇടതുപക്ഷം അന്ന് ജലീലിനെ നെഞ്ചിലേറ്റിയത്.

ജലീലെന്ന ഇടതു സ്വതന്ത്രന്റെ രാഷ്ട്രീയ ജീവിതം മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയോടുള്ള മധുരപ്രതികാരം കൂടിയായിരുന്നു. ലീഗിൽ തന്നെ തുടരുകയാണെങ്കിൽ ഒരു പക്ഷേ ഒരു എം.എൽ.എ സ്ഥാനത്തിനപ്പുറം ജലീലിന് ഉയരാനാകുമായിരുന്നില്ല. എന്നാൽ, സ്വതന്ത്രന്റെ കുപ്പായമണിഞ്ഞ് ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അവസരങ്ങൾ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തിയാണ് ജലീൽ രാഷ്ട്രീയ ജീവിതത്തിൽ വിജയമധുരം നുണഞ്ഞത്.

 

2011-ൽ തിരൂർ മണ്ഡലം പുനർനിർണയിച്ച് തിരൂരിലെ വിവിധ പഞ്ചായത്തുകൾ കൂട്ടിച്ചേർത്ത് തവനൂർ മണ്ഡലം രൂപീകരിച്ചു. പുതിയ മണ്ഡലത്തിൽ മത്സരിക്കാൻ സി.പി.എം നിയോഗിച്ചത് കെ.ടി ജലീലിനെയായിരുന്നു. അങ്ങനെ ഗ്യാസ് സിലിണ്ടർ ചിഹ്നത്തിൽ മത്സരിച്ച ജലീൽ കോൺഗ്രസിന്റെ വി.വി പ്രകാശിനെ 6,854 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി തവനൂരിന്റെ ആദ്യ എം.എൽ.എ. ആയി.

 

ഓട്ടോയിൽനിന്ന് സ്റ്റേറ്റ് കാറിലേയ്ക്ക്

2016-ലെ തിരഞ്ഞെടുപ്പിൽ ജലീലിന്റെ ഹാട്രിക് വിജയമായിരുന്നു തവനൂരുനിന്ന് ലഭിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി. ഇഫ്തിഖറുദ്ദീനെ 2011-നേക്കാൾ കൂടുതൽ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി ജലീൽ വിജയമാവർത്തിച്ചു. ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിച്ച് മന്ത്രിക്കസേരയിലെത്തിയ ജലീലിന്റെ വിജയത്തെ സോഷ്യൽ മീഡിയ ഓട്ടോറിക്ഷയിൽ നിന്ന് മന്ത്രിക്കാറിലേക്ക് എന്നാണ് വിശേഷിപ്പിച്ചത്.

പിണറായി വിജയൻ മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ആണ് ജലീലിന് ലഭിച്ചത്. എന്നാൽ രണ്ടര വർഷത്തിനു ശേഷം ഈ വകുപ്പ് മാറ്റി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നൽകി.

 

ബന്ധുനിയമന വിവാദം

മന്ത്രിസ്ഥാനത്തെത്തിയ ശേഷം ജലീൽ ഉൾപ്പെട്ട ആദ്യ വിവാദം ബന്ധുനിയമന ആരോപണമായിരുന്നു. യൂത്ത് ലീഗാണ് ജലീലിനെതിരെ ബന്ധുനിയമനാരോപണം ഉയർത്തിയത്. പിതൃസഹോദര പുത്രനായ കെ.ടി അദീപ് എന്നയാളെ ഡെപ്യൂട്ടേഷൻ എന്ന പേരിൽ ചട്ടങ്ങൾ മറികടന്ന് ന്യൂനപക്ഷ ധനകാര്യ കോർപറേഷനിലെ ജനറൽ മാനേജരായി നിയമിച്ചുവെന്നായിരുന്നു ആരോപണം.

സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്ന് സർക്കാർ ധനകാര്യ സ്ഥാപനത്തേക്ക് ഡെപ്യൂട്ടേഷൻ വഴി ഒരു വ്യക്തിയെ നിയമിക്കാൻ ഏതെങ്കിലും തരത്തിലുള്ള സ്പെഷ്യൽ റൂളോ മറ്റോ ഇല്ലെന്നും ഈ സ്ഥാനത്തിനാവശ്യമായ വിദ്യാഭ്യാസ യോഗ്യത ഇയാൾക്കില്ലെന്നും ആരോപണം ഉയർന്നു.

 

മാർക്ക് ദാന ആരോപണം

ഉന്നത വിദ്യാഭ്യാസ വകുപ്പ് ചുമതലയിലിരിക്കെ എംജി സർവകലാശാലയിലെ വിദ്യാർഥികൾക്ക് അദാലത്ത് നടത്തി മാർക്ക് ദാനം ചെയ്തു എന്നതായിരുന്നു ഇത്തവണത്തെ ആരോപണം. കൊല്ലം ടികെഎം എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥിക്കുവേണ്ടി മന്ത്രി ജലീൽ ഇടപെട്ടുവെന്നാണ് ആരോപണം ഉയർന്നത്. മാനുഷിക പരിഗണന പരിഗണിച്ചാണ് വിഷയത്തിൽ ഇടപെട്ടതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

മന്ത്രി പങ്കെടുത്ത അദാലത്ത് ക്രമവിരുദ്ധമാണെന്ന് ചാൻസിലർ കൂടിയായ ഗവർണർ വ്യക്തമാക്കിയിരുന്നു. പിന്നീട് ദാനം നൽകിയ മാർക്ക് പിൻപലിക്കുകയും ആദ്യം ലഭിച്ച മാർക്കാക്കി തിരുത്താൻ സർവകലാശാല പ്രത്യേക ഉത്തരവിറക്കുകയും ചെയ്തു.

 

മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കൽ

തിരൂരിലെ മലയാള സർവകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്ത നടപടിയിൽ കോടിക്കണക്കിന് രൂപയുടെ കമ്മീഷൻ പറ്റുന്ന വിധത്തിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. സെന്റിന് മൂവായിരം രൂപ മതിപ്പുവിലയുള്ള ഭൂമി ഒരു ലക്ഷത്തി അറുപതിനായിരം രൂപയ്ക്ക് വാങ്ങിയെന്നായിരുന്നു ആരോപണം.

- Advertisement -

- Advertisement -

- Advertisement -

Comments are closed.