above post ad local

കേരള മോഡൽ എന്നും ബദൽ; അതാണ് വീഴ്ചയെങ്കിൽ, അഭിമാനിക്കുന്നു: നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് തിരിച്ചടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് വ്യാപിക്കുന്നത് സംബന്ധിച്ച വിമർശനങ്ങൾക്ക് രൂക്ഷ മറുപടിയുമായി മുഖ്യമന്ത്രി. കൊവിഡ് പ്രതിരോധത്തില്‍ കേരള മാതൃക തെറ്റാണെന്നാണ് പറയുന്നവർ പിന്നെ ഏതു മാതൃകയാണ് സ്വീകരിക്കേണ്ടത് എന്നുകൂടി പറയണമെന്ന് പിണറായി ചിന്ത വാരികയിൽ എഴുതി. കേരളത്തിൽ ഒരാൾ പോലും പ്രതിസന്ധി കാലത്ത് വിശന്ന് ഉറങ്ങേണ്ടി വന്നില്ല. ലഭിച്ചതിലധികം വാക്സീൻ വിതരണം ചെയ്തു. മൃതദേഹങ്ങൾ നദികളിൽ ഒഴുകുന്ന സ്ഥിതിയുണ്ടായില്ല, ഒരാൾക്ക് പോലും ചികിത്സ കിട്ടാതിരുന്നില്ല എന്നിങ്ങനെ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ കണക്കറ്റ് വിമർശിച്ചുമാണ് ലേഖനം.

കൊവിഡിന്‍റെ ഭാഗമായുണ്ടായ പ്രതിസന്ധിയുടെ കാലത്തും സംസ്ഥാനത്ത് ഭരണസ്തംഭനം ഉണ്ടായില്ലായെന്നും വികസന – ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ നടന്നുവെന്നും പിണറായി വിജയൻ ലേഖനത്തിൽ എഴുതി. രാജ്യത്ത് കൊവിഡിന് ഏറ്റവും മികച്ച ചികിത്സ കേരളത്തിൽ ഉറപ്പാക്കി. ചികിത്സ കിട്ടാതെ ഒരാളും ഇവിടെ മരണപ്പെട്ടില്ല. ചികിത്സയെ കുറിച്ച് പരാതി ഉയർന്നില്ല. രണ്ടാം തരംഗം അപ്രതീക്ഷിതമായിരുന്നു. മൂന്നാം തരംഗത്തെ നേരിടാനും കേരളം ഇന്ന് സജ്ജമാണെന്നും മുഖ്യമന്ത്രി പറയുന്നു.

കൊവിഡിന്‍റെ ഫലമായി കേരളത്തില്‍ ഒരാള്‍ക്കു പോലും വിശന്ന് അന്തിയുറങ്ങേണ്ടി വന്നിട്ടില്ല. അത് ഭരണസംസ്കാരത്തിലെ മാറ്റമാണ്. കഴിയാവുന്ന വിധത്തില്‍ സംസ്ഥാനത്തിന്‍റെ സാമ്പത്തിക അടിത്തറ സംരക്ഷിച്ചു നിര്‍ത്താനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൊവിഡ് പ്രതിരോധത്തില്‍ നമ്മുടെ മാതൃക തെറ്റാണെന്നാണ് ഇവര്‍ പറയുന്നത്. പിന്നെ ഏതു മാതൃകയാണ് നാം സ്വീകരിക്കേണ്ടത്. കേരളത്തില്‍ ഒരാള്‍ പോലും ഓക്സിജന്‍ കിട്ടാതെ മരിച്ചിട്ടില്ല. കേരളത്തില്‍ ആര്‍ക്കും ആരോഗ്യസേവനങ്ങള്‍ ലഭ്യമാകാതിരിക്കുകയോ അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രിയില്‍ കിടക്ക ലഭിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. മൂന്ന് സീറോ പ്രിവലെന്‍സ് സര്‍വ്വേകളാണ് ഇന്ത്യയില്‍ ഇതുവരെ നടത്തപ്പെട്ടത്. മൂന്നിലും ഏറ്റവും കുറവ് ആളുകള്‍ക്ക് രോഗബാധയുണ്ടായ സംസ്ഥാനം കേരളമാണ്. വാക്സീനേഷന്‍റെ കാര്യത്തിലും കേരളം മാതൃക കാട്ടി. ഒറ്റ തുള്ളി വാക്സിന്‍ പോലും നഷ്ടപ്പെടുത്തിയില്ലെന്ന് മാത്രമല്ല, ഓരോ വയലിലും ശേഷിച്ച ഡോസുകൂടി ഉപയോഗിച്ച് നമ്മള്‍ ജനങ്ങളെ വാക്സിനേറ്റ് ചെയ്തു. അങ്ങനെ ലഭിച്ചതിലുമധികം വാക്സിനുകള്‍ നല്‍കിയ ഏക സംസ്ഥാനമായി കേരളം മാറി.

സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 0.5 ശതമാനത്തിലും താഴെയാണ്. രാജ്യത്തെ ആകെ മരണനിരക്കിന്‍റെ മൂന്നിലൊന്ന് മാത്രമാണത്. ആയിരക്കണക്കിന് മൃതദേഹങ്ങള്‍ അനാഥപ്രേതങ്ങളെപ്പോലെ നദികളില്‍ ഒഴുകി നടക്കുന്നതും തീയണയാത്ത ചുടലപ്പറമ്പുകളും ഈ രാജ്യത്തുതന്നെ നാം കണ്ടതാണ്. കേരളത്തിൽ മരണപ്പെട്ട ഒരാളെപ്പോലും തിരിച്ചറിയാതെ ഇരുന്നിട്ടില്ല, ഒരു മൃതദേഹവും അപമാനിക്കപ്പെട്ടില്ല. കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് തയ്യാറെടുപ്പുകള്‍ നടത്തിയതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങള്‍ക്കുവരെ ഓക്സിജന്‍ നല്‍കാന്‍ നമുക്കായത്. ഇത്തരത്തില്‍ ലഭ്യമായിരിക്കുന്ന സംവിധാനങ്ങളെ കവച്ചുവെയ്ക്കുന്ന രീതിയില്‍ മഹാമാരിയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന്‍റെ കഴിവിലും ഉപരിയായി പ്രവര്‍ത്തിച്ചു എന്നതാണ് അവര്‍ പ്രചരിപ്പിക്കുന്ന വീഴ്ചയെങ്കില്‍, ആ വീഴ്ച വരുത്തിയതില്‍ ഈ സര്‍ക്കാര്‍ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ ഈ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും കൈക്കൊണ്ട നിലപാടുകള്‍ എന്തായിരുന്നുവെന്നും ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്നവരാണ് ദുരിതവേളകളില്‍ ഭക്ഷ്യകിറ്റ് കൊടുത്തപ്പോള്‍ അത് തടയാൻ കോടതിയില്‍ പോയത്. എസ്എസ്എല്‍സി പരീക്ഷ നടത്തിയപ്പോള്‍ സര്‍ക്കാരിന് ഭ്രാന്താണെന്നു വിളിച്ചുകൂവി. സങ്കുചിത രാഷ്ട്രീയത്തിന്‍റെ ഭൂതക്കണ്ണാടിയിലൂടെയല്ലാതെ കാര്യങ്ങളെ കാണാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിരുന്നെങ്കിലെന്ന് ജനങ്ങള്‍ ആശിച്ച സന്ദര്‍ഭങ്ങളാണ് അതൊക്കെ.

അനാവശ്യ വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുത്ത് ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്താന്‍ ഈ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. നാടിന്‍റെ വികസനത്തോടൊപ്പം മൂന്നാം തരംഗത്തെ നേരിടാനുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടപ്പാക്കുകയാണ്. ഇതിനായി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും പ്രത്യേകമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കും. നിലവിലുള്ള ഓട്ടോക്ലേവ് റൂമുകളെ സെന്‍ട്രല്‍ സ്റ്റെറൈല്‍ സപ്ലൈ ഡിപ്പാര്‍ട്ടുമെന്‍റുകളായി പരിവര്‍ത്തിപ്പിക്കുകയാണ്. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി പീഡിയാട്രിക് ഐസിയുകളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുകയും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും പീഡിയാട്രിക് ഐസിയു വാര്‍ഡുകള്‍ ഒരുക്കുന്നതിനും തുടക്കമിട്ടിട്ടുണ്ട്.

തദ്ദേശീയമായി വാക്സീന്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളും കേരളം നടത്തുന്നുണ്ട്. വേണ്ടത്ര വാക്സീന്‍ ഉത്പാദനം ഇല്ലാത്തതാണ് വാക്സീന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് നാം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കു കാരണം. ഇനിയൊരു ഘട്ടത്തില്‍ ഇത്തരം പകര്‍ച്ചവ്യാധികളെ അതിജീവിക്കണമെങ്കില്‍ വാക്സീന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട തനത് ശേഷികള്‍ വികസിപ്പിക്കേണ്ടിയിരിക്കുന്നു. അതിനാണ് കേരളം ശ്രമിക്കുന്നത്. കേരള മോഡല്‍ എന്നുമൊരു ബദല്‍ കാഴ്ചപ്പാടാണ് ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. ഈ കൊവിഡ് മഹാമാരിയുടെ ഘട്ടത്തിലും സര്‍ക്കാരിന്‍റെ ഉത്തരവാദിത്തം ഊട്ടിയുറപ്പിക്കുന്ന ബദല്‍ കാഴ്ചപ്പാടാണ് കേരളം മുന്നോട്ടുവെച്ചത്. ആ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ നിന്നും ഒരിഞ്ചുപോലും സര്‍ക്കാര്‍ പുറകോട്ടു പോകില്ലെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.