above post ad local

ലോകായുക്ത വിധിക്കെതിരേ ജലീലിന് നിയമപരമായി നീങ്ങാം – കോടിയേരി

തിരുവനന്തപുരം: ലോകായുക്ത വിധിക്കെതിരേ മന്ത്രി കെ.ടി ജലീലിന് നിയമപരമായ തുടർനടപടി സ്വീകരിക്കാമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. ലോകായുക്തയ്ക്ക് മുകളിലാണ് ഹൈക്കോടതി. ഹൈക്കോടതിയിൽ റിട്ട് നൽകാനുള്ള അവകാശം ജലീലിനുണ്ട്.

അതുസംബന്ധിച്ച യുക്തമായ തീരുമാനം അദ്ദേഹത്തിന് എടുക്കാമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ട്. നിയമവശങ്ങൾ പരിശോധിച്ച് ആവശ്യമായ സമയത്ത് യുക്തമായ തീരുമാനമെടുക്കും.

നേരത്തെ ഇ.പി ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചത് ജലീലിന്റെ വിഷയവുമായി താരതമ്യം ചെയ്യാനാകില്ല. ഇ.പി ജയരാജൻ സ്വന്തമായി നിലപാടെടുത്ത് രാജി സന്നദ്ധത അറിയിക്കുകയാണ് ഉണ്ടായത്. ജയരാജന്റെ പേരിൽ കേസുപോലും ഉണ്ടായിരുന്നില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

“കോൺഗ്രസിൽ വലിയ തർക്കം തുടങ്ങിയിരിക്കുന്നു. വലിയ ഉരുൾപൊട്ടലാണ് കോൺഗ്രസിൽ ഉണ്ടാകാൻ പോകുന്നത്. കോൺഗ്രസ് മത്സരിച്ച മണ്ഡലത്തിൽതന്നെ കൈപ്പത്തി പോസ്റ്റർ തൂക്കിവിറ്റുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. കോൺഗ്രസ് അങ്ങേയറ്റം പാപ്പരത്തത്തിൽ പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണിത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പുതന്നെ ഇതാണ് അവസ്ഥയെങ്കിൽ ഫലം വന്നതിനുശേഷം എന്തായിരിക്കും സ്ഥിതി. കോൺഗ്രസുകാരെ പാർട്ടിയിൽതന്നെ നിലനിർത്താൻ കോൺഗ്രസ് പരിശ്രമിക്കണം.

തിരഞ്ഞെടുപ്പിൽ ബിജെപിയും യുഡിഎഫും തമ്മിൽ അണിയറ നീക്കങ്ങൾ നടത്തിയിട്ടുണ്ട്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ പാർട്ടിവിരുദ്ധ പ്രവർത്തനം നടന്നുവെന്ന് സംശയിക്കുന്നുവെന്ന മുല്ലപ്പള്ളിയുടെ പരാമർശം അതിന്റെ തെളിവാണ്. എൽഡിഎഫിന് തുടർഭരണം ഉണ്ടാകില്ലെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസും പറഞ്ഞു. അദ്ദേഹത്തിന് അത് എങ്ങനെ പറയാൻ സാധിക്കും. യുഡിഎഫും ബിജെപിയും തമ്മിൽ അണിയറ നീക്കങ്ങൾ നടന്നുവെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

എന്തെല്ലാം വോട്ടുകച്ചവടം നടത്തിയാലും എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടും. അവിശുദ്ധ കൂട്ടുകെട്ടിനെതിരെ നേരത്തെതന്നെ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ പാർട്ടി പ്രപവർത്തകർ ജാഗ്രതയോടെ പ്രവർത്തിച്ചു”.

വോട്ടുകച്ചവടം നടന്നുവെങ്കിലും അതൊന്നും തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്നും കോടിയേരി അവകാശപ്പെട്ടു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.