above post ad local

‘ഇ ബുൾ ജെറ്റ്’ യൂട്യൂബ് ചാനലിലെ അവതാരകർക്കായി അലറുന്നവർ അറിയണം : ഉള്ളിലായത് മോടിപിടിപ്പിച്ചതിനല്ല, അതിക്രമത്തിനാണ്‌

പത്തുലക്ഷത്തിലേറെ കാഴ്ചക്കാരുള്ള ‘ഇ ബുൾ ജെറ്റ്’ യൂട്യൂബ് ചാനലിലെ അവതാരകരെ മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ അതിക്രമംകാട്ടിയതിന്റെ പേരിൽ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. വാൻ ലൈഫ് ഇന്ത്യ എന്ന പേരിൽ വാനിൽ യാത്രകൾ നടത്തുന്ന ഇരിട്ടി കിളിയന്തറ വിളമനയിൽ നെച്ചിയാട്ട് എബിൻ വർഗീസ് (25), സഹോദരൻ ലിബിൻ വർഗീസ് (24) എന്നിവരാണ് പിടിയിലായത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി -രണ്ട് റിമാൻഡ് ചെയ്ത പ്രതികളെ സബ് ജയിലിലേക്ക് മാറ്റി.

ഇവർ ഉപയോഗിച്ചിരുന്ന ‘നെപ്പോളിയൻ’ വാഹനം നിയമലംഘനത്തിന്റെ പേരിൽ ഗതാഗതവകുപ്പ് പിടിച്ചെടുത്തിരുന്നു. വാഹനത്തിന്റെ രേഖകൾ ഹാജരാക്കാനെന്ന പേരിൽ തിങ്കളാഴ്ച രാവിലെ എത്തിയ ഇവർ ആർ.ടി.ഒ. കൺട്രോൾ റൂമിലേക്ക് ഇരച്ചുകയറി വെഹിക്കിൾ ഇൻസ്പെക്ടർമാരെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് അറസ്റ്റ് ചെയ്തത്.

ഓഫീസിലുള്ളവർ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആക്രോശിച്ച് പാഞ്ഞടുത്ത ഇവർ ഭയാനകാന്തരീഷം സൃഷ്ടിക്കുകയായിരുന്നു. ആരാധകർ എന്ന പേരിൽ കുറെ ചെറുപ്പക്കാരും ഓഫീസ് പരിസരത്ത് തടിച്ചുകൂടി ബഹളംവെച്ചു. ഉദ്യോഗസ്ഥരുടെ പരാതിയിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർചെയ്തത്. ഇവരുടെ വാഹനത്തിന്റെ ആർ.സി. റദ്ദാക്കാൻ നടപടി തുടങ്ങിയതായി ഗതാഗതവകുപ്പ് അറിയിച്ചു.

ട്രാവലർ കാരവനാക്കി

ഇവരുപയോഗിക്കുന്ന ട്രാവലർ കാരവനാക്കി മാറ്റിയപ്പോൾ നികുതി പൂർണമായി അടച്ചില്ലെന്ന പരാതിയിൽ മോട്ടോർവാഹനവകുപ്പ് അധികൃതർ ശനിയാഴ്ച വൈകുന്നേരം കിളിയന്തറയിലെ വീട്ടിൽനിന്ന് വാഹനം കസ്റ്റഡിയിലെടുത്ത് കണ്ണൂരിലെത്തിച്ചിരുന്നു. പിന്നാലെ വന്ന എബിനും ലിബിനും രേഖകൾ അടുത്തദിവസം കൊണ്ടുവരാമെന്നും തത്കാലം വാഹനം വിട്ടുതരണമെന്നും ആവശ്യപ്പെട്ടതിനാൽ രാത്രി വിട്ടുകൊടുത്തു. വാഹനം കിട്ടിയതിനുപിന്നാലെ ഇവരുടെ ആരാധകരെന്ന് പറയുന്നവർ വകുപ്പിനെയും പോലീസിനെയും അസഭ്യം പറഞ്ഞ് വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

ഇതുകണ്ട ട്രാൻസ്പോർട്ട് കമ്മിഷണർ വാഹനം പിടിച്ചെടുക്കാനും രേഖകൾ ശരിയാക്കിയശേഷം മാത്രം വിട്ടുകൊടുത്താൽ മതിയെന്നും നിർദേശിച്ചു. ഇതേത്തുടർന്ന് ഞായറാഴ്ച വൈകുന്നേരം ഉദ്യോഗസ്ഥർ വീണ്ടും പോയി വാഹനം കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ ഓഫീസിൽ മാധ്യമപ്രവർത്തകരോട് ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് എബിനും ലിബിനും പാഞ്ഞുവരികയായിരുന്നു. എബിൻ തന്റെ പക്കലുണ്ടായിരുന്ന രണ്ട് ഫോണിലൂടെയും ബഹളംവയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ ലൈവായി പ്രചരിപ്പിക്കുകയുംചെയ്തു. വിവരമറിഞ്ഞ് എസ്.ഐ. ടി.വി. ബിജു പ്രകാശിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസെത്തി ഇരുവരെയും അറസ്റ്റ്ചെയ്ത് ടൗൺ സ്റ്റേഷനിലേക്ക് മാറ്റി.

പിഴ 43,400 രൂപ

വിശദപരിശോധനയിൽ വാഹനത്തിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മുന്നിൽ മാത്രം കൂടുതലായി ഒൻപത് ലൈറ്റുകൾ പിടിപ്പിച്ചു. പിന്നിൽ സൈക്കിൾസ്റ്റാൻഡുകളും ഏണിയും ഘടിപ്പിച്ചിരുന്നു. ആർ.സി. ബുക്കിൽ വണ്ടിയുടെ നിറം വെള്ളയെന്നാണെങ്കിലും യഥാർഥത്തിൽ കറുപ്പാണ്. അനുമതിയില്ലാത്ത കൂളിങ് ഫിലിം ഒട്ടിക്കുകയും പിന്നിലെ ബ്രേക്ക്ലൈറ്റ് അവ്യക്തമാകുന്ന മറപിടിപ്പിക്കുകയുംചെയ്തു. മാധ്യമപ്രവർത്തകരല്ലാതിരുന്നിട്ടും പ്രസ് ബോർഡും വെച്ചു. എല്ലാം ചേർത്ത് 43,400 രൂപയാണ് പിഴയടയ്ക്കേണ്ടത്.

കേസ് ജാമ്യമില്ലാവകുപ്പ് പ്രകാരം

ജാമ്യമില്ലാവകുപ്പുകൾ ഉൾപ്പടെ ആറ് വകുപ്പുകൾ പ്രകാരമാണ് എബിന്റെയും ലിബിന്റെയും പേരിൽ കേസെടുത്തത്. ആർ.ടി.ഒ. ഓഫീസിൽ 7000 രൂപയുടെ നാശനഷ്ടം വരുത്തിയതായാണ് പരാതി. ഇതുപ്രകാരം പൊതുമുതൽ നശീകരണം തടയൽ നിയമത്തിലെ 3(1) വകുപ്പ് പ്രകാരം കേസുണ്ട്. ഒൻതുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് മൂന്നുവർഷംവരെ തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി. 353-ാം വകുപ്പും ചുമത്തി. ഇവ രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ്.

മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ വധഭീഷണി മുഴക്കിയതിന് ഐ.പി.സി. 506, ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതിന് ഐ.പി.സി. 341, അതിക്രമിച്ചുകയറിയതിന് ഒരുവർഷംവരെ തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി. 448 എന്നീ വകുപ്പുകൾ പ്രകാരവും ആറുമാസം തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കേരള പോലീസ് ആക്ടിലെ സാംക്രമികരോഗനിയന്ത്രണ നിയമപ്രകാരവും ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് മുന്നിലും പരിസരത്തും കൂടിനിന്ന് ബഹളമുണ്ടാക്കിയ ഇവരുടെ ആരാധകരായ 24 പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.