above post ad local

ഒരുമിച്ചു താമസിക്കുന്നവരെ വിവാഹിതർക്കു തുല്യമായി കാണണം- ഹൈക്കോടതി

കൊച്ചി:വിവാഹിതരാകാതെ ഒരുമിച്ചു താമസിക്കുന്ന സ്ത്രീപുരുഷന്മാരെ വിവാഹിതരെപ്പോലെ കണക്കാക്കണമെന്ന് ഹൈക്കോടതി. ഇവരുടെ കുഞ്ഞുങ്ങളുടെ അവകാശത്തിൽ വിവാഹിത ദമ്പതിമാരുടേതിൽനിന്നു വ്യത്യാസങ്ങൾ പാടില്ലെന്നും കോടതി പറഞ്ഞു.

വിവാഹിതരാകാതെ ഒരുമിച്ചു താമസിച്ചവർക്കുണ്ടായ കുഞ്ഞിനെ അമ്മ ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ചു. കുഞ്ഞിനെ സമിതി ദത്തുനൽകി. എന്നാൽ, കുഞ്ഞിനെ തിരികെക്കിട്ടണമെന്ന് ജന്മംനൽകിയ മാതാപിതാക്കൾ നൽകിയ അപേക്ഷയിൽ കുഞ്ഞിനെ അവർക്കു തിരികെനൽകാൻ കോടതി നിർദേശിച്ചു. ബാലനീതി നിയമപ്രകാരം കുഞ്ഞിന്റെ സംരക്ഷണകാര്യങ്ങളിൽ അവിവാഹിത ദമ്പതിമാർക്ക് പൂർണ അവകാശമുണ്ടെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.

ബാലനീതി നിയമം കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ളതാണെന്ന് കോടതി ഓർമപ്പെടുത്തി. ജന്മം നൽകിയ മാതാപിതാക്കൾക്ക് കുഞ്ഞിനുമേൽ സ്വാഭാവികമായ അവകാശമുണ്ട്. നിയമപരമായ വിവാഹം നിർബന്ധമല്ല.

സംഭവം ഇങ്ങനെ

2018-ലെ പ്രളയദുരിതാശ്വാസ പ്രവർത്തനത്തിനിടെ പരിചയപ്പെട്ട ജോണും അനിതയും (ശരിയായ പേരല്ല) അടുപ്പത്തിലായി. വീട്ടുകാർ എതിർത്തു. വിവാഹം വീട്ടുകാർകൂടി സമ്മതിച്ചശേഷമെന്ന തീരുമാനത്തിൽ ഒരുമിച്ചു താമസിച്ചു. 2020 ഫെബ്രുവരി മൂന്നിന് അനിത പെൺകുഞ്ഞിനു ജന്മംനൽകി. ജോലിയാവശ്യത്തിനായി കേരളത്തിനു പുറത്തുപോയ ജോൺ അനിതയുമായി അകന്നു.

അനിത മേയ് എട്ടിന് കുഞ്ഞിനെ ജില്ലാ ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ചു. അതിനിടെ കുഞ്ഞിന്റെ അവകാശം സമിതിക്കു നൽകുന്ന രേഖയിൽ അനിത ഒപ്പുവെച്ചു. അനിതയെ ‘അവിവാഹിത അമ്മ’യായി കണക്കാക്കിയാണ് ദത്തിനുള്ള പ്രഖ്യാപനത്തിന് ശിശുക്ഷേമ സമിതി സ്വീകരിച്ചത്.

ഓഗസ്റ്റ് 17-ന് കുഞ്ഞിനെ ദത്തുനൽകുന്നതിനുള്ള രേഖ തയ്യാറായി. 2021 ഫെബ്രുവരി രണ്ടിന് കുഞ്ഞിനെ ദത്തുനൽകി. ഇതിനുശേഷമാണ് അനിതയും ജോണും ചേർന്ന് കുഞ്ഞിനെ തങ്ങൾക്കു തിരികെ നൽകണമെന്ന അപേക്ഷയുമായി കോടതിയെ സമീപിച്ചത്. അത് റിവിഷൻ ഹർജിയായി സ്വീകരിച്ചാണ് കോടതിയുടെ ഉത്തരവ്.

കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ മാതാപിതാക്കളായി ഇരുവരുടെയും പേരുണ്ട്. അതിനാൽ കുഞ്ഞിനെ ദത്ത് നൽകാനുള്ള രേഖ അന്തിമമാക്കുംമുമ്പ് സമിതി ഇരുവരുടെയും സമ്മതം തേടേണ്ടിയിരുന്നുവെന്ന് കോടതി പറഞ്ഞു. ഇവിടെ മാതാവിന്റെ മാത്രം സമ്മതമേ ലഭിച്ചിട്ടുള്ളൂ. അതിനാൽ ദത്തും നിയമപരമല്ല.

തനിച്ചുള്ള അമ്മമാരെ പിന്തുണയ്ക്കാൻ പദ്ധതി വേണം -കോടതി

അമ്മ മാത്രമായി കുഞ്ഞിനെ വളർത്തുമ്പോൾ പിന്തുണയ്ക്കാൻ സർക്കാർ സംവിധാനമുണ്ടാക്കണമെന്ന് ഹൈക്കോടതി. കുഞ്ഞിന്റെ പിതാവ് വിട്ടുപോകുന്നതോടെ മാതാവ് സമൂഹത്തിന്റെ എതിർപ്പ് നേരിട്ട് ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയുണ്ടാകരുത്. പുരുഷന്റെ പിന്തുണയില്ലാതെ നിലനില്പില്ലെന്ന് സ്ത്രീക്കു തോന്നിയാൽ അവിടെ പരാജയപ്പെടുന്നത് സമൂഹമാണ് -കോടതി നിരീക്ഷിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.