above post ad local

റാങ്ക് ലിസ്റ്റ് നീട്ടില്ല: സമരം ചെയ്തവരെല്ലാം പുറത്ത്, നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം:ഓഗസ്റ്റ് നാലിനു റദ്ദാകുന്ന പി.എസ്.സി.യുടെ 492 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് ഉറപ്പായക്കി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. കാലാവധി നീട്ടാൻ സർക്കാരിൽനിന്ന് പ്രത്യേകിച്ച് ശുപാർശയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ റദ്ദാകുന്ന പ്രധാന തസ്തികകളുടെയെല്ലാം പുതിയ റാങ്ക്പട്ടിക തയ്യാറാക്കുന്ന നടപടികളുമായി മുന്നോട്ടുപോകാൻ പി.എസ്.സി. യോഗം തീരുമാനിച്ചു. ഇതോടെ, റാങ്ക് ജേതാക്കൾ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തുന്ന സമരം ലക്ഷ്യം കാണില്ലെന്ന് ഉറപ്പായി.

എൽ.ഡി. ക്ലാർക്ക്, ഡ്രൈവർ, വനിതാ സിവിൽ പോലീസ് ഓഫീസർ തുടങ്ങി റദ്ദാകുന്ന പ്രധാന തസ്തികകളുടെയെല്ലാം പുതിയ റാങ്ക്പട്ടിക തയ്യാറാക്കുന്ന നടപടികളുമായി മുന്നോട്ടുപോകാനാണ് പി.എസ്.സി. യോഗത്തിൽ തീരുമാനമായത്.

റാങ്ക്‌ പട്ടികയിലുള്ള അവസാനത്തെ ആൾക്കുവരെ നിയമനം നൽകുന്ന അശാസ്ത്രീയ സമീപനം സ്വീകരിക്കാൻ സർക്കാരിനാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. സർക്കാർ തൊഴിൽരഹിതർക്കൊപ്പമാണ്. എന്നാൽ, റാങ്ക്‌ പട്ടികയിലുള്ളവരെക്കാൾ എത്രയോപേർ പുറത്തുനിൽപ്പുണ്ടെന്ന കാര്യമോർക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതിനാൽ തന്നെ പട്ടികകളുടെ കാലാവധി നീട്ടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമനം വേഗത്തിലാക്കാൻ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് സമരംചെയ്ത റാങ്ക് പട്ടികയിലുള്ളവരോട് പ്രതികാരബുദ്ധിയോടെയുള്ള സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടിട്ടും നടപടി സ്വീകരിക്കാതെ അപ്പീൽ നൽകുകയാണ്‌. റാങ്ക് പട്ടികയിലുള്ളവർക്കു നിയമനം നൽകാതെ പാർട്ടിക്കാർക്കു പിൻവാതിൽ നിയമനം നൽകുകയാണെന്ന്‌ ആരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിക്കുകയാണുണ്ടായത്.

ട്രിബ്യൂണൽ ഉത്തരവിനെതിരേ അപ്പീൽ പോകുന്നത് സാധാരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പട്ടികകളുടെ കാലാവധി അവസാനിക്കുന്നതു വരെയുള്ള മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ നിർദേശം നൽകിയിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.