above post ad local

‘മംഗള’യ്ക്കായി പ്രത്യേകം കാടൊരുക്കും

0

കുമളി:മംഗളാദേവി വനമേഖലത്തിൽ കണ്ടെത്തുമ്പോൾ അവൾക്ക് 60 ദിവസം മാത്രമായിരുന്നു പ്രായം. അമ്മയില്ലാതെ അവശയായിരുന്നു ആ കടുവക്കുഞ്ഞ്. വനപാലകർ അവളെ ഏറ്റെടുത്തു. മംഗളാവനത്തിൽനിന്ന് കിട്ടിയതിനാൽ മംഗളയെന്ന് വിളിച്ചു. നാലരമാസത്തിനിപ്പുറം അവൾക്ക് ഇരതേടൽ പരിശീലനം നൽകാനുംമറ്റുമായി പെരിയാർ കടുവാസങ്കേതത്തിൽ പ്രത്യേകം കാട് ഒരുക്കുകയാണ്.

2020 നവംബർ 21-നാണ് പെൺകടുവക്കുഞ്ഞിനെ വനപാലകർ കണ്ടെത്തുന്നത്. ആരോഗ്യനില വളരെ മോശമായിരുന്നു. തള്ളക്കടുവയെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

തുടർന്ന് കുഞ്ഞിനെ സംരക്ഷിക്കാൻ പെരിയാർ കടുവാസങ്കേതം അധികൃതർ തീരുമാനിക്കുകയായിരുന്നു. പിന്നെ, അവൾക്കായി പരിശീലനക്കളരി ആരംഭിച്ചു. മനുഷ്യമണം കിട്ടിയ കടുവ കാടുകയറിയാലും നാട്ടിലേക്ക് തിരികയെത്താൻ സാധ്യതയുണ്ട്. മനുഷ്യരുമായി അടുക്കാതിരിക്കാൻ വനത്തിലുള്ള കരടിക്കവലയിലായിരുന്നു പരിശീലനം.

ചിട്ടയായ തീറ്റയ്ക്കൊപ്പം പരിശീലനംകൂടിയായതോടെ, മംഗളയുടെ ആരോഗ്യം മെച്ചപ്പെട്ടു. ഇനി കാട്ടിലേക്ക് ഇറക്കാം.

എന്നാൽ, കടുവക്കുഞ്ഞിനെ മറ്റ് മൃഗങ്ങൾ ആക്രമിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ്, മംഗള കൂടുതൽ ശക്തയാകുന്നതുവരെ വളർത്താൻ സുരക്ഷിതവനം ഒരുക്കുന്നത്. കാട്ടിനുള്ളിലെ ഒന്നരയേക്കർ സ്ഥലം ഇരുമ്പുവേലി കെട്ടിത്തിരിച്ച് അവിടെ കടുവാക്കുഞ്ഞിനെ തുറന്നുവിടും.

ഇതിനുള്ളിലേക്ക് ചെറിയ ജീവികളെ കയറ്റിവിട്ട് ഇരതേടാൻ പരിശീലിപ്പിക്കും. പരിശീലനം പൂർത്തിയാക്കിയാൽ പെരിയാർ കടുവാസങ്കേതത്തിലേക്ക് മംഗളയെ തുറന്നുവിടുമെന്ന് പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ സുനിൽ ബാബു പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.