above post ad local

കയ്യാങ്കളി കേസ്: സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമല്ല; രാജി ആവശ്യം മുഖ്യമന്ത്രി തള്ളി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ സര്‍ക്കാര്‍ നടപടി ഒരിക്കലും നിയമവിരുദ്ധമല്ലെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷത്തിന്റെ രാജി ആവശ്യവും മുഖ്യമന്ത്രി തള്ളി. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.

രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് പി.ടി തോമസ് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു. മുഖ്യമന്ത്രി. നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടി ഒരു തരത്തിലും നിയമവിരുദ്ധമാകില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെങ്കിലും സുപ്രീം കോടതി വിധി അനുസരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടിയന്തര പ്രമേയം സംബന്ധിച്ച് ആദ്യം വിശദീകരണം നടത്തിയത് മുഖ്യമന്ത്രിയാണ്. ഈ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ നിയമ വിരുദ്ധമായെന്നുമില്ല. അതുതന്നെ സര്‍ക്കാരിന് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയും കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് ജില്ലാകളക്ടര്‍മാരെ അറിയിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കേസ് പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിയത്. വിചാരണ കോടതി ഇതുപക്ഷേ അംഗീകരിച്ചില്ല. തുടര്‍ന്ന് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് ഫയല്‍ ചെയ്തു. അതില്‍ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടി ഒരു തരത്തിലും നിയമവിരുദ്ധമല്ല. സര്‍ക്കാര്‍ നടപടിയെ അസാധാരണമായി കാണാനും ആകില്ല.

തെളിവുകളോ മറ്റുവിഷയങ്ങളോ പിന്‍വലിക്കല്‍ അപേക്ഷയ്ക്ക് അടിസ്ഥാനമാക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പബ്ലിക്ക് പ്രോസിക്യൂട്ടറുടെ അപേക്ഷ ദുരുദ്ദേശപരമല്ലെന്ന് ഹൈക്കോടതി വിധി വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് വനിതാ അംഗങ്ങള്‍ ഉന്നയിച്ച പരാതി പരിഗണിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറായില്ലെന്ന ആക്ഷേപം കൂടി മുഖ്യമന്ത്രി ഉന്നയിച്ചു.

ഇത് സംബന്ധിച്ച് സര്‍ക്കാരിന് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടത്തി കേസ് പിന്‍വലിക്കുന്നതിന് സര്‍ക്കാരിന് എതിര്‍പ്പില്ലായെന്ന് തിരുവനന്തപുരം ജില്ലാ കളക്ടറെ അറിയിക്കുകയുണ്ടായി. അതേതുടര്‍ന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കുകയും ചെയ്തു. പ്രോസിക്യൂഷന്റെ നിര്‍ദ്ദേശത്തെ വിചാരണ കോടതി അംഗീകരിച്ചില്ല.

ഇതിനെതിരെ ഹൈക്കോടതിയിലും തുടര്‍ന്ന് സുപ്രീംകോടതിയിലും കേസ് ഫയല്‍ ചെയ്യപ്പെട്ടു. ഹൈക്കോടതി കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയില്ലെങ്കിലും പ്രോസിക്യൂട്ടറുടെ നടപടിയില്‍ യാതൊരു അസ്വഭാവികതയും കണ്ടിരുന്നില്ല. ഇവിടെ ഉയര്‍ന്നുവന്നത് കേസ് പിന്‍വലിക്കലിനെ സംബന്ധിച്ചുള്ള നിയമപ്രശ്നമാണ്. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് എല്ലാ അവകാശവുമുണ്ട്.

ഇക്കാര്യത്തില്‍ അനുമതി നല്‍കുമ്പോള്‍ കോടതി ഒരു മേല്‍നോട്ട ചുമതലയാണ് വഹിക്കുന്നതെന്നും സുപ്രീംകോടതി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു കേസ് പിന്‍വലിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഇതിന്റെ എറ്റവും പ്രധാനമായ കാരണം പൊതുതാത്പര്യം) ആണ്. ഒരു കാലഘട്ടത്തില്‍ ചില പ്രശ്നങ്ങള്‍ ഉയര്‍ത്തിയ പ്രക്ഷുബ്ധമായ അന്തരീക്ഷം ഉണ്ടായപ്പോള്‍ നടന്ന ചില സംഭവങ്ങള്‍ ആസ്പദമാക്കി എടുക്കുന്ന കേസുകള്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കാന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് എല്ലാ അവകാശങ്ങളും ഉണ്ട്. കേസിലെ തെളിവുകളോ മറ്റു വിഷയങ്ങളോ കേസ് പിന്‍വലിക്കാന്‍ നല്‍കുന്ന അപേക്ഷയ്ക്ക് അടിസ്ഥാനമാകണമെന്നില്ല.

സംസ്ഥാനത്തെ/രാജ്യത്തെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം പ്രക്ഷുബ്ധമല്ലാതാകുമ്പോള്‍ പഴയ സംഭവങ്ങള്‍ ആസ്പദമാക്കി എടുത്ത കേസുകള്‍ മുന്നോട്ടുപോകേണ്ടതില്ലായെന്ന തീരുമാനം നിയമപരമായ തെറ്റല്ല. ഇത്തരമൊരു അപേക്ഷ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നല്‍കിയത് ദുരുദ്ദേശപരമല്ലെന്നും മറ്റു കാരണങ്ങള്‍ കൊണ്ടല്ലന്നും ബഹു. ഹൈക്കോടതി വിധിന്യായത്തില്‍ നേരത്തെ പറഞ്ഞിട്ടുമുണ്ട്.

പരമോന്നത നീതിപീഠത്തിന്റെ വിധി അംഗീകരിക്കുകയാണ്. തുടര്‍ നടപടികള്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോവും. സുപ്രീംകോടതി വിധി അനുസരിക്കാന്‍ നാമെല്ലാവരും ബാധ്യസ്ഥരാണ്.

ഒരു എംഎല്‍എയുടെ പേരിലും നിയമസഭയിലെ പ്രതിഷേധങ്ങളിലും ക്രിമിനല്‍ കേസ് എടുക്കുന്ന രീതി പൊതുവേ രാജ്യത്ത് ഉണ്ടായിട്ടില്ല.

ഇന്ത്യന്‍ നിയമസഭയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഒരു രീതി പിന്തുടരാനാണ് യുഡിഎഫ് ശ്രമിച്ചതെന്ന് കാണാവുന്നതാണ്. നിയമസഭയുടെ പ്രിവിലേജുമായി ബന്ധപ്പെട്ട സംവിധാനത്തെ നിലനിര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിച്ചിട്ടുള്ളൂ. ആര്‍ക്കെങ്കിലും എതിരെ ഒരു കേസ് നിയമസഭയ്ക്കകത്തെ പ്രവര്‍ത്തനത്തിന്റെ പേരില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

കാലാകാലങ്ങളിലുണ്ടാവുന്ന പല പ്രശ്നങ്ങളുടെയും അടിസ്ഥാനത്തില്‍ സമൂഹത്തിലും സ്ഥാപനങ്ങളിലും ചിലപ്പോള്‍ പാര്‍ലമെന്റിലും നിയമനിര്‍മ്മാണ സഭകളിലും പ്രതിഷേധത്തിന്റെ അലകള്‍ ഉയരാറുണ്ട്. സമരങ്ങളും പ്രശ്നങ്ങളും തീരുമ്പോള്‍ സാധാരണഗതിയില്‍ തന്നെ അതിനോടനുബന്ധിച്ചുണ്ടായ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് അനുമതി നല്‍കുന്നതും അവ പിന്‍വലിക്കാന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയുടെ അനുമതി തേടുന്നതും ഈ സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ ചരിത്രത്തില്‍ ആദ്യമായല്ല. ഇതൊരു പുതിയ സംഭവമാണെന്ന തരത്തില്‍ പര്‍വ്വതീകരിച്ച് ചിത്രീകരിക്കുന്നത് യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. നിയമസഭയെ സംബന്ധിച്ച് പൊതുവില്‍ രാജ്യത്താകമാനം സ്വീകരിക്കുന്ന നയം കേരള നിയമസഭയ്ക്ക് ബാധകമാവേണ്ടതില്ലായെന്ന നയം നമ്മുടെ അന്തസ്സ് തകര്‍ക്കാനേ ഇടയാക്കുകയുള്ളൂവെന്ന് ഓര്‍ക്കണം.

അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് പി.ടി തോമസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ആണ് ഉന്നയിച്ചത്. വിചാരണകോടതി വിധി മുതല്‍ സുപ്രീം കോടതി വരെയുള്ള വിധിയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് കെ.എം മാണിയുടെ ആത്മാവായിരിക്കും ആന കരിമ്പില്‍ കാട്ടില്‍ കയറിയെന്ന വി. ശിവന്‍കുട്ടി സഭയില്‍ കയറിയെന്ന് തിരുത്തിപ്പറയണം. ശിവന്‍കുട്ടിയെ പോലെ ഒരാള്‍ക്ക് കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വം ഏറ്റെടുക്കാനാകുമോയെന്നും പി.ടി തോമസ് ചോദിച്ചു.

വി. ശിവന്‍കുട്ടിയെ പോലെ ഒരാള്‍ വിദ്യാഭ്യാസ മന്ത്രിയുടെ സ്ഥാനത്തിരിക്കുന്നത് എത്രമാത്രം ഗുണകരണമാകുമെന്ന ചോദ്യം പി.ടി തോമസ് ഉന്നയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.