above post ad local

ഇ.ഡി.ക്കെതിരായ ജുഡീഷ്യൽ കമ്മിഷൻ: അറിയേണ്ടത് നിയമസാധുത

0

കൊച്ചി: ഇ.ഡി. നടപടികളെക്കുറിച്ചു പരിശോധിക്കാൻ സംസ്ഥാനസർക്കാരിന് ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കാനാകുമോ എന്നതിൽ നിയമവിദഗ്ധർക്ക് വ്യത്യസ്ത അഭിപ്രായം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം പ്രവർത്തിക്കുന്ന ഇ.ഡി.ക്കെതിരേ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സംസ്ഥാനസർക്കാരിന് നിയമപരമായി കഴിയില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ ഒപ്പുവെച്ച കരാറുകളുടെ നടത്തിപ്പിന്റെ ഭാഗമായാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം നിലവിൽവരുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് ഇ.ഡി. അന്വേഷണം നടത്തുന്നത്.

1952-ലെ കമ്മിഷൻസ് ഓഫ് എൻക്വയറി ആക്ട് പ്രകാരമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജുഡീഷ്യൽ കമ്മിഷനെ നിയമിക്കുന്നത്. ഇത് ഭരണഘടനയുടെ ഏഴാമത്തെ പട്ടികയിൽ ഒാരോ സർക്കാരിനും അനുവദിച്ചിട്ടുള്ള വിഷയവുമായി ബന്ധപ്പെട്ടു മാത്രമേ സാധ്യമാകൂ. ഭരണഘടനയുടെ ഏഴാം പട്ടികയിൽ ലിസ്റ്റ് ഒന്ന്, രണ്ട്, മൂന്ന് എന്നിവയിൽ ഏതു വിഷയത്തിലും കേന്ദ്രസർക്കാരിന് അന്വേഷണ കമ്മിഷനെ നിയോഗിക്കാം.

എന്നാൽ, സംസ്ഥാന സർക്കാരിന് ലിസ്റ്റ് രണ്ട്, മൂന്ന് പട്ടികയിൽ ഉൾപ്പെട്ട വിഷയത്തിലേ കമ്മിഷനെ നിയമിക്കാനാകൂ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള അന്വേഷണം ലിസ്റ്റ് ഒന്നിൽ ഉൾപ്പെട്ട വിഷയമാണ്. അതിനാൽ ഇ.ഡി.ക്കെതിരായ അന്വേഷണത്തിന് സംസ്ഥാനസർക്കാരിന് ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കാനാകില്ലെന്നാണ് സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. എം.ആർ. അഭിലാഷ് പറഞ്ഞത്. ഇ.ഡി.യുടെ അന്വേഷണത്തിൽ അതൃപ്തിയുണ്ടെങ്കിൽ സർക്കാർ കോടതിയെയാണ് സമീപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ, കള്ളപ്പണ്ണം വെളുപ്പിക്കൽ നിയമപ്രകാരം നടത്തിയ അന്വേഷണത്തെക്കുറിച്ചല്ല ജുഡീഷ്യൽ അന്വേഷണം എന്നതാണ് സർക്കാർ നിലപാട്. ക്രിമിനൽ കുറ്റകൃത്യത്തിലേക്ക് മുഖ്യമന്ത്രിയടക്കമുള്ളവരെ വലിച്ചിഴയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ അടക്കമുള്ളവർ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നതാണ് അന്വേഷണ വിഷയം. ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ ഭാഗമാണത്. അത് ഭരണഘടനയുടെ ഏഴാം പട്ടികയിൽ ലിസ്റ്റ് മൂന്നിൽ ഉൾപ്പെട്ട വിഷയമാണെന്നും സർക്കാർവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

കമ്മിഷന് ആരെയും വിളിച്ചുവരുത്താം

കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടത്തിയ തന്ത്രപരമായ മറുനീക്കമാണ് കമ്മിഷന്റെ നിയമനമെന്ന വിലയിരുത്തലുമുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയമപരമായ ഏറ്റുമുട്ടലിന്റെ ഭാഗമാണിത്. ജുഡീഷ്യൽ കമ്മിഷന് ആരെയും വിളിച്ചുവരുത്താം. ഇ.ഡി. ഉദ്യോഗസ്ഥർക്കു പുറമേ കസ്റ്റംസ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്താം. ഇത് ഒഴിവാക്കണമെങ്കിൽ ഈ വിഷയം ഇ.ഡി.ക്ക് കോടതിയിൽ ചോദ്യംചെയ്തേ മതിയാകൂ.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.