above post ad local

മുട്ടില്‍ മരംമുറി: കേസുകളില്‍പ്പെട്ട കര്‍ഷകര്‍ അങ്കലാപ്പില്‍

0

കല്‍പറ്റ:മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യൂ പട്ടയഭൂമിയിലെ ഈട്ടിമരങ്ങള്‍ വിറ്റ കര്‍ഷകര്‍ അങ്കലാപ്പില്‍. പോലീസ്, വനം വകുപ്പുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിനു പുറമേ പൊതുമുതല്‍ നശിപ്പിച്ചതിനുള്ള കേസും തങ്ങള്‍ക്കെതിരെ ചുമത്തിയേക്കുമെന്ന ഭീതിയിലാണ് മരങ്ങള്‍ വിറ്റവര്‍. മരംമുറിയെക്കുറിച്ചുള്ള സംയുക്ത സംഘത്തിന്റെ അന്വേഷണവും കര്‍ഷകരെ അലട്ടുകയാണ്. സര്‍ക്കാര്‍തലത്തില്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വിവിധ കേസുകളില്‍ തടവ് അനുഭവിക്കാനും പിഴ ഒടുക്കാനും നിര്‍ബന്ധതിതരാകുമെന്നു അവര്‍ കരുതുന്നു.

സര്‍ക്കാരിനു ഉടമാവകാശമുള്ള മരങ്ങള്‍ മുറിച്ചതിനാണ് കര്‍ഷകര്‍ക്കെതിരെ വനം, പോലീസ് കേസുകള്‍. 42 കേസുകളാണ് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. മരങ്ങള്‍ വിറ്റവരും വാങ്ങിയവരും കേസില്‍ പ്രതികളാണ്. കലക്ടറേറ്റിലെ ഡപ്യൂട്ടി തഹസില്‍ദാരുടെ(എല്‍.എ.)പരാതിയില്‍ 68 പേര്‍ക്കെതിരെയാണ് പോലീസ് കേസ്. മോഷണത്തിനുള്ള വകുപ്പനുസരിച്ചാണ് ഇത്രയും പേര്‍ക്കെതിരെ കേസ്. പൊതുമുതലിന്റെ ഗണത്തില്‍പ്പെടുന്നതാണ് റവന്യൂ പട്ടയഭൂമിയിലെ റിസര്‍വ് മരങ്ങള്‍. മുറിക്കുകവഴി മരങ്ങളുടെ നാശമാണ് സംഭവിച്ചത്. അതിനാല്‍ പൊതുമുതല്‍ നശിപ്പിച്ചതിനുള്ള കേസും തങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‌തേക്കാമെന്നു കരുതുന്ന കര്‍ഷകര്‍ നിരവധിയാണ്.
മോഷണക്കുറ്റം തെളിഞ്ഞാല്‍ പ്രതികള്‍ ശിക്ഷ നേരിടേണ്ടിവരും. കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്താകും കോടതി ശിക്ഷ വിധിക്കുക. പൊതുമുതല്‍ നശിപ്പിച്ചതിനു കേസ് വരികയും അതു തെളിയുകയും ചെയ്താല്‍ വന്‍ തുക പിഴ ഒടുക്കേണ്ടിവരും. നശിച്ച മുതലിന്റെ മൂല്യം കണക്കാക്കിയാണ് കോടതി പിഴ നിശ്ചയിക്കുക. മേത്തരം ഈട്ടിത്തടി ക്യുബിക് മീറ്ററിനു ഏഴു ലക്ഷം രൂപ വരെയാണ് വില.
റവന്യൂ പട്ടയഭൂമിയിലെ ചന്ദനം ഒഴികെ വൃക്ഷങ്ങള്‍ മുറിക്കാന്‍ സര്‍ക്കാര്‍ അനുമതിയുണ്ടെന്ന മരക്കച്ചവടക്കാരും ഭൂവുടമകളുമായ ചിലരുടെ വാക്ക് വിശ്വസിച്ചാണ് കര്‍ഷകര്‍ മരങ്ങള്‍ വിറ്റത്. തുച്ഛമായ തുകയാണ് പലര്‍ക്കും ലഭിച്ചത്. ഈ വാദം കോടതിയില്‍ ഉന്നയിച്ചാല്‍ത്തന്നെ നിലനില്‍ക്കില്ലെന്നു നിയമരംഗത്തുള്ളവര്‍ പറയുന്നു. മരങ്ങള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതിയുണ്ടോ എന്നു ഉറപ്പുവരുത്തേണ്ടത് ഓരോ പട്ടയം ഉടമയുടെയും ഉത്തരവാദിത്തമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സഹായത്തിലാണ് കര്‍ഷകരുടെ പ്രതീക്ഷ. കേസുകള്‍ റദ്ദാക്കുന്നതിനു ശിപാര്‍ശ നല്‍കാന്‍ സര്‍ക്കാരിനു അധികാരമുണ്ട്. സര്‍ക്കാര്‍ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അപേക്ഷിക്കുന്ന മുറയ്ക്കാണ് കേസുകള്‍ കോടതി റദ്ദാക്കുക. കേസുകള്‍ സംബന്ധമായ സര്‍ക്കാര്‍ ശിപാര്‍ശകള്‍ സാധാരണഗതിയില്‍ കോടതി അംഗീകരിക്കാറുണ്ട്. ചില കേസുകളില്‍ സര്‍ക്കാര്‍ ശിപാര്‍ശ തള്ളാറുമുണ്ട്.
മുട്ടില്‍ സൗത്ത് വില്ലേജില്‍ റിസര്‍വ് മരങ്ങള്‍ വിറ്റ കര്‍ഷകര്‍ക്കെതിരായ കേസുകള്‍ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്. കര്‍ഷക കൂട്ടായ്മകള്‍ക്കു പുറമേ വിവിധ രാഷ്ട്രീയ കക്ഷികളും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്.
റവന്യൂ പട്ടയഭൂമിയിലെ വൃക്ഷവില അടച്ചതും സ്വയം കിളര്‍ത്തതും നട്ടുവളര്‍ത്തിയതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിക്കുന്നതിനു അനുമതി നല്‍കി 2020 ഒക്ടോബര്‍ 24നാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയത്. കര്‍ഷക താത്പര്യം മുന്‍നിര്‍ത്തി ഈ ഉത്തരവ് പുറപ്പെടുവിച്ചതില്‍ റവന്യൂ വകുപ്പിനു വീഴ്ച പറ്റിയിട്ടില്ലെന്ന വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ നിലപാട് കര്‍ഷക കൂട്ടായ്മകള്‍ക്കിടയില്‍ വിമര്‍ശത്തിനു കാരണമായിട്ടുണ്ട്. റിസര്‍വ് മരങ്ങള്‍ക്കു വൃക്ഷവില അടയ്ക്കാനാകില്ല. 1964ലെ ഭൂപതിവ് ചട്ടങ്ങള്‍ അനുസരിച്ചു പട്ടയം അനുവദിച്ച ഭൂമിയില്‍ സ്വയം മുളച്ചതോ നട്ടുവളര്‍ത്തിയതോ അല്ല വീട്ടി ഉള്‍പ്പെടെ കൂറ്റന്‍ മരങ്ങള്‍. എന്നിരിക്കെ ഭൂപതിവ് നിയമവും ചട്ടങ്ങളും ഭേദഗതി ചെയ്യാതെ ഉത്തരവിറക്കിയതു കര്‍ഷക താത്പര്യം മുന്‍നിര്‍ത്തിയാണെന്നു പറയുന്നതു അനുചിതമാണെന്നു അഭിപ്രായപ്പെടുന്നവര്‍ നിരവധിയാണ്. നിയമവിരുദ്ധവും കര്‍ഷകസൗഹൃദവുമല്ലാത്ത ഉത്തരവിന്റെ മറവിലാണ് മുട്ടില്‍ സൗത്ത് വില്ലേജിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും റവന്യൂ പട്ടയ ഭൂമികളില്‍ ഈട്ടി, തേക്ക് കൊള്ള നടന്നതെന്നു ഹരിതസേന വയനാട് ജില്ലാ പ്രസിഡന്റ് എം.സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിനു ആത്മാര്‍ഥയുണ്ടെങ്കില്‍ ജന്‍മം ഭൂമിയിലേതിനു തുല്യമായ അവകാശങ്ങള്‍ റവന്യൂ പട്ടയം ഉടമകള്‍ക്കും നല്‍കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.