above post ad local

വയനാട്ടില്‍ റവന്യൂ പട്ടയഭൂമിയിലുള്ളത് 23,000 ഓളം വീട്ടിമരങ്ങള്‍

0

കല്‍പറ്റ:വയനാട്ടില്‍ വൈത്തിരി, മാനന്തവാടി, ബത്തേരി താലൂക്കുകളിലായി റവന്യൂ പട്ടയഭൂമിയിലുള്ളത് 23,000 ഓളം വീട്ടിമരങ്ങള്‍. വയനാട് റവന്യൂ പട്ടയഭൂമി കര്‍ഷക സംരക്ഷണ സമിതി നേരത്തേ നടത്തിയ കണക്കെടുപ്പിലാണ് ജില്ലയില്‍ മൂന്നു താലൂക്കുകളിലായി റവന്യൂ പട്ടയഭൂമിയില്‍ ഇത്രയും വീട്ടികള്‍ ഉണ്ടെന്നു കണ്ടത്. ഈ വൃക്ഷങ്ങളില്‍ 2,653 എണ്ണം വീണുകിടക്കുന്നതാണ്. ഉണങ്ങിയതോ കേടുപിടിച്ചതോ ആണ് 8,252 എണ്ണം. 7,200 ഓളം വീട്ടികള്‍ പൂര്‍ണ വളര്‍ച്ചയെത്തിയതാണ്. ഉണങ്ങിയതും വീണതുമായ മരങ്ങള്‍ക്കു മാത്രം ഏകദേശം 500 കോടി രൂപ വിലമതിക്കും.

ഏകദേശം 12,000 ഏക്കറാണ് ജില്ലയില്‍ റവന്യൂ പട്ടയഭൂമിയുടെ അളവ്. റവന്യൂ പട്ടയഭൂമിയിലെ രാജകീയ വിഭാഗത്തില്‍പ്പെട്ടതടക്കം മുഴുവന്‍ വൃക്ഷങ്ങളുടെയും ഉടമാവകാശം പട്ടയം ഉടമയില്‍ നിക്ഷിപ്തമാക്കുന്നതിനു വര്‍ഷങ്ങളായി പോരാട്ടം നടത്തുന്ന പ്രസ്ഥാനമാണ് കര്‍ഷക സംരക്ഷണ സമിതി. ജന്‍മം പട്ടയം ഉടമകള്‍ക്കു ഭൂമിയുള്ള അതേ അവകാശങ്ങള്‍ റവന്യൂ പട്ടയം ഉടമകള്‍ക്കും ലഭ്യമാക്കണമെന്നാണ് കര്‍ഷക സംരക്ഷണ സമിതിയുടെ ആവശ്യങ്ങളില്‍ മുഖ്യം.
സംസ്ഥാന നിയമസഭ 1060ല്‍ പാസാക്കിയ ഭൂപതിവ് നിയമത്തിനും 1964ല്‍ കൊണ്ടുവന്ന ചട്ടങ്ങള്‍ക്കും അനുസൃതമായി മരവിലയും സ്ഥലവിലയും ഈടാക്കി അനുവദിച്ചതാണ് റവന്യൂ പട്ടയങ്ങള്‍. പട്ടയഭൂമിയിലെ ചന്ദനവും വീട്ടിയും തേക്കും ഉള്‍പ്പടെ രാജകീയ വിഭാഗം മരങ്ങള്‍ സര്‍ക്കാര്‍ റിസര്‍വ് ചെയ്തു. 1964നും 1970നും ഇടയിലാണ് ജില്ലയിലെ റവന്യൂ പട്ടയങ്ങളില്‍ ഏറെയും അനുവദിച്ചത്. റവന്യൂ പട്ടയഭൂമയിലെ റിസര്‍വ് മരങ്ങള്‍ മുറിക്കാന്‍ കൈവശക്കാരനു അവകാശമില്ല. ജന്‍മം പട്ടയഭൂമിയിലെ കര്‍ഷകര്‍ക്ക് മരങ്ങളില്‍ അവകാശവും മുറിച്ചുവില്‍ക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. എന്നിരിക്കെ തങ്ങള്‍ വിവേചനമാണ് നേരിടുന്നതെന്നു റവന്യൂ പട്ടയം ഉടമകള്‍ പറയുന്നു.
റവന്യൂ പട്ടയഭൂമിയിലെ എല്ലായിനം മരങ്ങളുടെയും ഉടമാവകാശം കൈവശക്കാരനു ലഭിക്കണമെങ്കില്‍ അതിനു ഉതകുന്ന വിധത്തില്‍ 1960ലെ ഭൂപതിവു നിയമം ഭേദഗതി ചെയ്യണം. ഇതിനായി റവന്യൂ പട്ടയം ഉടമകളുടെ കൂട്ടായ്മ സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് 2020 ഒക്ടോബര്‍ 24ലെ വിവാദ ഉത്തരവ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയത്. റവന്യൂ പട്ടയഭൂമിയിലെ മരങ്ങളില്‍ വൃക്ഷവില അടച്ചതും സ്വയം കിളര്‍ത്തതും നട്ടുവളര്‍ത്തിയതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിച്ചടുക്കാന്‍ കൈവശക്കാരനെ അനുവദിക്കുന്നതായിരുന്നു ഉത്തരവ്. ഭൂപതിവ് നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്താതെ പുറപ്പെടുവിച്ച ഈ ഉത്തരവ് കൈവശഭൂമയിലെ വീട്ടിയും തേക്കും മറ്റും മുറിച്ചുവിറ്റു കടം വീട്ടാനും മറ്റാവശ്യങ്ങള്‍ നിറവേറ്റാനും കാത്തിരുന്ന റവന്യൂ പട്ടയം ഉടമകള്‍ക്കു സഹായകമായില്ല. പട്ടയം അനുവദിച്ചകാലത്തു ഭൂമിയില്‍ ഉണ്ടായിരുന്നതാണ് ഇപ്പോള്‍ കാണുന്ന കൂറ്റന്‍ വീട്ടി, തേക്കുമരങ്ങള്‍. റിസര്‍വ് മരങ്ങള്‍ക്കു വൃക്ഷവില അടയ്ക്കാനും കഴിയുമായിരുന്നില്ല. 2020 ഒക്ടോബറിലെ ഉത്തരവ് തെറ്റായി വ്യാഖാനിച്ചാണ് വയനാട് ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ വീട്ടിമുറി നടന്നത്. ഇതേച്ചൊല്ലിയുള്ള വിവാദമാണ് ഇപ്പോള്‍ കത്തുന്നത്. 2020 ഒക്ടോബറിലെ ഉത്തരവ് 2021 ഫെബ്രുവരി രണ്ടിനു സര്‍ക്കാര്‍ റദ്ദുചെയ്തിരുന്നു. അന്താരാഷ്ട്രതലത്തില്‍ വന്‍ ഡിമാന്റുള്ളതും പശ്ചിമഘട്ടത്തില്‍ മാത്രം വളരുന്നതും ഐ.യു.സി.എന്‍ ഡാറ്റാ ബുക്കില്‍ വംശനാശ ഭീഷണിയുള്ള വൃക്ഷമായി രേഖപ്പെടുത്തിയതുമാണ് വയനാടന്‍ വീട്ടിമരങ്ങള്‍.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.