above post ad local

കോവിഡ് ബോധവല്‍ക്കരണത്തിന്റെ വയനാടന്‍ മാതൃക

0

കൽപ്പറ്റ:മഹാമാരിയെ പ്രതിരോധിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങി ആരോഗ്യമേഖലയിലെ ജീവനക്കാര്‍ മുഴുവന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഊണുമുറക്കവും ഉപേക്ഷിച്ച് പൊതുജനാരോഗ്യ സംരക്ഷണത്തിന് മുന്നില്‍ തന്നെ. ഇവര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന മറ്റൊരു വിഭാഗം കൂടിയുണ്ട് ആരോഗ്യവകുപ്പിന്. മഹാമാരിയുടെ കാലത്ത് ആളുകള്‍ സമൂഹത്തില്‍ ഇടപെടുന്ന രീതി മാറ്റിമറിക്കാന്‍ അരയും തലയും മുറുക്കി സജീവമായുള്ള ബിസിസി (ബിഹേവിയറല്‍ ചേഞ്ച് കമ്മ്യൂണിക്കേഷന്‍) വിഭാഗം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വിഭാഗത്തിന്റെ സേവനം ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്. ഡിഎംഒ തലത്തില്‍ മാസ് മീഡിയയും ആരോഗ്യ കേരളത്തിന്റെ ബി.സി.സി. വിഭാഗവും സംയുക്തമായാണ് പ്രവര്‍ത്തനം. സമൂഹത്തില്‍ പ്രചരിക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ക്ക് തടയിട്ട് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ഉതകുന്ന സന്ദേശങ്ങള്‍ സമയബന്ധിതമായി ജനങ്ങളില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി മേഖലയിലെ മാറ്റങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് ആരോഗ്യവകുപ്പിന് സ്വന്തമായുള്ള സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയും ദൃശ്യ-ശ്രാവ്യ-പത്ര മാധ്യമങ്ങളിലൂടെയും കൃത്യമായ വിവരങ്ങള്‍ കൃത്യസമയത്ത് ജനങ്ങളില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ് ബിസിസി വിഭാഗം. ഡിഎംഒ ഡോ. രേണുക, ഡി.പി.എം ഡോ. ബി അഭിലാഷ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം. വയനാടുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്, കര്‍ണാടക ഭാഗങ്ങളിലെ 14 ചെക്ക്‌പോസ്റ്റുകളില്‍ കോവിഡിന്റെ തുടക്കത്തില്‍ തന്നെ ബോധവല്‍ക്കരണ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചു. മലയാളം, തമിഴ്, കന്നഡ ഭാഷകളിലായിരുന്നു സന്ദേശങ്ങള്‍. തദ്ദേശസ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസുകള്‍, കൃഷിഭവനുകള്‍ തുടങ്ങി പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന 200 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. പൊതുഇടങ്ങളില്‍ ആരോഗ്യജാഗ്രത സന്ദേശങ്ങള്‍ പതിച്ചു. മാറിവരുന്ന സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നോട്ടീസുകള്‍ തയ്യാറാക്കി ആശാ പ്രവര്‍ത്തകര്‍ വഴി സമൂഹത്തിലെത്തിച്ചു. മലയാളത്തിലും ആദിവാസി ഭാഷയിലും ബോധവല്‍ക്കരണ വീഡിയോകളും ഓഡിയോ സന്ദേശങ്ങളും തയ്യാറാക്കി വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തുവരികയാണ്.

*ഗോത്രവര്‍ഗ്ഗ ഭാഷയില്‍ പ്രചാരണം*

ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാവുന്ന തരത്തില്‍ അവരുടെ ഭാഷയില്‍ ബിസിസി വിഭാഗം തയ്യാറാക്കി പ്രചരിപ്പിക്കുന്ന ആരോഗ്യ സന്ദേശങ്ങള്‍ ആദിവാസി മേഖലയില്‍ കോവിഡ് രണ്ടാം തരംഗം പ്രതിരോധിക്കുന്നതിന് സഹായകമായി. കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അനുമതിയോടെ ദ്വാരകയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി വഴിയാണ് മലയാളത്തില്‍നിന്ന് ആദിവാസി ഭാഷയിലേക്ക് മൊഴിമാറ്റിയ സന്ദേശങ്ങള്‍ പ്രധാനമായും പ്രചരിപ്പിക്കുന്നത്. പ്രതിമാസം ശരാശരി 150 മുതല്‍ 155 വരെ റേഡിയോ പ്രോഗ്രാമുകള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. റേഡിയോ ഇല്ലാത്ത ആദിവാസി വീടുകള്‍ കണ്ടെത്തി റേഡിയോ സെറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ ഭരണകൂടം, ട്രൈബല്‍ വകുപ്പ്, റേഡിയോ മാറ്റൊലി എന്നിവയുടെ സഹകരണത്തോടെയാണ് ആയിരത്തോളം റേഡിയോ സെറ്റുകള്‍ നല്‍കിയത്. അമേരിക്കന്‍ മലയാളികളുടെ സംഘടനകള്‍ ഇതിനു സഹായിച്ചു. ഒന്നു മുതല്‍ 2 മിനിറ്റ് വരെയും രണ്ടു മുതല്‍ അഞ്ചു മിനിറ്റ് വരെയും ദൈര്‍ഘ്യമുള്ള റേഡിയോ പരിപാടികളാണ് പ്രക്ഷേപണം ചെയ്യുന്നത്. ഒന്നു മുതല്‍ രണ്ടു മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള ലൈവ് ഫോണ്‍ ഇന്‍ പ്രോഗ്രാമും പ്രത്യേകതയാണ്.

*കൊറോണയെ മെരുക്കാന്‍ ‘തോമ’*

ചിത്രം———————

കോവിഡ് രോഗത്തെ വെല്ലുന്നതിനു ജനങ്ങളെ പ്രാപ്തരാക്കാന്‍ പലവിധ പ്രചാരണ രീതികളാണ് ആരോഗ്യമേഖലയില്‍ നടന്നുവരുന്നത്. ആരോഗ്യജാഗ്രത ക്യാമ്പയിനുകളാണ് ഇതില്‍ പ്രധാനം. സംസ്ഥാന തലത്തില്‍ ബ്രേക്ക് ദ ചെയിന്‍, തുപ്പല്ലേ തോറ്റുപോകും, ജീവന്റെ വിലയുള്ള ജാഗ്രത, ക്രഷ് ദ കര്‍വ് എന്നീ ടാഗ് ലൈനുകളോടുകൂടിയ ക്യാമ്പയിനുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. രോഗകാരികളായ വൈറസ് കണ്ണ്, മൂക്ക്, വായ വഴിയാണ് മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ വൃത്തിയാക്കാത്ത കൈകള്‍കൊണ്ട് ഒരു കാരണവശാലും മുഖത്ത് തൊടരുത് എന്ന ആശയം പ്രചരിപ്പിക്കുന്ന ‘ഡോണ്ട് ടച്ച് ദി ഫേസ്’ ക്യാമ്പയിന്‍ വയനാട് ബിസിസി വിഭാഗത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചു. ഇതിനുപിന്നാലെ ‘തോല്‍ക്കാന്‍ മനസ്സില്ല’ എന്ന ടാഗ്ലൈനോടെ മറ്റൊരു കാമ്പയിന് തുടക്കമിട്ടിരിക്കുകയാണ് ഇവര്‍. ടാഗ് ലൈനിലെ വാക്കുകളില്‍നിന്ന് ആദ്യത്തെ രണ്ടക്ഷരങ്ങള്‍ ചേര്‍ത്ത് ‘തോമ’ എന്നൊരു ത്രീഡി ക്യാരക്ടറും വികസിപ്പിച്ചിട്ടുണ്ട്. ഇത്തരം ക്യാരക്ടറുകള്‍ക്ക് പൊതു ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിക്കുമെന്നതും ബിഹേവിയറല്‍ ചേഞ്ച് എന്ന ആശയം എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാം എന്നതുമാണ് ‘തോമ’യുടെ പിറവിക്കു പിന്നിലെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷ് പറഞ്ഞു. കോവിഡിനു പുറമേ ആരോഗ്യവകുപ്പ് നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാനുതകുന്ന ബോധവല്‍ക്കരണ സന്ദേശങ്ങള്‍ ഈ സൂപ്പര്‍ ഹീറോ ക്യാരക്ടര്‍ ഇനി ജനങ്ങളിലെത്തിക്കും. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ക്യാരക്ടര്‍ പ്രകാശനം ചെയ്തു. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഡി.എം.ഒ. ഡോ.ആര്‍ രേണുക, ഡി.പി.എം. ഡോ. ബി അഭിലാഷ്, ഡി.എസ്.ഒ. ഡോ. സൗമ്യ, ഡോ. അംജിത് രാജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

*പുതുവഴിയില്‍ ‘കില’യ്‌ക്കൊപ്പം*

കോവിഡ് മൂന്നാം തരംഗസാധ്യത മുന്‍കൂട്ടി കണ്ട് വിവര വിജ്ഞാന വിനിമയ പദ്ധതി ഊര്‍ജിതമാക്കാന്‍ ‘കില’യും ആരോഗ്യവകുപ്പിനൊപ്പം ചേര്‍ന്നു. ശരിയായ അവബോധം ഗോത്രജനതയ്ക്ക് ലഭിക്കുന്നതിനും, പ്രതിരോധിക്കുന്നതിനുള്ള ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതിനുമുള്ള അറിവ് പകരുന്നതിനും തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി മറ്റ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സഹായത്തോടെ ഇതു നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഏകോപനം, പരിശീലനം- സംഘാടനം, വോളന്റിയര്‍മാരുടെ ബത്തകള്‍, ആശയവിനിമയം തുടങ്ങിയവ ‘കില’യുടെ ചുമതലയാണ്. പരിശീലന മൊഡ്യൂള്‍ തയ്യാറാക്കല്‍, റിസോഴ്‌സ് പേഴ്‌സണ്‍മാരെ ലഭ്യമാക്കല്‍, ഐ.ഇ.സി മെറ്റീരിയല്‍ തയ്യാറാക്കി നല്‍കല്‍, ആശാ വര്‍ക്കര്‍മാര്‍/ ആവശ്യമായ മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം എന്നിവ ആരോഗ്യകേരളം വയനാട് ഉറപ്പുവരുത്തും. വോളന്റിയര്‍മാര്‍ക്കുള്ള കോവിഡ് പ്രതിരോധ നൈപുണ്യവികസന പരിശീലന മൊഡ്യൂള്‍ തയ്യാറാക്കല്‍ ഇതിനകം പൂര്‍ത്തിയായി. സാമൂഹിക അകലം പാലിക്കല്‍: കരുതലകലം, മാസ്‌ക് ശരിയായി ധരിക്കാന്‍ പഠിക്കുക, വൈറസിനെ ഒപ്പം കൂട്ടാതെ ഒത്തുചേരാനുള്ള വിദ്യ, സ്വയം നിരീക്ഷണം, രോഗലക്ഷണത്തെ എല്ലാ ദിവസവും നിരീക്ഷിക്കല്‍, കുട്ടികളിലെ കോവിഡ് ലക്ഷണങ്ങള്‍, ക്വാറന്റൈന്‍, റിവേഴ്‌സ് ക്വാറന്റൈന്‍, ഐസൊലേഷന്‍ തുടങ്ങി വോളന്റിയര്‍മാര്‍ നേടേണ്ട 25 സ്‌കില്ലുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് മൊഡ്യൂള്‍ തയ്യാറാക്കിയിട്ടുള്ളത്. പരിശീലന പരിപാടികള്‍ക്ക് അടുത്ത ദിവസം തുടക്കമാവും.
പഞ്ചായത്ത് / നഗരസഭ അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ എല്ലാ മാസവും ഐ.ഇ.സി വോളന്റിയര്‍മാര്‍, പഞ്ചായത്ത് ചുമതലയുള്ള റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുകയും ചെയ്യും. ബ്ലോക്ക് തലത്തില്‍ കിലയുടെ പ്രതിനിധികളും പഞ്ചായത്തുതല ചുമതലയുള്ള ഐ.ഇ.സി വോളന്റിയറും കില ആര്‍.പിമാരുടെയും യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ജില്ലാതല കോര്‍ ഗ്രൂപ്പ് രണ്ടാഴ്ചയിലൊരിക്കല്‍ യോഗം ചേര്‍ന്ന് മോണിറ്ററിങ് നടത്തും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ്, ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇന്‍ ചാര്‍ജ് ഡോ. ജി.ആര്‍ സന്തോഷ് കുമാര്‍, കില ഫെസിലിറ്റേറ്റര്‍മാരായ ബാലഗോപാലന്‍, ഷിഹാബ്, ജില്ലാ കോ-ഓഡിനേറ്റര്‍ എ എം റാഷിദ്, ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ സി കെ ദിനേശ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിവര വിജ്ഞാന വിനിമയ പദ്ധതി നടപ്പാക്കുന്നത്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.