above post ad local

മുട്ടില്‍ മരംമുറി: റവന്യു വകുപ്പിന് ഗുരുതര വീഴ്ച; വനം വകുപ്പ് റിപ്പോർട്ട് പുറത്ത്

0

മുട്ടില്‍ മരംമുറി കേസില്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പടെ റവന്യുവകുപ്പ് അധികാരികള്‍ അനാസ്ഥ വരുത്തിയതിന്റെ തെളിവ് മനോരമ ന്യൂസിന്. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് റവന്യു വകുപ്പിന്റെ വീഴ്ച്ച വ്യക്തമാകുന്നത്. മരങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തത തേടി നാല് തവണ വനംവകുപ്പ് കത്ത് നല്‍കിയിട്ടും മറുപടിയുണ്ടായില്ല. ഈ സമയങ്ങളില്‍ യഥേഷ്ടം മരംമുറി നടന്നതായി കരാറുകാരനും മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.

മുട്ടിലിലെ ഈട്ടിമരങ്ങളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണോ എന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നാല് തവണയാണ് റവന്യു അധികൃതരെ സമീപിച്ചത്. മുറിച്ചിട്ട മരങ്ങള്‍ നീക്കംചെയ്യുന്നതിനായി ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചുകൊണ്ടായിരുന്നു വനംവകുപ്പിന്റെ കത്തുകള്‍. മേപ്പാടി റേഞ്ച് ഓഫിസര്‍ 30.12.2020 ന് വൈത്തിരി തഹസില്‍ദാര്‍ക്ക് ആദ്യത്തെ കത്ത് നല്‍കി. ഒരുമാസം മറുപടി ലഭിക്കാതെ വന്നതോടെ 2021 ജനുവരി 29നും, 30നും ഓരോ കത്തുകള്‍ വീതം നല്‍കി. എന്നാല്‍ ഇവയ്ക്കും മറുപടിയുണ്ടായില്ല.

റവന്യുവകുപ്പ് ഉടമസ്ഥാവകാശത്തില്‍ വ്യക്തത വരുത്താതെ ആയതോടെ റേഞ്ച് ഓഫിസര്‍ അപേക്ഷകള്‍ തള്ളി. ഇതേതുടര്‍ന്ന് അപേക്ഷക്കാര്‍ സൗത്ത് വയനാട് ഡി.എഫ്.ഒയെ സമീപിച്ചു. ഇതിലാണ് മരങ്ങളുടെ ഉടമസ്ഥാവകാശം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് 3.2.2021ന് വൈത്തിരി തഹസില്‍ദാറിനൊപ്പം വയനാട് ജില്ലാ കലക്ടറേയും ഡി.എഫ്.ഒ സമീപിച്ചത്. ഇതിലും മറുപടി ഉണ്ടായില്ലെന്ന് നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2020 നവംബര്‍ നാല് മുതല്‍ 2021 ഫെബ്രുവരി നാല് വരെ മരംമുറിച്ചുവെന്നാണ് മരംമുറി കരാറുകാരന്‍ ഹംസക്കുട്ടിയുടെ വെളിപ്പെടുത്തല്‍. ചുരുക്കത്തില്‍, റവന്യു വകുപ്പ് അധികാരികള്‍ തുടക്കത്തില്‍തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്, മരങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് മറുപടി നല്‍കിയിരുന്നുവെങ്കില്‍, ഡിസംബറിന് ശേഷം നടന്ന വനംകൊള്ളയെങ്കിലും തടയാമായിരുന്നു. മരംമുറി കേസില്‍ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം റവന്യുവകുപ്പിനെയും ചോദ്യമുനയില്‍ നിര്‍ത്തുകയാണ് ഈ വിവരങ്ങള്‍.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.