above post ad local

മുട്ടില്‍ സൗത്ത് വില്ലേജിലെ വീട്ടിക്കൊള്ള; അന്തര്‍നാടകങ്ങള്‍ മറനീക്കാന്‍ വനം വിജിലന്‍സ് സി.സി.എഫിന്റെ അന്വേഷണം പര്യാപ്തമല്ലെന്ന് പരിസ്ഥിതി സംഘടന

0

കല്‍പറ്റ-വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയഭൂമികളില്‍ കഴിഞ്ഞ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടന്ന വീട്ടിക്കൊള്ളയുമായി ബന്ധപ്പെട്ട അന്തര്‍നാടകങ്ങള്‍ മറനീക്കാന്‍ വനം വിജിലന്‍സ് സി.സി.എഫിന്റെ അന്വേഷണം പര്യാപ്തമല്ലെന്നു പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികള്‍. മരംകൊള്ളയെക്കുറിച്ചുള്ള സമഗ്രാന്വേഷണത്തിനു വനം വിജിലന്‍സ് സി.സി.എഫിനെ നിയോഗിച്ചതു ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു സമിതി ഭാരവാഹികളുടെ പ്രതികരണം.

സംസ്ഥാനത്തെ റവന്യൂ പട്ടയഭൂമികളില്‍ സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതും വൃക്ഷവില അടച്ചതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ കൈവശക്കാരനെ അനുവദിക്കുന്ന ഉത്തരവ് 2020 നവംബറില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയിരുന്നു. ഈ ഉത്തരവ് മറയാക്കിയാണ് വയനാട്ടിലും ഇടുക്കി ഉള്‍പ്പെടെ മറ്റു ജില്ലകളിലും റവന്യൂ പട്ടയ ഭൂമികളില്‍ വീട്ടിയും തേക്കും അടക്കം സര്‍ക്കാരിനു യഥാര്‍ഥ ഉടമാവകാശമുള്ള മരങ്ങള്‍ മുറിച്ചത്.
1964ലെ കേരള ഭൂപതിവ് നിയമപ്രകാരം അനുവദിച്ചതാണ് റവന്യൂ പട്ടയങ്ങള്‍. ഓരോ സ്ഥലത്തുമുള്ള വീട്ടിയും തേക്കും ചന്ദനവുംഅടക്കം ഏതാനും ഇനം മരങ്ങളുടെ ഉടമാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തിയാണ് കൈവശക്കാര്‍ക്കു പട്ടയം നല്‍കിയത്. ഈ മരങ്ങള്‍ സംരക്ഷിക്കേണ്ട നിയമപരമായ ഉത്തരവാദിത്തം പട്ടയം ഉടമയ്ക്കാണ്. റവന്യൂ പട്ടയഭൂമികളിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൃക്ഷങ്ങള്‍ കൈവശക്കാര്‍ക്കു മുറിച്ചെടുക്കാന്‍ അനുമതി ലഭിക്കണമെങ്കില്‍ അതിനുതകുന്ന ഭേദഗതി ഭൂപതിവ് നിയമത്തില്‍ വരുത്തണം. നിയമം ഭേദഗതിയില്ലാതെ അതേപടി നിലനില്‍ക്കുന്നതിനിടെയാണ് റവന്യൂ പട്ടയ ഭൂമിയിലെ വൃക്ഷവില അടച്ചതും സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ള മുറിച്ചെടുക്കുന്നതിനു കൈവശക്കാരെ അനുവദിക്കുന്ന ഉത്തരവ് ഇറങ്ങിയത്. നിയമത്തിന്റെ പിന്‍ബലമില്ലാത്ത ഈ ഉത്തരവിനു പിന്നില്‍ ഭരണസ്വാധീമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളില്‍ ചിലരും വനം, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും വന്‍കിട മരക്കച്ചവടക്കാരും ഉള്‍പ്പെടുന്ന സംഘം നടത്തിയ ഗൂഢാലോചനയാണെന്നു സമിതി പ്രസിഡന്റ് എന്‍.ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ എന്നിവര്‍ പറഞ്ഞു. ഈ ഗൂഢാലോചന വെളിച്ചത്തുവരാന്‍ ജൂഡീഷ്യല്‍ അന്വേഷണമോ പോലീസ് വിജിലന്‍സ് അന്വേഷണമോ ആണ് വേണ്ടതെന്നും അവര്‍ പറയുന്നു.
ഭൂപതിവ് ചട്ടമനുസരിച്ച് പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനം, തേക്ക്, വീട്ടി, വെള്ള അകില്‍, തേമ്പാവ്, കമ്പകം, ചടച്ചി, ഇരുള്‍, ചന്ദനവേമ്പാവ് തുടങ്ങിയ വൃക്ഷങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവ് 2020ല്‍ മാര്‍ച്ചില്‍ റവന്യൂ വകുപ്പ് ഇറക്കിയിരുന്നു. തൃശൂരിലെ പരിസ്ഥിതി സംഘടനയുടെ റിട്ട് ഹരജിയില്‍ ഹൈക്കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു. ഇതിനെതിരെ സ്വകാര്യ വ്യക്തികള്‍ നല്‍കിയ ഹരജിയില്‍ പട്ടയം അനുവദിച്ചശേഷം സ്ഥലത്തു സ്വയം കിളിര്‍ത്തതും കര്‍ഷകര്‍ നട്ടുവളര്‍ത്തിയതുമായ മരങ്ങള്‍ കൈവശക്കാര്‍ക്കു അവകാശപ്പെട്ടതാണെന്നു ഹൈക്കോടതി വിധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു 2020 നവംബറിലെ ഉത്തരവ്. മരംമുറി വിവാദമായതോടെ നവംബര്‍ 24ലെ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കുകയുണ്ടായി.
റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അനുമതിയുടെ ചുവടുപിടിച്ച് സംസ്ഥാനത്തെ പല ജില്ലകളിലും വീട്ടി മുറി നടന്നെങ്കിലും വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജിലേതുമാത്രമാണ് ചര്‍ച്ചയായത്. റവന്യൂ പട്ടയ ഭൂമികളിലെ റിസര്‍വ് മരങ്ങളുടെ കസ്റ്റോഡിയന്‍ അതത് ജില്ലാ കലക്ടറാണ്.
വയനാട്ടിലെ മണിക്കുന്നുമലയില്‍ സ്വകാര്യ കൈവശഭൂമിയില്‍നിന്നു ആറു കുറ്റി വീട്ടി മുറിച്ചതും സമീപകാലത്തു വിവാദമായിരുന്നു. മരംമുറി നടന്നതു സ്വകാര്യ വ്യക്തിയുടെ അനധികൃത കൈവശത്തിലുള്ള വനഭൂമിയിലാണെന്നും ഇതിനു വനപാലകര്‍ ഒത്താശ ചെയ്തതെന്നും ആരോപണം ഉയര്‍ന്നിരുന്നു. മണിക്കുന്നുമല മരംമുറിക്കേസില്‍ വനപാലകരും രണ്ടു തട്ടിലാണ്. മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയ ഭൂമിയിലെ മരങ്ങള്‍ വിലയ്ക്കുവാങ്ങി മുറിക്കുന്നതിനു നേതൃത്വം നല്‍കിയ വ്യക്തിയാണ് മണിക്കുന്നു മലയിലെ വീട്ടിമുറി വിവാദമാക്കുന്നതിനു മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത്.
മുട്ടില്‍ സൗത്ത് വില്ലേജിലെ മരംമുറിയുമായി ബന്ധപ്പെട്ട് റവന്യൂ അധികാരിയുടെ പരാതിയില്‍ കൈവശഭൂമിയിലെ മരങ്ങള്‍ വിറ്റ ആദിവാസികളക്കം കര്‍ഷകരെ പോലീസ് മോഷണക്കേസില്‍ പ്രതികളാക്കിയതും വയനാട്ടില്‍ ചര്‍ച്ചയായിരിക്കയാണ്. മരംമുറിക്കു സര്‍ക്കാര്‍ അനുമതിയുണ്ടെന്നു വിശ്വസിച്ചു കച്ചവടക്കാരനു തുച്ഛ വിലയ്ക്കു മരങ്ങള്‍ വിറ്റവരാണ് കേസില്‍പ്പെട്ടത്.

 

 

 

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.