above post ad local

ജനമനസ്സുകള്‍ കീഴടക്കി സിദ്ദിഖിന്റെ പര്യടനം തുടരുന്നു

0

കാവുമന്ദം: ജനമനസ്സുകള്‍ കീഴടക്കി കല്‍പ്പറ്റ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖിന്റെ പര്യടനം തുടരുന്നു. തരിയോട്, പൊഴുതന, വൈത്തിരി ഗ്രാമപഞ്ചായത്തുകളിലും, കല്‍പ്പറ്റ നഗരസഭയിലെ വിവിധ പ്രദേശങ്ങളിലുമായിരുന്നു സിദ്ദിഖിന്റെ രണ്ടാംദിവസത്തെ പര്യടനപരിപാടി. രാവിലെ 7.50-ഓടെ തരിയോട് ഗ്രാമപഞ്ചായത്തിലെ മൈലാടുംകുന്നില്‍ നിന്നായിരുന്നു തുടക്കം. പറഞ്ഞതിനും നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിയെത്തി. അങ്ങാടിയിലെ കടകളിലും പരിസരപ്രദേശങ്ങളിലെ വീടുകളിലും നേരിട്ടെത്തി അദ്ദേഹം വോട്ടഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് രണ്ടാംദിവസത്തെ പര്യടന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങ്. മുന്‍ ഡി സി സി അധ്യക്ഷനും കെ പി സി സി അംഗവുമായ കെ എല്‍ പൗലോസായിരുന്നു ഉദ്ഘാടകന്‍. വയനാടിന്റെയും പ്രത്യേകിച്ച് കല്‍പ്പറ്റയുടെയും വികസനമുരടിപ്പുകളും, ഇടതുസര്‍ക്കാരിന്റെ വാഗ്ദാനലംഘടനങ്ങളും ഒന്നൊന്നായി പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്. തുടര്‍ന്ന് സിദ്ദിഖ് വേദിയിലെത്തിയപ്പോള്‍ കൈയടികളോടെയാണ് പ്രവര്‍ത്തകരും, ജനങ്ങളും വരവേറ്റത്. കല്‍പ്പറ്റയുടെ സമൂലമായ മാറ്റത്തിനുതകുന്ന വികസനസ്വപ്‌നങ്ങള്‍ പങ്കുവെച്ച് കൊണ്ട് പ്രസംഗം. നിങ്ങളിലൊരാളായി നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കി പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ ജനമനസുകള്‍ കീഴടക്കിയ നേതാവിന് ലഭിച്ചത് നിറഞ്ഞ സ്വീകാര്യതയായിരുന്നു. ഉദ്ഘാടനച്ചടങ്ങിന് ശേഷം മൈലാടുംകുന്നിലെ പെയിന്റിംഗ് തൊഴിലാളികളുടെ മുന്നിലും സിദ്ദിഖെത്തി. വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് വോട്ടഭ്യര്‍ത്ഥന. അവിടെ നിന്നും സമീപത്തെ യു പി സ്‌കൂള്‍ ജംങ്ഷനിലേക്ക് യു ഡി എഫ് ബൂത്ത്കമ്മിറ്റി ചെയര്‍മാനായ ഖാലിദിന്റെ ബൈക്കില്‍ യാത്ര. അവിടെത്തി നിരവധി പേരെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. പിന്നീടാണ് തൊട്ടടുത്ത പര്യടനകേന്ദ്രമായ ചെന്നലോട്ടേക്ക്. ചെന്നലോട് അങ്ങാടിയിലെ നാട്ടുകാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. പലപ്പോഴും സിദ്ദിഖിന്റെ വേഗതക്കൊപ്പമെത്താന്‍ പ്രവര്‍ത്തകര്‍ പണിപ്പെട്ടു. ചെന്നലോട് നടന്ന സ്വീകരണപരിപാടിക്ക് ശേഷം നാല് ഗ്രാമപഞ്ചായത്തുകളുടെ ആരോഗ്യരംഗത്തെ ആശ്രയകേന്ദ്രമായ ചെന്നലോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് സന്ദര്‍ശനം. അവിടെയുണ്ടായിരുന്ന രോഗികളെയും ജീവനക്കാരെയും നേരിട്ട് കാണുകയും വോട്ടഭ്യര്‍ത്ഥിക്കുകയും ചെയ്തു. ആശുപത്രിയിലെ നിലവിലെ പോരായ്മകള്‍ ചോദിച്ചറിഞ്ഞ സിദ്ദിഖ് അതെല്ലാം പരിഹരിക്കാന്‍ ആവശ്യമായ എല്ലാ ഇടപെടലുകള്‍ നടത്തുമെന്നും ഉറപ്പ് നല്‍കി. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ യു ഡി എഫ് നേതാക്കന്മാരുടെ അകമ്പടിയോടെ അടുത്ത പര്യടന കേന്ദ്രമായ കാവുമന്ദം എച്ച് എസിലേക്ക്. അവിടെയുണ്ടായിരുന്ന നൂറ് കണക്കിന് വോട്ടര്‍മാരെയും വ്യാപാരികളെയും നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. പ്രാര്‍ത്ഥനകളില്‍ തന്നെയും ഉള്‍പ്പെടത്തണമെന്ന് പറഞ്ഞ് വിശേഷങ്ങള്‍ തിരക്കിയുള്ള വോട്ടഭ്യര്‍ത്ഥന. അതിന് ശേഷം എച്ച് എസില്‍ നിന്നും നേരെ കല്ലങ്കാരിയിലേക്ക്. യാത്രാമധ്യേ, കര്‍ഷകരുമായും, തോട്ടം തൊഴിലാളികളുമായും ആശയവിനിമയം നടത്തി. കല്ലങ്കാരിയിലെത്തിയതോടെ സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കാന്‍ നിരവധി പേരാണ് കാത്തുനിന്നിരുന്നത്. കല്ലങ്കാരിയിലെ വോട്ടര്‍മാരെ നേരില്‍ക്കണ്ട ശേഷം പരിസരപ്രദേശത്തെ വീടുകളിലുമെത്തി അദ്ദേഹം വോട്ടഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് കാപ്പുവയലിലേക്ക്. പോകുന്ന വഴികളില്‍ നിരവധി പേര്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. കാപ്പുവയലിലെ വോട്ടഭ്യര്‍ത്ഥനക്ക് ശേഷം പത്താംമൈലിലേക്ക്. അവിടുത്തെ വ്യാപാരികളോടാണ് ആദ്യം വോട്ടഭ്യര്‍ത്ഥിച്ചത്. തുടര്‍ന്ന് പ്രദേശവാസികളെ കണ്ട് ഏറെ നേരം സംസാരിച്ചു. തുടര്‍ന്ന് എട്ടാംമൈലിലേക്കുള്ള യാത്ര. പിന്നീട് പാറത്തോട്, ഇടിയംവയല്‍, മേല്‍മുറി, ആറാംമൈല്‍, അച്ചൂര്‍ നോര്‍ത്ത്, അച്ചൂര്‍, പൊഴുതന, പെരുങ്കോട്ട, പന്ത്രണ്ടാംപാലം, സുഗന്ധഗിരി, നരിക്കോട്ടുമുക്ക്, തളിപ്പുഴ, ലക്കിടി, അട്ടമല, മുള്ളമ്പാറ, ചാരിറ്റി, ഒവിലുമല, കലിക, വെള്ളാരംകുന്ന് പെരുന്തട്ട എന്നിവിടങ്ങളിലെ പര്യടനപരിപാടിക്ക് ശേഷം ചുണ്ടേലില്‍ രണ്ടാംദിവസത്തെ പര്യടനപരിപാടികള്‍ക്ക് സമാപനം. പ്രചരണം ഓരോ ദിവസം പിന്നിടുമ്പോഴും കല്‍പ്പറ്റ മണ്ഡലത്തിലെ ഓരോ പ്രദേശങ്ങളിലുമുള്ള ജനങ്ങളുടെ ആശിര്‍വാദങ്ങളും അനുഗ്രഹങ്ങളും ഏറ്റുവാങ്ങിക്കൊണ്ടാണ് സിദ്ദിഖ് ജനമനസുകള്‍ കീഴടക്കി യാത്ര തുടരുന്നത്. രണ്ടാം ദിവസത്തെ പര്യടനപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ ഖാലിദ് ചെന്നലോട് അധ്യക്ഷനായിരുന്നു. എം.എ. ജോസഫ്, റസാഖ് കല്‍പ്പറ്റ, സലീം മേമന, വി.ജി. ഷിബു, കെ.കെ. ഇബ്രാഹീം ഹാജി, ബഷീര്‍ പുള്ളാട്ട്, അബ്രഹാം മാസ്റ്റര്‍, കെ.എസ്. സിദ്ദീഖ്, പി.ടി.കുര്യന്‍, അബ്ദുറഹിമാന്‍
ടി.ഡി. ജോയി, ജോണി ഏട്ടകുഴി, പി.കെ. മൂസ ഹാജി, കെ.സി മൊയ്തു തുടങ്ങിയവര്‍ സംസാരിച്ചു.

 

 

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.