above post ad local

സമഗ്ര വികസനവുമായി യു.ഡി.എഫ് പ്രകടന പത്രിക

കല്‍പ്പറ്റ: ആരോഗ്യം, കാര്‍ഷികം ഉള്‍പ്പെടെ സമഗ്ര വികസനവുമായി യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. കല്‍പ്പറ്റ മണ്ഡലത്തിലും, ജില്ലയിലും യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന പ്രകടന പത്രിക പ്രസ്സ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍, മണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ എന്നിവര്‍ പ്രകാശനം ചെയ്തു. മണ്ഡലത്തില്‍ യു.ഡി.എഫ് പ്രതിനിധിയായി അഡ്വ.ടി സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടാല്‍ എമര്‍ജിംങ് കല്‍പ്പറ്റ എന്ന പേരില്‍ ഉച്ചക്കോടി സംഘടിപ്പിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുമെന്ന് യു.ഡി.എഫ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ 2016ല്‍ കല്‍പ്പറ്റയില്‍ തറക്കല്ലിട്ട മെഡിക്കല്‍ കോളജ് ഇതുവരെ യഥാര്‍ത്ഥ്യമായിട്ടില്ല. മെഡിക്കല്‍ കോളജും, ജില്ലാ ആസ്പത്രിയും, താലൂക്ക് ആസ്പത്രിയും പ്രത്യേകം സ്ഥലങ്ങളില്‍ മികച്ച സംവിധാനങ്ങളോട് കൂടി സ്ഥാപിക്കും. അടിയന്തര പ്രാധാന്യത്തോടെ വയനാട് മെഡിക്കല്‍ കോളജ് ആധുനിക സജ്ജീകരണങ്ങോടെ ആരംഭിക്കും. കല്‍പ്പറ്റ ജനറല്‍ ആസ്പത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്കുയര്‍ത്തി സംസ്ഥാനത്തെ മാതൃകാ ആസ്പത്രിയാക്കി ഉയര്‍ത്തും. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹാപ്പിനസിന്റെ കീഴില്‍ മാനസിക ഉല്ലാസ പദ്ധതികളും, മാനസികാരോഗ്യ പദ്ധതിയും സമയ ബന്ധിതമായി മണ്ഡലത്തില്‍ നടപ്പാക്കും. കായിക പ്രതിഭകളെ ചെറുപ്രായത്തില്‍ തന്നെ കണ്ടെത്താന്‍ ഗ്രാമീണ തലത്തില്‍ ടാലന്റ് ഹണ്ട് പ്രോഗ്രാം സംഘടിപ്പിക്കും. നേന്ത്രവാഴ കൃഷിക്കാര്‍ക്ക് സ്ഥിരം വിപണി ലക്ഷ്യമാക്കി വാഴകൃഷി പ്രോത്സാഹന സമിതി വയനാട്ടില്‍ രൂപീകരിക്കുകയും, ഉല്‍പ്പാദകര്‍ക്ക് ക്വാട്ട നിശ്ചയിച്ച് ബ്രാന്റ് ചെയ്ത ലോകോത്തര നിലവാരം ഉറപ്പുവരുത്തിയ വയനാടന്‍ ചിപ്‌സ് ഉല്‍പ്പാദിപ്പിച്ച് മാര്‍ക്കറ്റ് ചെയ്യും. വിഷരഹിത പച്ചക്കറികളും പഴങ്ങളും ഉല്‍പ്പാദിപ്പിച്ച് കുറ്റമറ്റ വില്‍പ്പന ശ്രൃംഖലയിലൂടെ വിപണനം നടത്തും. വയനാടിനെ ലോകോത്തര മികച്ച അവധിക്കാല സൈലന്റ് ഡെസ്റ്റിനേഷാക്കി മാറ്റും. 2011ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച എയര്‍സ്ട്രിപ്പ് കല്‍പ്പറ്റ മണ്ഡലത്തില്‍ സ്ഥാപിക്കും. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപാലിറ്റിയിലും ജനകീയ പങ്കാളിത്തത്തോടെ മികച്ച ഡയാലിസിസ് സെന്ററുകള്‍ സ്ഥാപിക്കും. കല്‍പ്പറ്റ സഹകരണ മേഖലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയും, അപകടത്തില്‍പ്പെടുന്നവര്‍ക്ക് മാത്രമായി ട്രോമകെയര്‍ യൂണിറ്റും, സര്‍വ്വ സജ്ജീകരണമുള്ള ആംബുലന്‍സ് സര്‍വ്വീസും ഏര്‍പ്പെടുത്തും. ആറു മാസത്തിലൊരിക്കല്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പുകള്‍ സ്ഥാപിക്കും. കല്‍പ്പറ്റ മണ്ഡലത്തിന് മാത്രമായി ആധുനിക സൗകര്യങ്ങളോടെയുള്ള ദുരന്ത നിവാരണ സേന രൂപീകരിക്കും. ആദിവാസികളായ ഭവന രഹിതര്‍ക്ക് ആറു ലക്ഷം രൂപയുടെ ഭവന പദ്ധതി നടപ്പാക്കും. ജില്ലയില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് ഫുഡ് പ്രൊസസ്സിംങ് പാര്‍ക്കുകള്‍ സ്ഥാപിക്കും. പാരമ്പര്യമായി ലഭിച്ച ചെറുകിട-നാമമാത്ര തോട്ട ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഭൂമിതരം മാറ്റലിന് നടപടി സ്വീകരിക്കും. മണ്ഡലത്തില്‍ കായിക പരിശീലനത്തിന് സ്ഥിരം സംവിധാനമൊരുക്കും. സ്‌പോര്‍ട്‌സ് അക്കാദമിയും, ലോകോത്തര പരിശീലന കേന്ദ്രങ്ങളും കല്‍പ്പറ്റയില്‍ ആരംഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പി.ടി ഗോപാലകുറുപ്പ്, അഡ്വ.ടി.ജെ ഐസ്‌ക്, കെ.വി പോക്കര്‍ ഹാജി, യഹ്‌യാഖാന്‍ തലക്കല്‍, സലിം മേമന എന്നിവര്‍ പങ്കെടുത്തു.

 

- Advertisement -

- Advertisement -

- Advertisement -

Comments are closed.