above post ad local

ഇത് വയനാടിന് പ്രത്യേക പരിഗണന നല്‍കിയ സര്‍ക്കാര്‍- എം.വി. ശ്രേയാംസ്‌കുമാര്‍

0

കല്പറ്റ: വയനാടിന് പ്രത്യേക പരിഗണന നൽകിയ സർക്കാരാണ് എൽ.ഡി.എഫ്. സർക്കാരെന്ന് കല്പറ്റയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ശ്രേയാംസ്കുമാർ. വയനാട് പാക്കേജ് ഉൾപ്പെടെയുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. ലൈഫിലൂടെ ആയിരക്കണക്കിന് വീടുകൾ ലഭിച്ചു. വയനാട്ടിൽ എല്ലാ മേഖലയിലും ഈ സർക്കാർ വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയെന്നും ഇനിയുമേറെ ചെയ്യാനുണ്ടെന്നും അദ്ദേഹം
വയനാട് പ്രസ് ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയിൽ പറഞ്ഞു.

ഇടതുസർക്കാർ ചെയ്തത് സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളാണ്. 600 വാഗ്ദാനങ്ങളിൽ 580-ഉം നടപ്പാക്കി സർക്കാർ പ്രോഗസ്സ് റിപ്പോർട്ട് പുറത്തിറക്കി. വിദ്യാഭ്യാസം, ആരോഗ്യം ഉൾപ്പെടെ എല്ലാമേഖലയിലും കോടിക്കണക്കിന് രൂപയുടെ വികസനം നടപ്പാക്കി. തോട്ടം മേഖലയിൽ ഉൾപ്പെടെ വിവിധ ആവശ്യങ്ങളുണ്ടെങ്കിലും ജനങ്ങൾ എല്ലാവരും സംതൃപ്തരാണ്. അവരുടെ മുഖത്ത് ഇപ്പോൾ ചിരിയുണ്ട്, ശ്രേയാംസ്കുമാർ പറഞ്ഞു.

താത്കാലികമായി ഒരു സ്ഥലത്ത് ആരംഭിക്കാമെന്നതിനാലാണ് മാനന്തവാടിയിൽ മെഡിക്കൽ കോളേജ് തുടങ്ങിയത്. മെഡിക്കൽ കോളേജ് പൂർണരൂപത്തിൽ ജില്ലാ ആശുപത്രിയിൽ നടപ്പിലാക്കാനാവില്ല. ഇനി മറ്റൊരു സ്ഥലത്തേക്ക് മാറ്റണം. ഭൂമി നൽകാമെന്ന് പറഞ്ഞതിനെ തുടർന്നാണ് വയനാടിന് മെഡിക്കൽ കോളേജ് പ്രഖ്യാപിച്ചത്.

2009-ൽ വയനാട്ടിൽ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിരുന്നു. മാനന്തവാടിയിൽ അതിനായി സ്ഥലം വാങ്ങിയെങ്കിലും ഒരു പ്രവർത്തനവും മുന്നോട്ടുപോയില്ല. അത് നാം ഓർക്കണം. 2011-ലാണ് മെഡിക്കൽ കോളേജ് വിഷയം സർക്കാരുമായി ചർച്ചചെയ്യുന്നത്. ഭൂമിയുടെ ലഭ്യതയാണ് പ്രശ്നമായി സർക്കാർ ഉന്നയിച്ചത്. ചന്ദ്രപ്രഭ ട്രസ്റ്റിന്റെ 50 ഏക്കർ ഭൂമി വിട്ടുനൽകാൻ തീരുമാനിച്ച് അന്ന് കത്ത് നൽകി. തുടർന്ന് 2012-ലെ ബജറ്റിൽ മെഡിക്കൽ കോളേജ് പ്രഖ്യാപിച്ചു. എന്നാൽ പിന്നീട് ഭൂമി ഏറ്റെടുക്കാൻ സർക്കാർ പല മുടന്തൻന്യായങ്ങളും ഉന്നയിച്ചു. പല തരത്തിലുള്ള തടസങ്ങളും ഉണ്ടായി. അവസാനം ഒരു വക്കീലിനെവെച്ച് യോഗത്തിൽ വാദിക്കേണ്ട സ്ഥിതിയുണ്ടായി. ഒടുവിൽ സത്യവാങ്മൂലം വരെ നൽകി. എന്നാൽ അന്നത്തെ ബജറ്റിൽ മെഡിക്കൽ കോളേജിന് തുക വകയിരുത്തിയില്ല. മറുപടിപ്രസംഗത്തിലാണ് തുക വകയിരുത്തിയത്.

2015-16-ൽ നബാർഡ് 145 കോടി രൂപ കൂടി തരാമെന്ന് പറഞ്ഞു. അഞ്ച് നില കെട്ടിടം, ഡോക്ടർമാർക്കുള്ള താമസസൗകര്യം എന്നിവയുൾപ്പെടെയുള്ള പ്ലാനാണ് ഉദ്ദേശിച്ചത്. അതുമായി മുന്നോട്ടുപോകുന്നതിനിടെ കാലവർഷവും ഉരുൾപൊട്ടലുമുണ്ടായി. അതോടെ കെട്ടിടനിർമാണത്തിന് മുമ്പ് വിശദമായ പഠനം ആവശ്യമായി വന്നു. പഠനം പൂർത്തിയാക്കാൻ ഒരുവർഷമെങ്കിലും എടുക്കുമെന്ന് പറഞ്ഞു. അതോടെ വൈത്തിരിയിൽ താത്കാലികമായി മറ്റൊരു സ്ഥലം നോക്കുന്നതിനിടെയാണ് വിംസ് മെഡിക്കൽ കോളേജ് കൈമാറാൻ തയ്യാറാണെന്ന് അറിയിച്ചത്. സർക്കാരിന് അംഗീകരിക്കാൻ കഴിയാത്ത ധാരണകളിലായിരുന്നു അത്. അങ്ങനെയാണ് താത്കാലികമായെങ്കിലും മാനന്തവാടി ജില്ലാ ആശുപത്രിയിൽ മെഡിക്കൽ കോളേജ് തുടങ്ങാൻ തീരുമാനിച്ചതെന്നും ശ്രേയാംസ്കുമാർ വിശദീകരിച്ചു. ഒരു ആരോഗ്യമന്ത്രി ഉണ്ടായിരുന്ന മണ്ഡലമായിട്ടും അന്ന് കല്പറ്റയിൽ ഒരു ആശുപത്രിയുടെ നവീകരണം പോലും നടന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ, കുടിവെള്ളം, കോളേജുകൾ എന്നിവയുടെ വികസനം കൂടാതെ വയനാടിന്റെ മൊത്തത്തിലുള്ള വികസനമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വയനാടിന്റെ ടൂറിസം വികസനത്തിന് പിപിഇ മോഡൽ പദ്ധതികൾ വേണം. വിദ്യാഭ്യാസ മേഖലയിലെ വികസനം തുടരും. കോളേജുകളിൽ കൂടുതൽ ജോലിസാധ്യതയുള്ള കോഴ്സുകൾ തുടങ്ങണം.

‘വയനാടിന്റെ പിന്നോക്കാവസ്ഥ മാറ്റി വയനാട്ടിനെ മാറ്റിയെടുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. അതിന്റെ ഗുണഭോക്താക്കൾ ജനങ്ങളാണ്. എന്റെ മണ്ണ് വയനാടാണ്. ജനിച്ചതും കളിച്ചതും പഠിച്ചതും വളർന്നതും ഈ മണ്ണിലാണ്. ഞാൻ മത്സരിക്കുന്നത് വയനാട്ടിലാണ്. വയനാട്ടുകാർക്ക് എന്നെ വേണ്ടെങ്കിൽ ഞാൻ വെറൊരിടത്ത് പോയി ഭാഗ്യപരീക്ഷണം നടത്തില്ല’, ശ്രേയാംസ്കുമാർ പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.