
കൽപ്പറ്റ:ജില്ലയിലെ കോവിഡ് പ്രതിരോധത്തിൽ ജാഗ്രത കൈവിടരുതെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. ഇനിയുള്ള രണ്ടാഴ്ച്ച രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി കര്‍ശന ജാഗ്രത പുലര്‍ത്തേണ്ടതാണ്. ഇതിൻ്റെ ഭാഗമായി നീലഗിരി അതിര്‍ത്തിയിലെ ടാസ്മാക് ഷോപ്പുകൾ അടയ്ക്കണമെന്ന് അറിയിച്ച് നീലഗിരി കളക്ടര്‍ക്ക് കത്ത് കൈമാറിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ഇഖ്റാ ആശുപത്രിയുടെ കീഴില്‍ 50 കിടക്കകളുള്ള കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍ ആരംഭിച്ചിട്ടുണ്ട്.10 ഐ.സി.യു കിടക്കകളും, 4 വെന്റിലേറ്റർ യൂണിറ്റുകളുമാണ് ഇവിടെ സജ്ജമായിട്ടുള്ളത്. 2 കോവിഡ് ഡയാലിസിസ് രോഗികളെ ചികില്‍സിക്കാനും സൗകര്യമുണ്ട്. ജില്ലയിൽ അഞ്ച് യൂണിറ്റ് ഓക്സിജന്‍ പോര്‍ട്ടലുകള്‍ തുടങ്ങുന്നതിനും നടപടിയായി. കൂടാതെ ഒന്നര ലക്ഷത്തിന്റെ ഓക്സിജന്‍ സിലിണ്ടര്‍ ജില്ലയില്‍ എത്തിയിട്ടുണ്ട്. വൈകാതെ 2 സിലിണ്ടറുകള്‍ കൂടി എത്തുമെന്ന് കളക്ടര്‍ അറിയിച്ചു.
നിലവിൽ ജില്ലയിലെ 251 വാർഡുകളാണ് കണ്ടൈന്‍മെന്റ് സോണുകൾ. ഇതിൽ പൂതാടി, പൊഴുതന, കണിയാമ്പറ്റ, അമ്പലവയല്‍, പുല്‍പ്പള്ളി, തിരുനെല്ലി, മുള്ളന്‍കൊല്ലി, നെന്മേനി, ബത്തേരി എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുഴുവനായും കണ്ടൈന്‍മെന്റ് സോണുകളാണ്. 14 ക്ലസ്റ്ററുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 8 ആദിവാസി കോളനികളാണ്. നിലവില്‍ 2059 പോസിറ്റീവ് കേസുകളാണ് കോളനികളില്‍ ഉള്ളത്. കല്യാണം, മറ്റ് ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിർബന്ധമായും പാലിക്കേണ്ടതാണ്. പോലീസ് നീരീക്ഷണം ശക്തമാക്കുകയും മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളും സ്വീകരിക്കും.
- Advertisement -
Comments are closed.