above post ad local

എല്ലാവർക്കും വീട്, കുടിവെള്ളം, തൊഴിലവസരം കല്പറ്റയിൽ എൽ.ഡി.എഫ്. പ്രകടന പത്രിക പുറത്തിറക്കി

കല്പറ്റ: 7000 കോടി രൂപയുടെ വയനാട് പാക്കേജ് നടപ്പാക്കുന്നതിനൊപ്പം എല്ലാവർക്കും വീടും കുടിവെള്ളവും ഉറപ്പാക്കുമെന്ന് വാഗ്ദാനം നൽകി എൽ.ഡി.എഫ്. കല്പറ്റ നിയോജക മണ്ഡലം പ്രകടന പത്രിക പുറത്തിറക്കി. മെഗാ ഫുഡ്പാർക്ക് സ്ഥാപിക്കും, പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്. കല്പറ്റ കേന്ദ്രീകരിച്ച് തുഞ്ചൻപറമ്പ് മാതൃകയിൽ എം.പി. വീരേന്ദ്രകുമാർ സ്മാരക പഠന ഗവേഷണ കേന്ദ്രവും അക്കാദമിക് ലൈബ്രറിയും വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ ആസ്ഥാന മന്ദിരവും പൊതുജനങ്ങൾക്കായി പാർക്കും സ്ഥാപിക്കും.

മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് പ്രകടനപത്രികയിലുള്ളത്. എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലവും പൊതു നീന്തൽക്കുളവും നിർമിക്കും. ദുരന്തനിവാരണത്തിനായി പ്രത്യേക പദ്ധതികൾ രൂപവത്കരിക്കും, പട്ടികവർഗ വിഭാഗക്കാരുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കും കാരാപ്പുഴ, ബാണാസുര ജലസേചന പദ്ധതികൾ സമ്പൂർണമാക്കും തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്. സംവിധായകൻ രഞ്ജിത്ത് നടൻ അബു സലീമിന് നൽകി പ്രകാശനം ചെയ്തു.

കല്പറ്റ ആഗ്രഹിക്കുന്നത് ശ്രേയാംസിന്റെ വിജയം – രഞ്ജിത്ത്

കല്പറ്റ മണ്ഡലം ആഗ്രഹിക്കുന്നത് എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാറിന്റെ വിജയമാണെന്നാണ് തനിക്കു മനസ്സിലായതെന്ന് സംവിധായകൻ രഞ്ജിത്ത് പറഞ്ഞു. പ്രകടന പത്രിക പുറത്തിറക്കിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രേയാംസുമായി 22 വർഷത്തോളം പരിചയമുണ്ട്. മനുഷ്യസ്നേഹി, മാധ്യമപ്രവർത്തകൻ, പരിസ്ഥിതി വിഷയങ്ങളോടുള്ള ആഭിമുഖ്യം എന്നി നിലപാടുകൾ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ശ്രേയാംസ് കുമാറിലൂടെ അദ്ദേഹത്തിന്റെ അച്ഛൻ എം.പി. വീരേന്ദ്രകുമാറിലേക്കും മുത്തച്ഛൻ പത്മപ്രഭയിലേക്കും ചിന്തയെത്തുന്നു. ആ കുടുംബത്തിന്റെ രാഷ്ട്രീയം സ്ഥാനമാന മോഹങ്ങൾക്ക് അതീതമാണ്. അന്യന്റെ ജീവിതത്തെ അറിയുക, ദുരിതങ്ങളിൽ ചേർത്തുനിർത്തുക തുടങ്ങിയൊരു വലിയ മൂല്യങ്ങളുടെ പിന്തുടർച്ചയുടെ ഇങ്ങേക്കണിയാണ് ശ്രേയാംസ് കുമാർ. അധികാര ഭ്രാന്ത് എന്നസുഖം ശ്രേയാംസിൽ താൻ കണ്ടിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞു. കെ.കെ. ഹംസ അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ്. നേതാക്കളായ പി.കെ. ശ്രീമതി, സി.കെ. ശശീന്ദ്രൻ എം.എൽ.എ., ഡോ. വർഗീസ് ജോർജ്, വിജയൻ ചെറുകര, പി.കെ. മൂർത്തി, സി.എം. ശിവരാമൻ, കെ. റഫീഖ്, പി. ചാത്തുക്കുട്ടി, ജോർജ് പോത്തൻ, എഴുത്തുകാരൻ ഒ.കെ. ജോണി, തുടങ്ങിയവർ സംസാരിച്ചു. വയനാടിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി, ജീവിതനിലവാരം ഉയർത്തി പ്രത്യാശയുള്ള വയനാടിനെ, കല്പറ്റയെ സൃഷ്ടിക്കാനാണ് ശ്രമിക്കുകയെന്ന് സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു.

പ്രകടന പത്രികയിലെ പ്രധാന നിർദേശങ്ങൾ ചുവടെ:

കാർഷിക മേഖല
* ശാസ്ത്രീയമായ കാപ്പിസംഭരണത്തിലൂടെ കർഷകർക്ക് 10 – 50 ശതമാനം ലാഭം. ഓർഗാനിക് കോഫി വിപണിയിലെത്തിക്കും.
* 16 ഇനം കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കും.
* അഗ്രികൾച്ചറൽ ഫാമിങ്ങ് സൊസൈറ്റി തുടങ്ങും.
* കന്നുകുട്ടികളുടെ ലഭ്യതക്കായി കാറ്റിൽ ഫാമുകൾ തുടങ്ങും
* തീറ്റപ്പുൽക്കൃഷി വ്യാപിപ്പിക്കും.

സ്ത്രീശാക്തീകരണം/ സംരംഭകത്വം
* കുടുംബശ്രീ ഉത്പന്നങ്ങളെ സ്റ്റാൻഡേർഡൈസ് ചെയ്യുന്നതിന് പരിശീലനം നൽകും. ബ്രാൻഡ് ചെയ്തു വിപണിയിലിറക്കും.
* സ്റ്റാർട്ടപ്പുകളുടെ പ്രോത്സാഹനത്തിനും വയനാടിന്റെ സമഗ്രവികസനത്തിനുമായി ഡിജിറ്റൽ വയനാട് പദ്ധതി

ആരോഗ്യം
* കല്പറ്റയിൽ അമ്മയും കുഞ്ഞും ആശുപത്രി സ്ഥാപിക്കും
* കല്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയിൽ കാത്ത് ലാബും ട്രോമ കെയറും സ്ഥാപിക്കും.
* തരിയോട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കും.
* ഡയാലിസിസ് രോഗികൾക്ക് സൗജന്യ യാത്രാസൗകര്യം.
* കല്പറ്റയിൽ സ്പോർട്സ് മെഡിക്കൽ സെന്റർ സ്ഥാപിക്കും.

ടൂറിസം
* ഉത്തരവാദിത്ത ടൂറിസം, ഹരിത നിർമിതി എന്നിവ മുൻനിർത്തിയുള്ള ടൂറിസം വികസനം.
* തലശ്ശേരി ടൂറിസം സർക്യൂട്ടുമായി മണ്ഡലത്തെ ബന്ധപ്പെടുത്തും.
* ചെമ്പ്ര റോപ്പ് വേ നിർമിക്കും.
* കല്പറ്റയിൽ ക്രാഫ്റ്റ് ആൻഡ് തീം പവലിയൻ സ്ഥാപിക്കും. കല്പറ്റ ഫെസ്റ്റ് സംഘടിപ്പിക്കും
*
വിദ്യാഭ്യാസം
* ഹയർസെക്കൻഡറി സീറ്റു വർധിപ്പിക്കും.
* കല്പറ്റ ഗവ. കോളേജിന്റെ അടിസ്ഥാന സൗകര്യവികസനം. പഴശ്ശി ട്രൈബൽ കോളേജ് സ്ഥാപിക്കും.
* മാധ്യമപഠനത്തിനായി ആധുനിക ലാബ് സ്ഥാപിക്കും. മാധ്യമമേഖലയിൽ പുതിയ കോഴ്സുകൾ തുടങ്ങും.
* ടൂറിസം തൊഴിലധിഷ്ഠിത കോഴ്സുകൾ തുടങ്ങും.
* മണ്ഡലത്തിൽ ലോ കോളേജ് തുടങ്ങാൻ ഇടപെടും.

തോട്ടംതൊഴിലാളി മേഖല
* തൊഴിലാളികളുടെ അധ്വാനഭാരം കൂട്ടാതെ കൂലി വർധിപ്പിക്കും.
* ഭൂപരിഷ്കരണ നിയമമനുസരിച്ചുള്ള പുതിയ വിളകൾ ഉത്പാദിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നടപടി.
* തൊഴിലാളികളുടെ ആരോഗ്യസുരക്ഷയ്ക്കായി കർമ പദ്ധതി തയ്യാറാക്കും.
ആദിവാസി മേഖല
* പ്രളയ ഭീഷണി നേരിടുന്ന ആദിവാസി ഊരുകളെ പുനരധിവസിപ്പിക്കും.
* ഏകാധ്യാപക വിദ്യാലയങ്ങളെ ഡിജിറ്റലൈസ് ചെയ്യും.

- Advertisement -

- Advertisement -

- Advertisement -

Comments are closed.