above post ad local

കാലാവസ്ഥ മാറിമറിയുന്നു; വയനാട്ടിൽ പച്ചക്കറി കൃഷി പ്രതിസന്ധിയില്‍

0

കല്‍പ്പറ്റ: അടിക്കടിയുണ്ടാകുന്ന കാലാവസ്ഥ മാറ്റത്തില്‍ വയനാട്ടിലെ കാര്‍ഷികമേഖലയാകെ അവതാളത്തിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വയനാട്ടിലെ മിക്ക പ്രദേശങ്ങളിലും കനത്ത വേനല്‍മഴ ലഭിക്കുന്നുണ്ട്. വേനമഴ പോലും കാലംതെറ്റി പെയ്യുന്നതായാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ ലഭിക്കുന്ന മഴ ആഴ്ചകള്‍ക്ക് മുമ്പ് മുമ്പായിരുന്നെങ്കില്‍ പച്ചക്കറി, പുഞ്ചനെല്‍ കര്‍ഷകര്‍ കണ്ണീര്‍പ്പാടത്താകില്ലായിരുന്നു.

നെന്മേനി പഞ്ചായത്തിലെ കല്ലിങ്കര മാത്തൂര്‍ക്കുളങ്ങര സുനില്‍ ജില്ലയിലെ തന്നെ മികച്ച കര്‍ഷകരില്‍ ഒരാളാണ്. ജീവിതം കാര്‍ഷികവൃത്തിക്കായി മാറ്റിവെച്ച ഈ യുവാവ് ഇത്തവണത്തെ പച്ചക്കറികൃഷിയില്‍ അടിപതറിയ കഥയാണ് പറയുന്നത്. ഏത് കാര്‍ഷിക വിളയുടെ തകര്‍ച്ചക്ക് പിന്നിലും സര്‍ക്കാര്‍ നയങ്ങള്‍ക്ക് ഒപ്പം തന്നെ വില്ലനായി കാലാവസ്ഥ മാറ്റവുമുണ്ടെന്ന് ഇദ്ദേഹം ഏഷ്യനെറ്റ് ഓണ്‍ലൈനിനോട് പങ്കുവെച്ചു.

അമര, പലതരം പയറുകള്‍, തക്കാളി, മുളക് മത്തന്‍ തുടങ്ങി മിക്ക പച്ചക്കറി ഇനങ്ങളും വേനല്‍ക്കാലങ്ങളില്‍ ഇദ്ദേഹം കൃഷി ചെയ്യാറുണ്ട്. ഇത്തവണ ആവശ്യത്തിന് വെള്ളമില്ലാത്തതിനാല്‍ തൈകള്‍ വാടിക്കരിഞ്ഞും കീടങ്ങളുടെ ആക്രമണത്താലും മുരടിച്ചും നില്‍ക്കുകയാണ്. മുമ്പെങ്ങുമില്ലാത്തവിധം വയനാടന്‍ പാടങ്ങള്‍ വരണ്ടുപോയിക്കൊണ്ടെയിരിക്കുന്നതായി സുനില്‍ സാക്ഷ്യപ്പെടുത്തുന്നു.

വിത്തിട്ട് തുടങ്ങിയ അന്നുമുതല്‍ പ്രതിസന്ധികള്‍ ആയിരുന്നു. നാടന്‍ പച്ചക്കറികളില്‍ മിക്കതും വേനല്‍ക്കാല വിളയാണെങ്കിലും ചൂട് കൂടിയാല്‍ കീടങ്ങളുടെ ആക്രമണം വര്‍ധിക്കും. ജൈവ കൃഷിരിതിയാണ് എന്നതുകൊണ്ട് തന്നെ പുതിയ കീടങ്ങള്‍ എത്തിയാല്‍ ഫലപ്രദമായ മരുന്ന് ലായനികള്‍ കണ്ടെത്തുകയെന്നത് പ്രയാസമാണെന്ന് ഇദ്ദേഹം പറയുന്നു.

എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കൃഷി ഒരുവിധം വിജയിപ്പിച്ചാലും വിപണി കണ്ടെത്തലും നല്ല വില ലഭിക്കലും ഭാഗ്യം കൂടിയാണെന്ന് സുനില്‍ പറയുന്നു. കാര്‍ഷിക ഉൽപ്പന്നങ്ങള്‍ക്ക് വില സ്ഥിരത ഉറപ്പാക്കാന്‍ കൊണ്ടുവന്ന സര്‍ക്കാര്‍ സംവിധാനങ്ങളും കാര്യക്ഷമമല്ല.

കാര്‍ഷിക കൂട്ടായ്മകള്‍ നിര്‍ജീവമായി പോകുന്നത് പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ കാരണമാണെന്നാണ് സുനിലിന്റെ പക്ഷം. വിപണി കണ്ടെത്തുന്നതിനൊപ്പം അധ്വാനത്തിന് അനുസരിച്ചുള്ള വില കൂടി നിശ്ചയിക്കാന്‍ കര്‍ഷകര്‍ക്ക് അവകാശം നല്‍കാന്‍ ഇനിയുള്ള കാലമെങ്കിലും സര്‍ക്കാര്‍ ശ്രമിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. പുഞ്ചനെല്ലും സുനില്‍ കൃഷി ചെയ്തിട്ടുണ്ടെങ്കിലും വിളഞ്ഞ് പാകമാകുന്നതിന് മുമ്പേ പാടം വരണ്ടുണങ്ങിപോകുന്നതാണ് കാഴ്ച.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.