above post ad local

വയനാട് ജില്ലയിലെ 25 വാർഡുകളിലും 3 നഗരസഭാ ഡിവിഷനുകളിലും സമ്പൂർണ ലോക്ഡൗൺ; നിയന്ത്രണങ്ങൾ ഇങ്ങനെ

കൽപ്പറ്റ: വയനാട് ജില്ലയിൽ പ്രതിവാര ഇൻഫക്‌ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യുഐപിആർ) 10ൽ കൂടുതലുള്ള പഞ്ചായത്ത് വാർഡുകളിലും, നഗരസഭാ ഡിവിഷനുകളിലും ഇന്നു മുതൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച് കലക്ടർ എ. ഗീത ഉത്തരവിട്ടു. 25 വാർഡുകളിലും 3 നഗരസഭാ ഡിവിഷനുകളിലുമാണു സമ്പൂർണ ലോക്ഡൗൺ.

സമ്പൂർണ ലോക്ഡൗൺ കൂടുതലുള്ള വാർഡുകൾ തരിയോട് പഞ്ചായത്തിലാണ്– 6. പൂതാടി പഞ്ചായത്തിലെ ഒന്നാം വാർഡിലെ നടവയൽ ഓസാനം ഭവൻ ഓൾഡ് ഏജ് ഹോം ഉൾപ്പെടുന്ന പ്രദേശവും പുൽപള്ളി പഞ്ചായത്തിലെ 18–ാം വാർഡിലെ ആലൂർക്കുന്നിലെ കണ്ടാമല കോളനി ഉൾപ്പെടുന്ന പ്രദേശവും മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.

നിയന്ത്രണങ്ങൾ ഇങ്ങനെ

ലോക്ഡൗൺ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ അവശ്യസർവീസുകൾ ഒഴികെ എല്ലാവിധ പ്രവർത്തനങ്ങളും ലോക്ഡൗൺ കഴിയുന്നതുവരെ നിർത്തി വയ്ക്കണം. ഈ പ്രദേശങ്ങളിൽ പൊതുഗതാഗതം അനുവദിക്കില്ല. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള വിവാഹം തുടങ്ങിയ ചടങ്ങുകൾ നടത്താൻ അതത് സ്‌റ്റേഷൻ ഹൗസ് ഓഫിസർമാരുടെ അനുമതി വേണം. ഇവിടങ്ങളിൽ സംസ്‌കാരചടങ്ങുകൾ ഒഴികെയുള്ള പൊതു സാമൂഹിക/സാംസ്‌കാരിക/രാഷ്ട്രീയ ചടങ്ങുകൾ അനുവദിക്കില്ല. കാർഷിക പ്രവൃത്തികൾ, തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലികൾ നടത്താം.

ബാങ്കുകൾ, അക്ഷയ കേന്ദ്രങ്ങൾ, ജനസേവന കേന്ദ്രങ്ങൾ, മലഞ്ചരക്ക് കടകൾ, വളം–കീടനാശിനി കടകൾ എന്നിവയ്ക്കു കർശന കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു പ്രവർത്തിക്കാം. ലോക്ഡൗണുള്ള പ്രദേശത്ത് നിന്നു അവശ്യസർവീസ് ഓഫിസുകളിലേക്കും സ്ഥാപനങ്ങളിലേക്കും ജോലിക്ക് വരുന്നവർ ഓഫിസ് തിരിച്ചറിയൽ കാർഡ് കൈവശം വയ്‌ക്കണം. ടൗണുകൾ അതിർത്തികളായി വരുന്ന പഞ്ചായത്തുകളിൽ/നഗരസഭാ ഡിവിഷനുകളിൽ ഒരുഭാഗം ലോക്ഡൗൺ ആണെങ്കിൽ റോഡിന്റെ എതിർഭാഗത്തുള്ള സ്ഥാപനങ്ങൾക്കും ലോക്ഡൗൺ ബാധകമായിരിക്കും.

- Advertisement -

- Advertisement -

- Advertisement -

Comments are closed.