above post ad local

കോവിഡ് 19ന്റെ ഉത്ഭവം കണ്ടെത്തിയില്ലെങ്കില്‍ കോവിഡ് 26 ഉം 32 ഉും നേരിടേണ്ടിവരുമെന്ന് വിദഗ്ധര്‍

വാഷിങ്ടൺ: കോവിഡ് പോലെയുള്ള മഹാമാരികൾ ഭാവിയിലും ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് കോവിഡ് – 19 ന്റെ ഉത്ഭവം കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് അമേരിക്കയിലെ പ്രമുഖ ആരോഗ്യ വിദഗ്ധർ. കോവിഡ് 19 ന്റെ ഉത്ഭവം കണ്ടെത്താൻ ലോകത്തിന് ചൈനീസ് ഭരണകൂടത്തിന്റെ സഹകരണം അത്യാവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.

SARS-CoV-2 വൈറസ് ചൈനയിലെ വുഹാനിലുള്ള ലാബിൽനിന്ന് പുറത്തെത്തിയതാകാം എന്ന നിഗമനത്തെ സാധൂകരിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണെന്ന് ട്രംപ് ഭരണകൂടത്തിൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ ആയിരുന്ന സ്കോട് ഗോട്ലിയേബ് ചൂണ്ടിക്കാട്ടി. നിലവിൽ ഫൈസറിന്റെ ഡയറക്ടർ ബോർഡ് അംഗമാണ് അദ്ദേഹം. ‘വൈറസ് വുഹാൻ ലാബിൽനിന്ന് പുറത്തെത്തിയതാകാം എന്ന നിഗമനം തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങളൊന്നും ചൈന പുറത്തുവിട്ടിട്ടില്ല. അതേസമയം വൈറസ് വന്യജീവികളിൽനിന്ന് ഉത്ഭവിച്ചതാണോ എന്നതിന് തെളിവ് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ കാര്യമായ ഫലം കണ്ടിട്ടുമില്ല’ – സിബിഎസ് ന്യൂസിന്റെ ‘ഫെയിസ് ദി നേഷൻ’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

മഹാമാരിയുടെ ഉത്ഭവം എവിടെ എന്നകാര്യം അജ്ഞാതമായ സാഹചര്യം ഭാവിയിലും ഇത്തരം ഭീഷണികൾ ഉണ്ടാകാനുള്ള സാധ്യത നിലനിർത്തുന്നുവെന്ന് ടെക്സാസ് ചിൽഡ്രൺസ് ഹോസ്പിറ്റൽ സെന്റർ ഫോർ വാക്സിൻ ഡെവലപ്മെന്റ് കോ ഡയറക്ടർ പീറ്റർ ഹോട്ടേസ് മറ്റൊരു ടെലിവിഷൻ പരിപാടിയിൽ അഭിപ്രായപ്പെട്ടു. കോവിഡ് 19 ന്റെ ഉത്ഭവത്തെപ്പറ്റി വ്യക്തമായ ധാരണ ലഭിക്കാത്തപക്ഷം കോവിഡ് 26 നും കോവിഡ് 32 നുമുള്ള സാധ്യത നിലനിൽക്കുകയാണെന്ന് അദ്ദേഹം മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു.

ചൈനയിലെ വുഹാനിലുള്ള സീഫുഡ് മാർക്കറ്റിൽനിന്നാണ് പുതിയ വൈറസ് പടർന്നുപിടിച്ചത് എന്ന് കണ്ടെത്തി ഒരു വർഷം കഴിഞ്ഞിട്ടും വൈറസിന്റെ കൃത്യമായ ഉത്ഭവം എവിടെനിന്നാണ് എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. വൈറസ് വന്യജീവികളിൽനിന്ന് മനുഷ്യരിലേക്ക് പടർന്നതാകാം എന്ന നിഗമനത്തിലാണ് ഗവേഷകർ ആദ്യം എത്തിച്ചേർന്നത്.

എന്നാൽ വൈറസ് റിസർച്ച് ലാബിൽനിന്ന് അബദ്ധത്തിൽ പുറത്തുപോയതാവാം എന്ന നിഗമനം ചില റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ മുന്നോട്ടുവച്ചിരുന്നു. എന്നാൽ അമേരിക്കയിലെ ബൈഡൻ ഭരണകൂടവും ഈ നിഗമനം ഗൗരവമായി എടുക്കുന്നുവെന്ന സൂചനയാണ് അടുത്തിടെ പുറത്തുവരുന്നത്. വൈറസിന്റെ ഉത്ഭവത്തെപ്പറ്റി പുതിയ അന്വേഷണം നടത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈബൻ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. വൈറസ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്ന് പുറത്തെത്തിയതാണോ പ്രകൃതിയിൽനിന്ന് ഉത്ഭവിച്ചതാണോ എന്ന കാര്യത്തിൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് വ്യത്യസ്തമായ നിഗമനങ്ങളാണ് ഉള്ളത്. ഈ സാഹചര്യത്തിൽ ഊർജിതമായ പരിശ്രമം നടത്തി 90 ദിവസത്തിനകം ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകാൻ ഏജൻസികളോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ബൈഡൻ പറഞ്ഞു.

വോൾസ്ട്രീറ്റ് ജേർണൽ മെയ് 23 ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വൈറസിന്റെ ഉദ്ഭവം സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായത്. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ നാല് ഗവേഷകർ 2019 നവംബറിൽതന്നെ അസുഖ ബാധിതരായെന്നും ചികിത്സ തേടിയെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കോവിഡ് 19 ന്റെ ലക്ഷണങ്ങൾ അടക്കമുള്ളവ അവർക്ക് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിൽ ചൈനയിൽ ദീർഘകാല പഠനങ്ങൾ നടത്താൻ ഗവേഷകരെ അനുവദിക്കണമെന്നും മനുഷ്യരിൽനിന്നും മൃഗങ്ങളിൽനിന്നും രക്ത സാമ്പിൾ ശേഖരിച്ച് പടനം നടത്തേണ്ടിവരുമെന്നും പീറ്റർ ഹോട്ടേസ് പറഞ്ഞു. അന്വേഷണത്തിന് അനുമതി ലഭിക്കാൻ ചൈനയ്ക്കുമേൽ അമേരിക്ക സമ്മർദ്ദം ചെലുത്തണം. ഉപരോധങ്ങൾ അടക്കമുള്ളവ ഏർപ്പെടുത്തുമെന്ന ഭീഷണിയടക്കം വേണ്ടിവരും. വൈറോളജി വിദഗ്ധരും, വവ്വാലുകളെപ്പറ്റി ഗവേഷണം നടത്തുന്നവരും അടക്കമുള്ളവർ ഉൾപ്പെട്ട സംഘം ഹുബൈയ് പ്രവിശ്യയിൽ ആറ് മാസം മുതൽ ഒരു വർഷം വരെ പഠനം നടത്തേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അതിനിടെ, വുഹാൻ ലാബ് നിഗമനത്തെ ചൈനയിലെ ഉന്നത ഉദ്യോഗസ്ഥർ എതിർക്കുകയാണ് ചെയ്യുന്നത്. വൈറസിന്റെ ഉത്ഭവത്തെപ്പറ്റി അന്വേഷണം നടത്താനുള്ള ബൈഡന്റെ നീക്കത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് കഴിഞ്ഞ ദിവസം എതിർത്തു. ചൈനയെ അപമാനിക്കുന്നതിനും, കുറ്റപ്പെടുത്തുന്നതിനും, കൃത്രിമം കാട്ടുന്നതിനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വൈറസ് വുഹാനിലെ ലാബിൽനിന്ന് പുറത്തെത്തിയതാൻ സാധ്യതയില്ലെന്ന സൂചന നൽകുന്ന റിപ്പോർട്ട് ലോകാരോഗ്യ സംഘടന മാർച്ചിൽ പുറത്തുവിട്ടിരുന്നു. വൈറസിന്റെ ഉത്ഭവം സംബന്ധിച്ച വ്യക്തമായ വിവരം നൽകാത്ത റിപ്പോർട്ട് ആയിരുന്നു അത്. വൈറസിന്റെ ഉത്ഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.