above post ad local

12 – 15 വയസുകാരില്‍ വാക്‌സിന്‍ 100% ഫലപ്രദമെന്ന്‌ ഫൈസറും ബയോണ്‍ടെക്കും

ബെർലിൻ: ഫൈസർ – ബയോൺടെക് കോവിഡ് വാക്സിൻ 12 മുതൽ 15 വയസുവരെ പ്രായമുള്ളവരിൽ 100 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയതായി അവകാശവാദം. അമേരിക്കയിലെ 2,260 കൗമാരക്കാരിൽ നടത്തിയ മൂന്നാം ഘട്ട പരീക്ഷണത്തിൽ വാക്സിൻ 100 ശതമാനവും ഫലപ്രദമാണെന്ന് വ്യക്തമായതായി ഫൈസറും ബയോൺടെക്കും വാർത്താക്കുറിപ്പിൽ അറിയിച്ചു.

പരീക്ഷണ വിവരങ്ങൾ ഉടൻ അമേരിക്കൻ അധികൃതർക്കും മറ്റു രാജ്യങ്ങൾക്കും കൈമാറുമെന്നും വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി നൽകിയ അനുമതിയിൽ ഭേദഗതി വരുത്താൻ ആവശ്യപ്പെടുമെന്നും കമ്പനി പറയുന്നു. അടുത്ത അധ്യയന വർഷത്തിനു മുമ്പ് 12 -15 പ്രായപരിധിയിൽ വരുന്ന സ്കൂൾ വിദ്യാർഥികൾക്ക് വാക്സിൻ കുത്തിവെപ്പ് എടുക്കാനുള്ള അനുമതിക്കു വേണ്ടിയാണ് ഫൈസറും ബയോൺടെക്കും ശ്രമിക്കുന്നതെന്ന് എ.എഫ്.പി. വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

പരീക്ഷണഫലം ആത്മവിശ്വാസം നൽകുന്നതാണെന്നും യു.കെ. വകഭേദത്തിന്റെ വ്യാപനത്തെയും തടയാൻ കഴിയുമെന്നാണ് വ്യക്തമാകുന്നതെന്നും ജർമൻ കമ്പനിയായ ബയോൺടെക്ക് അധികൃതർ പറഞ്ഞു. ഫൈസർ – ബയോൺടെക്ക് വാക്സിൻ 16 വയസിന് മുകളിലുള്ളവർക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതി അമേരിക്കയും യൂറോപ്യൻ യൂണിയനും നേരത്തെ തന്നെ നൽകിയിരുന്നു.

65-ലധികം രാജ്യങ്ങളിലെ മുതിർന്നവർക്ക് ഫൈസർ – ബയോൺടെക് വാക്സിൻ കുത്തിവെപ്പ് എടുത്തു കഴിഞ്ഞു. വാക്സിന്റെ 250 കോടി ഡോസുകൾ ഈ വർഷം ഉത്പാദിപ്പിക്കുമെന്നാണ് അവർ വ്യക്തമാക്കിയിട്ടുള്ളത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.