above post ad local

100 കോടി ഡോസ് കടന്ന് ആഗോള വാക്‌സിന്‍ വിതരണം; പ്രതിദിനരോഗികളുടെ എണ്ണം പുതിയ ഉയരത്തില്‍

ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് വാക്സിൻ വിതരണം ശനിയാഴ്ച 100 കോടി ഡോസുകൾ കടന്നു. ലോകത്തിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനിടെ 100 കോടിയിലധികം പേർക്ക് വാക്സിൻ ലഭ്യമാക്കാൻ കഴിഞ്ഞത് കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് പ്രതീക്ഷയുണർത്തുന്നു. ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അപ്രതീക്ഷിതമായി രൂക്ഷമാവുകയും ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുകയും ചെയ്തത് ഒരു പരിധി വരെ ആഗോളതലത്തിലെ രോഗികളുടെ എണ്ണത്തിലുള്ള വർധനവിന് കാരണമായിട്ടുണ്ട്.

207 രാജ്യങ്ങളിലും അതിർത്തി മേഖലകളിലുമായി 1,00,29,38,540 വാക്സിൻ ഡോസുകൾ ഇതു വരെ വിതരണം ചെയ്തതായി എഎഫ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. പ്രതിദിന രോഗികളുടെ എണ്ണം വെള്ളിയാഴ്ച 8,93,000 ആയി രേഖപ്പെടുത്തിയതോടെ ആഗോളതലത്തിൽ ഏറ്റവും ഉയർന്ന പ്രതിദിനകണക്കായി ഇത് മാറി. ഇതിൽ മൂന്നിൽ ഒരു ഭാഗം രോഗികൾ ഇന്ത്യയിലാണ്. തുടർച്ചയായി രോഗബാധിതരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്ന ഇന്ത്യയിൽ ശനിയാഴ്ച 3,46,786 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.

ദീർഘകാലം കോവിഡിനെ അകറ്റി നിർത്തിയ തായ്ലൻഡിലും വീണ്ടും കോവിഡ് തരംഗം അലയടിക്കുന്നതായാണ് റിപ്പോർട്ട്. 1,400 ലധികം രോഗബാധിതർ ആശുപത്രികളിൽ പ്രവേശനം കാത്ത് കഴിയുന്നതായി തായ്ലൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻ-ഒ-ചാ ശനിയാഴ്ച അറിയിച്ചു. 2019 ഡിസംബറിൽ ചൈനയിൽ ആരംഭിച്ച വൈറസ് വ്യാപനം ലോകത്താകമാനം ഇതു വരെ മൂന്ന് ദശലക്ഷത്തിലധികം പേരുടെ ജീവനപഹരിച്ചതായാണ് കണക്ക്. ബ്രസീലിൽ 2021 ഏപ്രിലിൽ മാത്രം 68,000 പേർ കോവിഡ് മൂലം മരിച്ചു. അടുത്തകാലത്ത് കോവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ചത് ബ്രസീലിനെയാണ്. ഇതിനിടെ ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിക്കുന്നതിലുണ്ടായ അശ്രദ്ധ ബാഗ്ദാദിലെ കോവിഡ് ആശുപത്രിയിലെ തീപ്പിടിത്തം ഗുരുതരമാക്കുകയും 23 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു.

ഇന്ത്യയിൽ ശനിയാഴ്ച 2,624 പേർ കോവിഡ് മൂലം മരിച്ചു. രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമായതോടെ ആവശ്യമായ സംസ്ഥാനങ്ങളിൽ ഓക്സിജൻ വിതരണത്തിനായി ഓക്സിജൻ എക്സ്പ്രസ്സ് ട്രെയിനുകൾ ഏർപ്പെടുത്തി. 30,000 ലിറ്റർ ദ്രവ ഓക്സിജനുമായി ലഖ്നൗവിലെത്തിയ ഒരു ട്രെയിനിൽ നിന്ന് ട്രക്കുകൾ സുരക്ഷാഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ആശുപത്രികളിലേക്ക് പാഞ്ഞു. രാജ്യത്തിനകത്ത് ഓക്സിജൻ ടാങ്കറുകളും മറ്റ് അവശ്യസാധനങ്ങളുമെത്തിക്കാൻ വ്യോമസേനയും രംഗത്തുണ്ട്. കൂടാതെ സിങ്കപ്പുരിൽ നിന്ന് ഓക്സിജൻ ഉപകരണങ്ങളെത്തിക്കുന്ന ഉത്തരവാദിത്വവും വ്യോമസേന ഏറ്റെടുത്തു.

കോവിഡ് വ്യാപനനിരക്കിൽ കുറവ് രേഖപ്പെടുത്താത്തതിനാൽ ആഗോളരാജ്യങ്ങൾ കോവിഡ് വാക്സിനുകളിലാണ് തങ്ങളുടെ പ്രതീക്ഷ പുലർത്തുന്നത്. കഴിഞ്ഞ മാസത്തിനേക്കാൾ ഇരട്ടി വാക്സിൻ ഡോസുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ മാസം വിതരണം ചെയ്തു. ഭൂരിഭാഗം ദരിദ്രരാഷ്ട്രങ്ങളും ജനങ്ങൾക്കുള്ള വാക്സിൻ വിതരണം ആരംഭിച്ചു കഴിഞ്ഞു. ലോകജനതയുടെ 16 ശതമാനം മാത്രം അധിവസിക്കുന്ന സമ്പന്ന രാഷ്ട്രങ്ങളിലാണ് വാക്സിൻ വിതരണത്തിന്റെ 47 ശതമാനവുമെന്നത് നിർഭാഗ്യകരമായ സംഗതിയാണ്.

രക്തം കട്ടപിടിക്കാനിടയുണ്ടെന്ന ആശങ്കയെ തുടർന്ന് യുഎസിൽ ഉപയോഗാനുമതി ലഭിച്ച ജോൺസൺ & ജോൺസൺ വാക്സിന്റെ വിതരണം നിർത്തിവെച്ചു. യൂറോപ്പും ബെൽജിയവും ജോൺസൺ & ജോൺസൺ വാക്സിന് അനുമതി നൽകുമെന്ന് ശനിയാഴ്ച അറിയിച്ചു. 36,000 ഡോസ് വാക്സിൻ ലഭിച്ചതായും ഏപ്രിൽ-ജൂൺ കാലയളവിൽ 1.4 ദശലക്ഷം ഡോസുകൾ കൂടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഈ രാജ്യങ്ങൾ കൂട്ടിച്ചേർത്തു. ഒറ്റ ഡോസ് മതിയെന്നതാണ് ജോൺസൺ & ജോൺസൺ വാക്സിന്റെ മെച്ചം. രാജ്യത്തെ പ്രായപൂർത്തിയായ 70 ശതമാനം ജനങ്ങൾക്ക് ജൂലായോടെ നൽകാനുള്ള അളവ് വാക്സിൻ സംഭരിച്ചിട്ടുള്ളതായി യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി.

വൈറസ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്താത്തത് വാക്സിൻ പ്രതീക്ഷകൾക്കിടയിലും ഭീഷണിയായി തുടരുന്നു. ജർമനി കൂടുതൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടെ രാത്രി കാല കർഫ്യൂ നിലവിലുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധങ്ങളും ഉയർന്നിട്ടുണ്ട്. നിയന്ത്രണങ്ങൾ തുടരുന്നത് ബ്രിട്ടനിലും പ്രതിഷേധങ്ങൾക്കിടയാക്കിയിരിക്കുകയാണ്. മാസ്സ് വാക്സിൻ ക്യാംപെയിന് ശേഷം ബ്രിട്ടൻ നിയന്ത്രണങ്ങളിൽ ഇളവ് നൽകിത്തുടങ്ങി. കോവിഡ് വ്യാപനം വർധിച്ചതോടെ ഇന്ത്യയും കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്. സംസ്ഥാനങ്ങൾ ലോക്ഡൗൺ, രാത്രികാല കർഫ്യൂ, വാരാന്ത്യ കർഫ്യൂ, നിരോധനാജ്ഞ എന്നിവ സാഹചര്യമനുസരിച്ച് ഏർപ്പെടുത്തിയിട്ടുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.