above post ad local

ചാനുവിനും സിന്ധുവിനും പിറകേ ലവ്ലിനും: ബോക്സിങ്ങിൽ ഇന്ത്യയ്ക്ക് വെങ്കലം

ടോക്യോ: ബോക്സിങ്ങിൽ റിങ്ങിൽ നിന്നും ഇന്ത്യയ്ക്ക് വെങ്കലം. ഇന്ത്യയുടെ വനിതാ ബോക്സർ ലവ്ലിന ബോർഗൊഹെയ്നാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡൽ നേടിയത്. വനിതകളുടെ വെൽറ്റർ വെയ്റ്റ് വിഭാഗത്തിലാണ് ലവ്ലിന ഇന്ത്യയ്ക്ക് മെഡൽ സ്വന്തമാക്കിയത്. നിർണായകമായ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരമായ തുർക്കിയുടെ ബുസെനാസ് സുർമെലെനിയോട് തോൽവി വഴങ്ങിയതോടെ ലവ്ലിന വെങ്കലമെഡൽ ഉറപ്പിച്ചു. സ്കോർ: 5-0

അനായാസ വിജയമാണ് ബുസെനാസ് നേടിയെടുത്തത്. ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ലവ്ലിനയ്ക്കെതിരേ പരിചയ സമ്പത്തിന്റെ കരുത്തിലാണ് തുർക്കി താരം വിജയം കരസ്ഥമാക്കിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ലവ്ലിനയ്ക്ക് ആധിപത്യം പുലർത്താനായില്ല. വിജയിച്ചിരുന്നെങ്കിൽ ഇന്ത്യയ്ക്ക് വേണ്ടി ബോക്സിങ്ങിൽ ഒളിമ്പിക്സിൽ ഫൈനൽ കളിക്കുന്ന ആദ്യ താരം എന്ന നേട്ടം സ്വന്തമാക്കാൻ താരത്തിന് കഴിയുമായിരുന്നു.

ആദ്യ റൗണ്ടിൽ ലവ്ലിന നന്നായി തുടങ്ങിയെങ്കിലും ലോക ഒന്നാം നമ്പർ താരത്തിനെതിരേ പിന്നീട് മത്സരം കൈവിടുകയായിരുന്നു. ആദ്യ റൗണ്ട് ബുസെനാസ് സ്വന്തമാക്കി. രണ്ടാം റൗണ്ടിൽ തുർക്കി താരം ലീഡുയർത്തിയതോടെ ലവ്ലിന പതറി. ഒടുവിൽ ബോക്സിങ് റിങ്ങിൽനിന്നു മെഡൽ നേടിക്കൊണ്ട് തലയുയർത്തി ലവ്ലിന ഇന്ത്യയുടെ അഭിമാനമായി മാറി. മിരാബായ് ചാനുവിനും സിന്ധുവിനും ശേഷം ഈ ഒളിമ്പിക്സിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.