above post ad local

പ്രവേശനാനുമതി നൽകി യു എ ഇ: വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധം

ദുബായ്:കോവിഡ് വാക്സിനേഷൻ സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാർക്ക് വ്യാഴാഴ്ച മുതൽ നിബന്ധനകളോടെ യു.എ.ഇ. യിലേക്ക് പ്രവേശിക്കാം. യു.എ.ഇ. അംഗീകരിച്ച രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച് കുറഞ്ഞത് 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം. വാക്സിൻ സർട്ടിഫിക്കറ്റ്, 48 മണിക്കൂറിനകമുള്ള കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ കരുതണം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐ.സി.എ.), ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ.) അനുമതികൾ വാങ്ങിയിരിക്കണം. അതേസമയം സന്ദർശക വിസക്കാർക്ക് ഇപ്പോൾ പ്രവേശനാനുമതിയില്ല. ഇന്ത്യയെ കൂടാതെ പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, യുഗാൻഡ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കും പ്രവേശനാനുമതിയുണ്ട്. ചൊവ്വാഴ്ച യു.എ.ഇ. ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഷീൽഡ് വാക്സിൻ യു.എ.ഇ. അംഗീകരിച്ചിട്ടുണ്ട്. യു.എ.ഇ. വിതരണം ചെയ്യുന്ന ഫൈസർ, സിനോഫാം, സ്ഫുട്നിക് തുടങ്ങിയ വാക്സിനുകൾ സ്വീകരിച്ചവർക്കും രാജ്യത്തേക്ക് പ്രവേശിക്കാം. യു.എ.ഇ. യിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യൻസ് എന്നിവരുൾപ്പെടുന്ന ആരോഗ്യ പ്രവർത്തകർ, യു.എ.ഇ. യിലെ സർവകലാശാലകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നവർ, വിദ്യാർഥികൾ, മാനുഷിക പരിഗണന നൽകേണ്ടവരിൽ സാധുവായ താമസവിസയുള്ളവർ, ഫെഡറൽ, ലോക്കൽ ഗവ. ഏജൻസികളിൽ പ്രവർത്തിക്കുന്നവർ എന്നീ വിഭാഗങ്ങളിൽപ്പെട്ട എല്ലാവർക്കും ഓഗസ്റ്റ് അഞ്ചുമുതൽ യു.എ.ഇ. യിലേക്ക് മടങ്ങാം. ഇവരിൽ ഡോക്ടർമാർ, നഴ്സുമാർ, അധ്യാപകർ എന്നിവർക്ക് വാക്സിനേഷൻ നിർബന്ധമില്ല.

- Advertisement -

- Advertisement -

- Advertisement -

Comments are closed.