above post ad local

കേരളത്തിൽ 12.8 ശതമാനം പേർ ശാസ്ത്രീയ ചികിത്സ വേണ്ട മാനസിക പ്രശ്നമുള്ളവർ: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ മൊത്തം ജനസംഖ്യയുടെ 12.8 ശതമാനത്തോളം ആളുകള്‍ ശാസ്ത്രീയമായ ചികിത്സ ആവശ്യമുള്ള മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതില്‍ 15 ശതമാനം ആളുകള്‍ മാത്രമാണ് ശാസ്ത്രീയമായ ചികിത്സ തേടുന്നത്. ചികിത്സാ കേന്ദ്രങ്ങളുടെയോ ചികിത്സാ സൗകര്യങ്ങളുടെയോ അഭാവം കൊണ്ടല്ല. എന്നാല്‍ അതിലേക്ക് ആളുകള്‍ എത്തപ്പെടുന്നില്ല. ഈ അവസരത്തില്‍ മാനസിക ആരോഗ്യ സാക്ഷരതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ഊര്‍ജിതമാക്കേണ്ടത് അനിവാര്യമായ ഒരു സാഹചര്യമായി കാണുകയാണ്. ഈയൊരു ദൗത്യം എല്ലാവരുടേയും സഹകരണത്തോടെ ഊര്‍ജസ്വലമായി ആരോഗ്യ വകുപ്പ് ഏറ്റെടുക്കുന്നു-അവർ പറഞ്ഞു. ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗവും ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകവും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മാനസിക ആരോഗ്യ സാക്ഷരത അനിവാര്യമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഏത് സമൂഹത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും അനിവാര്യമാണ് ആളുകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം. ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം തന്നെ വളരെ പ്രധാനപ്പെട്ടതാണ് മനസിന്റെ ആരോഗ്യവും. അസ്വസ്ഥതകളും വേദനകളും രോഗങ്ങളും തിരിച്ചറിയുന്നതിനും യഥാസമയം ചികിത്സ തേടാനും എല്ലാവരും ശ്രദ്ധിക്കാറുണ്ട്. പക്ഷേ മനസിന്റെ ആരോഗ്യ പ്രശ്നങ്ങള്‍, രോഗലക്ഷണങ്ങള്‍, രോഗാവസ്ഥകള്‍ എന്നിവ തിരിച്ചറിയുന്നതിനും ശാസ്ത്രീയമായ ചികിത്സ തേടുന്നതിനും ഭൂരിപക്ഷം ആളുകള്‍ക്കും കഴിയുന്നില്ല എന്നുള്ളത് യാഥാര്‍ഥ്യമാണ്. ഭൂരിപക്ഷം ആളുകള്‍ക്കും മാനസികാരോഗ്യം സംബന്ധിച്ചിട്ടുള്ള കൃത്യമായ അവബോധമില്ല എന്നുള്ളതാണ് ഇതിന് പ്രധാനമായി ചൂണ്ടിക്കാണിക്കാനുള്ളത്. അതോടൊപ്പം തന്നെ മാനസികാരോഗ്യം സംബന്ധിച്ചുള്ള തെറ്റായ ധാരണകളും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകത്തിലെ സാമൂഹിക സാമ്പത്തിക ക്രമങ്ങള്‍ മാറിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ ആളുകള്‍ സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. വിദ്യാഭ്യാസരംഗത്തും മാറ്റം വന്നു. ഓണ്‍ലൈന്‍ പഠനത്തില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ എത്തപ്പെട്ട സാഹചര്യവുമുണ്ട്. സാമൂഹിക ഇടപെടലിലൂടെയും മറ്റുമുള്ള സാധാരണ രീതിയിലുള്ള വളര്‍ച്ച കുഞ്ഞുങ്ങള്‍ക്ക് നഷ്ടപ്പെടുന്നുണ്ട് എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

പ്രാഥമിക ആരോഗ്യതലം മുതല്‍ തന്നെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ആലോചിക്കുന്നു. അതോടൊപ്പം തന്നെ മാനസികാരോഗ്യ കേന്ദ്രങ്ങള്‍, മെഡിക്കല്‍ കോളേജുകളിലെ മാനസികാരോഗ്യ വിഭാഗങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഒപ്പം ഗവേഷണങ്ങള്‍ക്കും പ്രാധാന്യം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.

ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം ‘സ്നേഹ കവചം’ എന്ന പേരില്‍ ഡിജിറ്റല്‍ അടിമത്വം പരിഹരിക്കാന്‍ സഹായിക്കുന്ന ഒരു പരിശീലന പരിപാടി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ആയി സംസ്ഥാന വ്യാപകമായി ആരംഭിക്കുന്നു. ഇതിന്റെ ഉദ്ഘാടനവും നടന്നു.

ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം പ്രസിഡന്റ് ഡോ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ബിന്ദു മോഹന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, സൈക്യാട്രി വിഭാഗം മേധാവി ഡോ. ടി.വി. അനില്‍കുമാര്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ്, ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള സെക്രട്ടറി ഡോ. അനൂപ് വിന്‍സന്റ്, കെഎസ്എസ്പി ജില്ലാ സെക്രട്ടറി എസ്.എല്‍. സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.