above post ad local

സ്ത്രീ സ്വാതന്ത്രത്തിൻ്റെ പുതിയ തലങ്ങൾ…….   ‘ആവറേജ് അല്ല അമ്പിളി’  മൗനവും നിസ്സംഗതയും കൊണ്ടുള്ള പ്രതിരോധങ്ങൾ:  പൊട്ടിത്തെറികൾ അല്ല വേണ്ടത് യുക്തിസഹമായ ചോദ്യങ്ങളാണ്, ചോദ്യങ്ങളിലെ ഉത്തരമായി ജീവിച്ചു കാണിക്കലാണ് സ്ത്രീ സ്വാതന്ത്ര്യം

പെണ്ണ്, പെണ്ണിനെന്താ കുഴപ്പം
————————————————–

നീയൊരു പെണ്ണല്ലേ, പെണ്ണല്ലേ സാരമില്ല, പെണ്ണല്ലേ വിട്ടേക്ക്, അവൾ ഒരു പെണ്ണല്ലേ അവളെക്കൊണ്ട് അതൊന്നും പറ്റില്ല, ഒരു പെണ്ണായി ജീവിക്കുമ്പോൾ ഒരിക്കലെങ്കിലും കേട്ടിട്ടുള്ള വിമർശനങ്ങൾ ആയിരിക്കും ഇവയോരോന്നും

സമൂഹത്തിൽ തരംഗമായി മാറിയ ‘കരിക്ക്’ എന്ന യൂട്യൂബ് ചാനലിൻ്റെ ഏറ്റവും പുതിയ വെബ് സീരിസായ ആവറേജ് അമ്പിളി ഇത്തരം ചോദ്യങ്ങളുമായി മുന്നേറുകയാണ്.
കരിക്കിൻ്റെ ഏതൊരു വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയാവാറുണ്ട്. ഇത്തവണയും പതിവ് തെറ്റിയില്ല. ആവറേജ് അമ്പിളി ഒരു പൊളിച്ചെഴുത്താണ്. പെണ്ണായി പിറന്നാൾ ഇങ്ങിനെയൊക്കെ ആവണമെന്ന കാഴ്ചപ്പാടുകൾക്ക് മുകളിൽ ഉയർന്നുവരുന്ന ചോദ്യങ്ങളാണ്.

അമ്പിളി ഒരു ശരാശരിയിൽ ഒതുങ്ങിപ്പോയവൾ അല്ല. “നിൻ്റെ ചേച്ചിയെ കണ്ടു പഠിക്കണം, നിൻ്റെ പ്രായത്തിൽ അവൾ പഠിത്തത്തിന് പഠിത്തം സ്പോർട്സിന് സ്പോർട്സ് പിന്നീട് ബാങ്കിൽ നല്ലൊരു ജോലി ഇന്നിപ്പോ കല്ല്യാണം കഴിഞ്ഞ് കുടുംബവും നോക്കി നല്ല അന്തസായി ജീവിക്കുന്നു, എന്ന് പറയുന്ന അച്ഛനോട് കല്ല്യാണം കഴിഞ്ഞ് വീട്ടിൽ ഇരിക്കാൻ ആണെങ്കിൽ എന്തിനായിരുന്നു സ്പോർട്സും ബാങ്ക് ജോലിയും ഒക്കെ എന്ന ചോദ്യത്തിന് ഉത്തരം നൽകാനാവാതെ ‘എടീ’ എന്ന ദേഷ്യത്തോടെയുള്ള വിളിയിൽ ഒതുക്കി തീർക്കുകയാണ് അമ്പിളിയുടെ അച്ഛൻ”. പെണ്ണായി പിറന്നാൾ ഒരു പ്രായത്തിനുള്ളിൽ പഠിത്തവും കഴിഞ്ഞ് ജോലിയും നേടി വിവാഹം കഴിക്കണമെന്ന പരമ്പരാഗത രീതിക്കു മുകളിൽ വന്ന അടിയായിരുന്നു അമ്പിളിയുടെ ചോദ്യം. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിൽ ഉയർത്തിക്കാട്ടുന്ന ഒരു ചോദ്യമുണ്ട് ‘who decides the expiry date of a woman’s dream’? ഈ ചോദ്യത്തിന് ഉത്തരം ‘സമൂഹം’ എന്ന് തന്നെയാണ്. ഒരു നിശ്ചിത കാലയളവിനുള്ളിൽ പഠിത്തവും ജോലിയും, ഒരു പ്രായമായി കഴിഞ്ഞാൽ പിന്നീട് വിവാഹം. അതിനുശേഷമോ? ‘പിന്നെന്താ വീടും വീട്ടുകാരെയും നോക്കി ജീവിക്കണം’ . അതാണല്ലോ അന്തസ്സ്. കെട്ടി കൊണ്ടു വരുന്ന പെണ്ണ് പണിയെടുത്തിട്ട് വേണ്ട ഇവിടെ വീട് കഴിയാൻ, ആഹാ തറവാടിത്തം!

‘ചേച്ചീടെ കാര്യത്തിൽ അച്ഛൻ എടുത്ത തീരുമാനത്തിൽ ചേച്ചി ഹാപ്പി ആണോ’ എന്ന് അമ്പിളി ചോദിക്കുമ്പോൾ ചേച്ചിയുടെ ചുണ്ടുകളിൽ വന്ന മൗനമായിരുന്നു അവരുടെ പ്രതിഷേധം. ‘പെണ്ണുകാണാൻ ആയി വന്ന ചെറുക്കൻ കല്ല്യാണം കഴിഞ്ഞ് തനിക്ക് ജോലി നോക്കണമെങ്കിൽ ആവാമെന്നും അതിന് എനിക്ക് സമ്മതമാണെന്നും പറയുമ്പോൾ “ങേ” എന്ന മുഖഭാവത്തിൽ പറയേണ്ടതെല്ലാം പറഞ്ഞുവച്ചിരുന്നു അവൾ. അത് അയാളുടെ മുഖത്തിൽ നിന്നും വ്യക്തമായി’. ഒരു പെൺകുട്ടി വിവാഹം കഴിച്ചാൽ പിന്നീട് അവളുടെ ജീവിതവും കരിയറും തീരുമാനിക്കേണ്ടത് മറ്റൊരാൾ ആണോ? അതെന്ത് ന്യായമാണ്, അതാണത്രേ നാട്ടുനടപ്പ്.


തൻ്റെ സ്കൂട്ടറിൽ വന്നിടിച്ച കാറുകാരൻ അപമര്യാദയായി പെരുമാറിയിട്ടും അവൾ മൗനിയായി നിന്നു. എന്നാൽ ‘പെണ്ണല്ലേ വിട്ടേരെടാ’ എന്ന് പറയുമ്പോൾ ‘പെണ്ണായാൽ എന്താ ചേട്ടാ’ എന്ന ചോദ്യം ആണത്തത്തിന്മേൽ വന്ന ഒരു അടിയായിരുന്നു. തെറ്റുകാരി നീയാണെന്ന് പറഞ്ഞയാളെ അമ്പിളി ചോദ്യം ചെയ്യുമ്പോൾ ‘തരത്തിൽ പോയി കളി’ എന്നായിരുന്നു അയാളുടെ മറുപടി. എന്നാൽ അവിടെ അവൾ ആയിരുന്നു ശരി. അതെന്താ ആണിനോട് എതിർത്തു നിൽക്കാൻ പോലും അവളെ കൊണ്ട് ആവതില്ല എന്നുണ്ടോ?
അവളെ സ്നേഹത്തിൻ്റെയും സഹനത്തിൻ്റെയും പ്രതീകമായി മാത്രം മാറ്റുന്നത് എന്തിനാണ്? ഇതുപോലെ പെണ്ണിന് ചോദിക്കാൻ ഒരായിരം ചോദ്യങ്ങൾ ഉണ്ട്. എന്നാൽ കേൾക്കാനായി ആരുമില്ല. പെണ്ണെന്നും മൗനിയാവണം. അവൾക്ക് ചോദ്യങ്ങളുണ്ടാവാൻ പാടില്ല എന്ന സമൂഹത്തിൻ്റെ കാഴ്ചപ്പാടുകൾക്ക് മുകളിലാണ് ആവറേജ് അമ്പിളി.

അമ്പിളി ഇവിടെ ഉയർത്തുന്ന ചോദ്യങ്ങൾ ഒന്നും തന്നെ ഒന്നോ രണ്ടോ വ്യക്തികളോട് അല്ല. അത് സമൂഹത്തിനോട് ആണ്. അവൾ ഉറച്ച ശബ്ദത്തിലോ പൊട്ടിത്തെറിച്ചോ അല്ല അവളുടെ ചോദ്യങ്ങൾ ഉയർത്തുന്നത്. എപ്പോഴും നിസ്സംഗതയാണ് അവളുടെ മുഖഭാവം. അതുകൊണ്ടാണ് അവൾ വ്യത്യസ്തയാവുന്നത്. വാട്സാപ്പ് സ്റ്റാറ്റസുകളിലും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലും മാത്രമായി ഒതുങ്ങിപ്പോകുന്ന സ്ത്രീ സ്വതന്ത്രം പെണ്ണിന് ഇനിയും എത്രയോ അകലെയാണ്. അമ്പിളിയെ വീഴ്ത്തിയിടാൻ നോക്കുമ്പോളെല്ലാം അവൾ ചോദ്യങ്ങളെ ചവിട്ടുപടിയാക്കി ഉയർന്നുവന്നു. എത്ര പെൺകുട്ടികൾ ഇന്നതിനു മുതിരും.

സ്ത്രീ മറ്റൊരാളുടെ അടിമയല്ല. അവൾ സ്വതന്ത്രയാണ്. സ്വന്തം തീരുമാനങ്ങളിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവൾ. എന്തു പഠിക്കണം, എവിടെ പഠിക്കണം, എന്ത് ജോലി ചെയ്യണം, എന്ത് കഴിക്കണം, എന്ത് ധരിക്കണം, എവിടെ പോവണം, എന്ത് ചെയ്യണം, എപ്പോൾ വിവാഹം കഴിക്കണം, ആരെ വിവാഹം കഴിക്കണം, എപ്പോൾ പ്രസവിക്കണം, എങ്ങിനെ ജീവിക്കണം, അവൾക്കറിയാം.
ഇതൊക്കെ കാലാകാലങ്ങളായി നമ്മൾ പറഞ്ഞതും കേട്ടതും ആണ്. എന്നാൽ യാഥാർത്ഥ്യത്തിലേക്ക് ഇവയൊന്നും എത്തപ്പെടുന്നില്ല. ഇനി എത്രയൊക്കെ ഉറക്കെ വിളിച്ചു പറഞ്ഞാലും അത് ഈ സമൂഹം കേൾക്കാൻ പോകുന്നില്ല. കാരണം അപ്പോഴൊക്കെ അവർ ബധിരരാണ്. അല്ലെങ്കിൽ അങ്ങിനെ അഭിനന്ദിക്കുകയാണ്. ഇനി വേണ്ടത് വാക്കുകൾ കൊണ്ടുള്ള പ്രതിഷേധമല്ല. കേൾക്കേണ്ടതാത്തത് കേൾക്കാതെയും കാണേണ്ടതാത്തത് കാണാതെയുമുള്ള ജീവിച്ചു കാണിക്കലാണ്. അതിനായി തുനിഞ്ഞിറങ്ങേണ്ടതും പെണ്ണാണ്. സ്വന്തം ജീവിതത്തോടുള്ള ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുബോഴാണ് സ്ത്രീ സ്വതന്ത്രയാവുന്നത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.