above post ad local

തന്റെയും സഹോദരിയുടേയും ചിത്രങ്ങളുമായി ‘അശ്വതി അച്ചുവും അനുശ്രീ അനുവും’; പ്രഭ വിട്ടുകൊടുത്തില്ല, തട്ടിപ്പുകാരി വലയില്‍

0

ഫെയ്സ്ബുക്കിലെ വ്യാജ ഐഡികളും അതുപയോഗിച്ച് പണം തട്ടലുമെല്ലാം ഇപ്പോൾ പുത്തരിയല്ല. ദിവസവും ഇത്തരത്തിലുള്ള ഒട്ടേറെ തട്ടിപ്പ് വാർത്തകളാണ് ഓരോസ്ഥലത്തുനിന്നും പുറത്തുവരുന്നത്. എത്രയെത്ര മുന്നറിയിപ്പുകൾ നൽകിയിട്ടും ഇപ്പോഴും പലരും ഈ തട്ടിപ്പുകളിൽ വീണുപോവുകയും ചെയ്യുന്നു.

മറ്റ് യുവതികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഫെയ്സ്ബുക്കിൽ വ്യാജ ഐഡി നിർമിച്ച് യുവാക്കളിൽനിന്ന് പണം തട്ടിയ യുവതിയെ കഴിഞ്ഞദിവസമാണ് കൊല്ലം ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തത്. ശൂരനാട് മാവിലാത്തറ വടക്കതിൽ അശ്വതിയാണ് പിടിയിലായത്.

കൊച്ചി കാക്കനാട് സ്വദേശി പ്രഭ, സഹോദരി രമ്യ എന്നിവരുടെ ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു അശ്വതി ഫെയ്സ്ബുക്കിൽ തട്ടിപ്പ് നടത്തിപോന്നിരുന്നത്. തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രഭ തന്നെയാണ് ഇവർക്കെതിരേ പോലീസിൽ പരാതി നൽകിയത്. എന്നാൽ സൈബർ പോലീസ് പരാതിയോട് മുഖംതിരിച്ചതോടെ പ്രഭ തന്നെ ഒറ്റയ്ക്ക് പ്രതിയെ തേടിപിടിക്കുകയായിരുന്നു.

 

ഒടുവിൽ എല്ലാവിവരങ്ങളും കണ്ടെത്തിയതോടെ അശ്വതിക്കെതിരേ ശൂരനാട് പോലീസിൽ വീണ്ടും പരാതി നൽകി. ശൂരനാട് പോലീസ് കഴിഞ്ഞദിവസം പ്രതിയെ കൈയോടെ പിടികൂടുകയും ചെയ്തു. കഴിഞ്ഞ മാർച്ച് മുതൽ സ്വന്തംനിലയിൽ ആരംഭിച്ച ആ അന്വേഷണത്തെക്കുറിച്ച് പ്രഭ തന്നെ വിശദീകരിക്കുന്നു.

അനുശ്രീ അനു, അശ്വതി അച്ചു….

ഇക്കഴിഞ്ഞ മാർച്ചിലാണ് തന്റെ ചിത്രങ്ങൾ ഉപയോഗിച്ച് ഫെയ്സ്ബുക്കിൽ വ്യാജ ഐഡികൾ നിർമിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രഭ അറിയുന്നത്. പിന്നാലെ തന്റെ സഹോദരിയായ രമ്യയുടെ ചിത്രങ്ങൾ ഉപയോഗിച്ചും വ്യാജ ഐഡികൾ വിലസുന്നതായും കണ്ടെത്തി. ഇരുവരും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളെല്ലാം അതേപടിയെടുത്താണ് വ്യാജ ഐഡികളിലും പോസ്റ്റ് ചെയ്തിരുന്നത്.

”എന്റെ സുഹൃത്ത് അവരുടെ കൂട്ടുകാരന്റെ ഫോണിൽ എന്റെ ചിത്രങ്ങൾ കണ്ടതാണ് വഴിത്തിരിവായത്. അവനോട് ഈ ചിത്രങ്ങൾ എവിടെനിന്ന് കിട്ടിയതാണെന്ന് ചോദിച്ചപ്പോൾ തന്റെ ഫെയ്സ്ബുക്ക് ഫ്രണ്ടാണെന്നും അനുശ്രീ അനു എന്നാണ് പേരെന്നും അവർ മറുപടി നൽകി. തുടർന്ന് ഇത് ഞാനാണെന്നും അനുശ്രീ അനു വ്യാജ ഐഡിയാണെന്നും സുഹൃത്ത് അവരെ ബോധ്യപ്പെടുത്തുകയായിരുന്നു. ഇക്കാര്യം എന്നെയും അറിയിച്ചു. പിന്നീട് അവർ ‘അനുശ്രീ അനു’വുമായി ചാറ്റ് ചെയ്ത് തന്ത്രപൂർവം മൊബൈൽ നമ്പർ കരസ്ഥമാക്കി. നമ്പർ കിട്ടിയതോടെ ഞാൻ അവരെ നേരിട്ട് വിളിച്ചു. തന്റെ ഫോൺ കളഞ്ഞുപോയെന്നും താനല്ല ഇതൊന്നും ചെയ്തതെന്നുമാണ് ഇപ്പോൾ പിടിയിലായ അശ്വതി അന്ന് മറുപടി നൽകിയത്. ഫോണിൽവിളിച്ച് കാര്യം തിരക്കിയതിന് പിന്നാലെ ആ വ്യാജ ഐഡി ഡിലീറ്റാവുകയും ചെയ്തു. തുടർന്ന് കൊച്ചിയിലെ സൈബർ പോലീസിൽ പരാതി നൽകി. എല്ലാം ശരിയാക്കാമെന്നായിരുന്നു പോലീസിന്റെ മറുപടി. എന്നാൽ പിന്നീട് അന്വേഷണത്തിൽ പുരോഗതിയൊന്നും ഉണ്ടായില്ല. ഇടയ്ക്കിടെ വിളിച്ചുചോദിക്കുമ്പോൾ പോലീസ് ഓരോകാരണം പറഞ്ഞ് ഒഴിവായി. ഫെയ്സ്ബുക്ക് ഐഡിയുടെ യുആർഎൽ ഇല്ലെങ്കിൽ കേസ് നിലനിൽക്കില്ലെന്നും പറഞ്ഞു. കേസിന് പോകണോ പൊല്ലാപ്പാകില്ലേ എന്നൊക്കെ ചോദിച്ചു. അങ്ങനെ പലതും പറഞ്ഞ് ആ പരാതി പിൻവലിപ്പിക്കുകയും ചെയ്തു.

നിർണായകമായി ഫോൺകോളും പുതിയ അക്കൗണ്ടും…

അതിനുശേഷം എനിക്ക് മറ്റൊരു നമ്പറിൽനിന്ന് ഒരു കോൾ വന്നതാണ് ട്വിസ്റ്റുണ്ടാക്കിയത്. ആ നമ്പർ ട്രൂകോളറിൽ പരിശോധിച്ചപ്പോൾ അനുശ്രീ അനു എന്ന ട്രൂകോളർ ഐഡിയാണ് കാണിച്ചത്. അതോടെ അശ്വതിയുടെ ആദ്യത്തെ നമ്പറിൽ വിളിച്ച് കാര്യം തിരക്കി. നിങ്ങൾ മറ്റൊരു നമ്പറിൽനിന്ന് വിളിച്ചിരുന്നോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. പിന്നാലെ എന്റെ നമ്പർ അവർ ബ്ലോക്കും ചെയ്തു. ഇതിനുശേഷം ഞാൻ സൈബർ പോലീസിനെതിരേ ഫെയ്സ്ബുക്കിലെല്ലാം പോസ്റ്റിട്ടിരുന്നു. എന്റെ പഴയ ഐഡി ഒഴിവാക്കി ഫോൺ നമ്പർ ഉപയോഗിച്ച് പുതിയ ഫെയ്സ്ബുക്ക് ഐഡി ഉണ്ടാക്കുകയും ചെയ്തു. ആ ഐഡിയിലേക്ക് വന്ന ഒരു ഫ്രണ്ട് റിക്വസ്റ്റാണ് ഈ സംഭവത്തിൽ വീണ്ടും നിർണായകമായത്.

അനുശ്രീ അനു എന്ന പേരിലുള്ള ഐഡിയിൽനിന്നായിരുന്നു ആ റിക്വസ്റ്റ്. പ്രൊഫൈൽ ചിത്രം ഉണ്ടായിരുന്നില്ല. റിക്വസ്റ്റ് സ്വീകരിച്ച് അതിലെ കോൺടാക്ട് ഇൻഫോ പരിശോധിച്ചപ്പോൾ നേരത്തെ എന്നെ വിളിച്ച അതേ മൊബൈൽ നമ്പറായിരുന്നു. ഒരുപക്ഷേ, എന്റെ നമ്പർ അവർ സേവ് ചെയ്തതിനാൽ ഫെയ്സ്ബുക്കിൽിന്ന് ഓട്ടോമാറ്റിക്കായി റിക്വസ്റ്റ് വന്നതായിരിക്കാം. എന്തായാലും അനുശ്രീ അനു ആരാണെന്ന് കണ്ടുപിടിക്കാൻ ആ ഐഡിയിൽ ഫ്രണ്ട് ലിസ്റ്റിലുള്ള മുഴുവൻപേർക്കും കുത്തിയിരുന്ന് മെസേജ് അയച്ചു.

ആരാണ് അനുശ്രീ അനു എന്ന് ചോദിച്ചപ്പോൾ പലരും എന്റെ ഫോട്ടോയാണ് തിരിച്ച് അയച്ചുതന്നത്. ഇതാണ് അനുശ്രീ അനുവെന്നും ഇവരുമായി പ്രണയത്തിലാണെന്നുമായിരുന്നു പലരുടെയും മറുപടി. 2015 മുതൽ ഞാൻ എന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത സകല ഫോട്ടോസും അനുശ്രീ അനുവിന്റേതാണെന്ന് പറഞ്ഞ് എനിക്ക് അയച്ചുതന്നു. ഇതെല്ലാം കണ്ടതോടെ നിങ്ങൾപറ്റിക്കപ്പെട്ടതാണെന്നും ഈ ചിത്രങ്ങളിലുള്ളത് ഞാനാണെന്നും അവരോട് പറഞ്ഞു. അപ്പോഴാണ് പലരും പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന വിവരവും പങ്കുവെച്ചത്. അതോടെ ‘അനുശ്രീഅനു’വിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ യുവാക്കളിൽനിന്ന് സംഘടിപ്പിച്ചു. അതുവെച്ച് എനിക്കറിയാവുന്നവരുമായി ബന്ധപ്പെട്ട് കൊല്ലത്ത് അന്വേഷണം നടത്തി. അശ്വതി എന്നയാളാണ് ഇതിന്റെ പിന്നിലെന്നും കണ്ടെത്തി.

വീണ്ടും പരാതി

എന്റെ ചിത്രങ്ങൾ ഉപയോഗിച്ച് അനുശ്രീ അനുവെന്ന പേരിൽ ഒട്ടേറെ വ്യാജ ഐഡികളാണ് അവർ നിർമിച്ചിരുന്നത്. സഹോദരിയുടെ ചിത്രങ്ങൾ ഉപയോഗിച്ച് അശ്വതി അച്ചുവെന്ന പേരിലും വ്യാജ ഐഡികളുണ്ടാക്കിയിരുന്നു. അവരെക്കുറിച്ചുള്ള എല്ലാവിവരങ്ങളും കിട്ടിയപ്പോൾ ഏകദേശം രണ്ടാഴ്ച മുമ്പ് സൈബർ സെല്ലിൽ വീണ്ടും പരാതി നൽകി.

യുവതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിലാസവും അടക്കം പരാതി കൊടുത്തപ്പോൾ വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ നിരാശയായിരുന്നു ഫലം. അപ്പോഴും ഫെയ്സ്ബുക്കിൽനിന്ന് മറുപടി വരട്ടെയെന്ന് പറഞ്ഞ് സൈബർപോലീസ് അന്വേഷണം നടത്തിയില്ല. ഇതിനിടെ, പല വ്യാജ ഐഡികളും അശ്വതി തന്നെ ഡിലീറ്റ് ചെയ്തിരുന്നു. ഒരു ഐഡി മാത്രം എങ്ങനെയോ ഡിലീറ്റ് ചെയ്യാൻ പറ്റിയില്ല. എന്റെ ഫോട്ടോയുള്ള ആ വ്യാജഐഡി ഇപ്പോഴും ആക്ടീവാണ്. അക്കൗണ്ട് ഒഴിവാക്കുകയാണോ ആളെ കണ്ടുപിടിക്കുകയാണോ വേണ്ടതെന്ന് സൈബർ സെൽ ചോദിച്ചിരുന്നു. ആളെ കണ്ടുപിടിക്കണമെന്നും എനിക്ക് നേരിട്ട് ആളെ കാണണമെന്നും തന്നെയായിരുന്നു എന്റെ മറുപടി. പക്ഷേ, അവർ കാര്യക്ഷമമായ ഒരു അന്വേഷണവും നടത്തിയില്ല.

ഇതിനിടെ പണം നഷ്ടപ്പെട്ട ചിലർ എന്നോട് പിന്നോട്ടുപോകരുതെന്ന് പറഞ്ഞു. എന്റെ ചിത്രങ്ങൾ ഉപയോഗിച്ച് അനുശ്രീ അനുവെന്ന പേരിൽ അവർ ഉപ്പോഴും പണം ചോദിക്കുന്നുണ്ടെന്നും യുവാക്കൾ പറഞ്ഞു. തുടർന്ന് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി ഇ-മെയിലായി അയച്ചു. അതോടെ സൈബർ സെൽ ഇടപെട്ടു. അവർ മൊഴിയെടുത്ത് തൃക്കാക്കര പോലീസിലേക്ക് പരാതി കൈമാറി. ഇതിനിടെ, അശ്വതിയുടെ നാട്ടുകാർ തന്നെ എനിക്ക് അവരെക്കുറിച്ച് വിവരം തന്നു. അവരുടെ കൃത്യമായ വിലാസമെല്ലാം അവർ കണ്ടുപിടിച്ചുതന്നു.

യുവാക്കൾ പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകളെല്ലാം അശ്വതിയുടെ പേരിൽതന്നെയായിരുന്നു. അവിടെയുള്ള നാട്ടുകാരാണ് പരാതി നൽകാൻ ശൂരനാട് പോലീസിന്റെ ഇ-മെയിൽ ഐ.ഡിയും തന്നത്. ഉടൻതന്നെ ശൂരനാട് പോലീസിന് പരാതി അയച്ചു. പത്ത് മിനിറ്റിനകം പരാതി സ്വീകരിച്ചെന്നുള്ള മറുപടി ലഭിച്ചു. ലോക്ഡൗൺ മാറിയാൽ അവർ നാടുവിട്ടേക്കുമെന്ന് എനിക്ക് സംശയം തോന്നിയതോടെ അക്കാര്യം ഞാൻ ശൂരനാട് പോലീസിനെ അറിയിച്ചിരുന്നു. അതോടെ, എത്രയും വേഗം ശൂരനാട്ടേക്ക് വരാനായിരുന്നു പോലീസിന്റെ മറുപടി. ആളെ സ്റ്റേഷനിലെത്തിക്കാമെന്നും പറഞ്ഞു. കഴിഞ്ഞദിവസം ഞാൻ ശൂരനാട് സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസുകാർ പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു.

ആദ്യം അവർ ഒന്നും സമ്മതിച്ചിരുന്നില്ല. തനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ലെന്നൊക്കെയാണ് അശ്വതി ആദ്യം പറഞ്ഞത്. ഫോൺ ഫോർമാറ്റ് ചെയ്താണ് അവർ സ്റ്റേഷനിലേക്ക് വന്നത്. എന്നാൽ ഫോണിൽ ഗൂഗിൾ പേ ലിങ്ക് ചെയ്തിരുന്നത് ആ ബാങ്ക് ആക്കൗണ്ടിലായിരുന്നു.പിന്നീട് പോലീസ് പരിശോധിച്ച് അതെല്ലാം കണ്ടുപിടിച്ചു. അതോടെ അശ്വതി കുറ്റംസമ്മതിക്കുകയായിരുന്നു. താനാണ് വ്യാജ ഐഡി നിർമിച്ചതെന്ന് അവർ ഏറ്റുപറഞ്ഞു. പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.

നാല് ലക്ഷം വരെ നഷ്ടപ്പെട്ടവർ…

അശ്വതിയുടെ തട്ടിപ്പിൽ നാല് ലക്ഷം വരെ നഷ്ടപ്പെട്ടവരുണ്ട്. അവരിൽ പലർക്കും പരാതി നൽകാൻ താത്‌പര്യമില്ല. എന്റെയും സഹോദരിയുടെയും ചിത്രങ്ങൾ ഉപയോഗിച്ച് നിർമിച്ച വ്യാജ ഐഡികളിൽനിന്ന് അശ്വതി നിരവധിപേരോടാണ് ചാറ്റ് ചെയ്തിരുന്നത്. ഇതിനൊപ്പം വോയ്സ് മെസേജുകളും ഫോണിലൂടെ കോളിങ്ങും ഉണ്ടായിരുന്നു. ചിലരിൽനിന്ന് അശ്വതി നേരിട്ടാണ് പണം വാങ്ങിയിരുന്നത്. അനുശ്രീ അനുവിന്റെ ബന്ധുവാണെന്ന് പറഞ്ഞായിരുന്നു ഇങ്ങനെ നേരിട്ടെത്തി പണം വാങ്ങിയിരുന്നത്. ചിലരിൽന്ന് ഓൺലൈനിൽ സാധനങ്ങൾ വാങ്ങിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഇവർക്കുവേണ്ടി കൊറിയർ സർവീസിലേക്ക് പണം കൈമാറിയവരുണ്ട്. കൊല്ലത്തെ വിവിധഭാഗങ്ങളിലുള്ളവരാണ് ഇവരുടെ കെണിയിൽവീണിട്ടുള്ളതെന്നാണ് വിവരം”- പ്രഭ പറഞ്ഞു.

പക്ഷേ, ഇതൊക്കെ സംഭവിച്ചിട്ടും നേരത്തെ പരാതി നൽകിയ തൃക്കാക്കര പോലീസിൽനിന്നോ സൈബർ സെല്ലിൽനിന്നോ ഇതുവരെ ഒരു വിളിപോലും വന്നിട്ടില്ലെന്നും പ്രഭ പ്രതികരിച്ചു. പരാതി നൽകിയപ്പോൾ ശൂരനാട് പോലീസിൽനിന്ന് നല്ല പിന്തുണയാണ് ലഭിച്ചത്. അവിടുത്തെ നാട്ടുകാരും ഒരുപാട് സഹായിച്ചു. എന്നാൽ തൃക്കാക്കര പോലീസോ സൈബർ സെല്ലോ ഇതുവരെ എന്നെ ഒരു വിവരവും അറിയിച്ചിട്ടില്ല. നേരത്തെ നൽകിയ പരാതിയിൽ ഒരു അപ്ഡേഷനോ ഫോളോഅപ്പോ അവർ നൽകിയിട്ടുമില്ല- പ്രഭ പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.