above post ad local

കാണാതായ കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം ആശുപത്രിയിലെ എട്ടാം നിലയില്‍; കൊലപ്പെടുത്തിയത് ജീവനക്കാരി രോഗിയുടെ മൃതദേഹം ആശുപത്രിയിലെ എട്ടാം നിലയില്‍; കൊലപ്പെടുത്തിയത് ജീവനക്കാരി

0

ചെന്നൈ: ആശുപത്രിയിൽനിന്ന് കാണാതായ കോവിഡ് രോഗിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ആശുപത്രിയിലെ കരാർ ജീവനക്കാരിയായ തിരുവൊട്ടിയൂർ സ്വദേശി രതിദേവി(40)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കോവിഡ് ബാധിച്ച് ചെന്നൈ രാജീവ്ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെസ്റ്റ് താംബരം സ്വദേശി സുനിത(41)യെയാണ് ജീവനക്കാരിയായ രതിദേവി കൊലപ്പെടുത്തിയത്. സുനിതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രതിദേവി ഇവരുടെ പണവും മൊബൈൽ ഫോണും മോഷ്ടിക്കുകയും ആശുപത്രിയിലെ എട്ടാം നിലയിൽ മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു.

കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുനിതയെ മെയ് 24-ാം തീയതി മുതലാണ് കാണാതായത്. മെയ് 23-നാണ് സുനിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ, പിറ്റേ ദിവസം ഭർത്താവ് മൗലി ഭക്ഷണവുമായി എത്തിയപ്പോൾ സുനിതയെ വാർഡിൽ കണ്ടില്ല. ആശുപത്രിയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അന്നേദിവസം തന്നെ ആശുപത്രിയിലെ പോലീസ് ഔട്ട്പോസ്റ്റിൽ മൗലി ഇതേക്കുറിച്ച് പരാതി നൽകിയിരുന്നു. പിന്നീട് മെയ് 31-ാം തീയതി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി രേഖാമൂലം പരാതി സമർപ്പിക്കുകയും ചെയ്തു.

കേസിൽ പോലീസ് വിശദമായ അന്വേഷണമാണ് നടത്തിയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിനിടെയാണ് 23-ന് രാത്രി സുനിതയെ ജീവനക്കാരിയായ രതിദേവി വീൽചെയറിൽ കൊണ്ടുപോയിരുന്നുവെന്ന വിവരം ലഭിച്ചത്. തുടർന്ന് ഇവരെ ചോദ്യംചെയ്തെങ്കിലും സ്കാനിങ് യൂണിറ്റിലേക്ക് കൊണ്ടുപോയ ശേഷം രോഗിയെ തിരികെ വാർഡിൽ എത്തിച്ചുവെന്നായിരുന്നു മൊഴി. ഇതോടെ കേസിലെ ദുരൂഹതകളും വർധിച്ചു.

സുനിതയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആശുപത്രിയിലെ എട്ടാം നിലയിലെ എമർജൻസി ബോക്സ് റൂമിൽനിന്ന് ദുർഗന്ധം വമിക്കുന്നതായുള്ള പരാതി ഉയർന്നത്. തുടർന്ന് ജൂൺ എട്ടിന് ഇവിടെ പരിശോധിച്ചപ്പോൾ അഴുകിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തി. ഇക്കാര്യം മൗലിയെ അറിയിച്ചതോടെ ഇദ്ദേഹം ആശുപത്രിയിലെത്തി മൃതദേഹം സുനിതയുടേതാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിൽ സംഭവം കൊലപാതകമാണെന്നും തെളിഞ്ഞു. ഇതോടെ പോലീസ് അന്വേഷണം വീണ്ടും രതിദേവിയിലേക്ക് എത്തുകയായിരുന്നു.

ഒടുവിൽ പോലീസിന്റെ വിശദമായ ചോദ്യംചെയ്യലിലാണ് രതിദേവി കുറ്റംസമ്മതിച്ചത്. സുനിതയുടെ കൈവശമുണ്ടായിരുന്ന പണവും മൊബൈലും മോഷ്ടിക്കാനായാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പ്രതിയുടെ മൊഴി. സുനിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ ഇവരുടെ ബാഗിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും രതിദേവി ശ്രദ്ധിച്ചിരുന്നു. തുടർന്ന് ഇത് മോഷ്ടിക്കാനായി പദ്ധതി തയ്യാറാക്കി.

മെയ് 23-ന് രാത്രി സ്കാനിങ്ങിനെന്ന് പറഞ്ഞ് സുനിതയെ വീൽചെയറിൽ കൊണ്ടുപോയി. എന്നാൽ എമർജൻസി ലിഫ്റ്റിൽ കയറിയശേഷം രോഗിയുമായി ഇവർ എട്ടാം നിലയിലേക്കാണ് പോയത്. ഇവിടെവെച്ച് സുനിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പു വരുത്തിയ ശേഷം മൃതദേഹം കോണിപ്പടിയോട് ചേർന്ന എമർജൻസി ബോക്സ് റൂമിൽ ഒളിപ്പിച്ചു. പിന്നാലെ സുനിതയുടെ പണവും മൊബൈലും കൈക്കലാക്കി സ്ഥലം വിടുകയും ചെയ്തു.

സംഭവത്തിന് ശേഷവും രതിദേവി പതിവുപോലെ ആശുപത്രിയിൽ ജോലിക്ക് എത്തിയിരുന്നു. സുനിതയെ തിരയുന്നതിന് വേണ്ടി ഇവർ മുന്നിട്ടിറങ്ങുകയും ചെയ്തു. ഇതിനാൽതന്നെ രതിദേവിയെ ആദ്യഘട്ടത്തിൽ ആരും സംശയിച്ചിരുന്നില്ല. എന്നാൽ സുനിതയുടെ മൃതദേഹം കണ്ടെത്തുകയും സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതോടെ രതിദേവി കുടുങ്ങുകയായിരുന്നു.

വിധവയായ പ്രതി തിരുവൊട്ടിയൂരിൽ മകനും മകൾക്കും ഒപ്പമാണ് താമസം. മോഷ്ടിച്ച മൊബൈൽ ഫോൺ ഇവരുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തു. പണത്തിന് ആവശ്യം വന്നതിനാലാണ് ഈ കടുംകൈ ചെയ്തതെന്നായിരുന്നു പ്രതി പോലീസിനോട് പറഞ്ഞത്. കോവിഡ് രോഗിയായതിനാൽ സുനിതയ്ക്ക് ശ്വസനപ്രശ്നങ്ങളുണ്ടായിരുന്നു. അതിനാൽ കൊലപ്പെടുത്താനായി അധികം ബലം പ്രയോഗിക്കേണ്ടിവന്നില്ലെന്നും പ്രതി വെളിപ്പെടുത്തി.

ഏറെ ദുരൂഹതകൾ നിറഞ്ഞ കേസിൽ പോലീസിന്റെ കൃത്യമായ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതിലേക്ക് നയിച്ചത്. കേസ് അന്വേഷിച്ച പോലീസ് സംഘത്തെ ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ ശങ്കർ ജിവാൽ അഭിനന്ദിക്കുകയും ചെയ്തു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.