above post ad local

വസ്ത്രത്തിലെ രക്തക്കറ കണ്ടു, അജ്ഞാതരുടെ കഥ ആവിയായി; യുവാവിനെ കൊന്നത് ഭാര്യയും കാമുകനും

0

ന്യൂഡൽഹി: ഡൽഹിയിൽ 35-കാരനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. നിഹാൽ വിഹാറിൽ താമസിക്കുന്ന പ്ലേസ്മെന്റ് ഏജൻസി ഉടമയായ അനിൽ സാഹുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തിന്റെ ഭാര്യ ഭുവനേശ്വരി ദേവി(പിങ്കി-31)യെ പോലീസ് അറസ്റ്റ് ചെയ്തത്. പിങ്കിയും കാമുകനായ രാജും ചേർന്നാണ് കൃത്യം നടത്തിയതെന്നും അനിൽ സാഹുവിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതും ഇയാളുടെ അതിക്രമങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.

 

ജൂൺ മൂന്നിന് രാവിലെയാണ് അനിൽ സാഹുവിനെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുഖത്തും തലയിലും കഴുത്തിലും മാരകമായി മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. അജ്ഞാതരായ രണ്ടുപേർ അനിലിനെ കാണാനെത്തിയെന്നും ഇവരാണ് കൊലപാതകം നടത്തിയതെന്നുമായിരുന്നു ഭാര്യ പിങ്കിയുടെ മൊഴി. എന്നാൽ ഈ അജ്ഞാതരെക്കുറിച്ച് പോലീസിന് ഒരു തുമ്പും ലഭിച്ചില്ല. ഇതോടെയാണ് കുടുംബാംഗങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.

 

 

അനിൽ സാഹുവും പിങ്കിയും അല്ലാതെ ഇവരുടെ രണ്ട് കുട്ടികളും രണ്ട് സഹായികളും സംഭവസമയം വീട്ടിലുണ്ടായിരുന്നു. ഇവർക്കാർക്കും അജ്ഞാതർ വീട്ടിൽവന്നതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. തുടർന്നാണ് പിങ്കിയിലേക്ക് അന്വേഷണം നീണ്ടത്. പിങ്കിയുടെ ദേഹത്തും കൈയിലും ചെറിയ മുറിപ്പാടുകൾ കണ്ടത് പോലീസിന് സംശയമുണർത്തി. മാത്രമല്ല, ഇവരുടെ ഒരു വസ്ത്രത്തിൽ രക്തക്കറ കണ്ടതും നിർണായകമായി. തുടർന്ന് പിങ്കിയെ പോലീസ് ചോദ്യം ചെയ്തെങ്കിലും യുവതി ആദ്യഘട്ടത്തിൽ ഒന്നും തുറന്നു പറഞ്ഞില്ല. പിന്നീട് വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് താനും കാമുകനും ചേർന്നാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് യുവതി സമ്മതിച്ചത്.

ദമ്പതിമാർക്കിടയിൽ നേരത്തെയുണ്ടായിരുന്ന പ്രശ്നങ്ങളുടെ തുടർച്ചയായാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്. ചില പ്രശ്നങ്ങളുടെ പേരിൽ കഴിഞ്ഞ വർഷം പിങ്കി ഭർത്താവിനെതിരേ ധൻവാർ പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസ് പിന്നീട് ഒത്തുതീർപ്പാക്കി. തുടർന്ന് ഇരുവരും ഒരുമിച്ച് തന്നെ താമസം തുടരുകയും ചെയ്തു. എന്നാൽ ഭർത്താവിന് മറ്റ് സ്ത്രീകളുമായി രഹസ്യബന്ധമുണ്ടെന്ന് പിങ്കി കണ്ടെത്തിയതോടെ ദമ്പതിമാർക്കിടയിൽ വീണ്ടും തർക്കങ്ങളുണ്ടായി. ഇത് നിരന്തരം വഴക്കിനിടയാക്കി.

 

 

അനിൽ സാഹു ഭാര്യയെ മർദിക്കുന്നതും പതിവായി. ഇതോടെയാണ് ഭർത്താവിനോടുള്ള പ്രതികാരമെന്ന രീതിയിൽ പിങ്കി മറ്റൊരു യുവാവുമായി പ്രണയത്തിലായത്. രാജ് എന്ന യുവാവുമായിട്ടായിരുന്നു പിങ്കി അടുപ്പത്തിലായത്. എന്നാൽ ഇതിനിടെയും ഭർത്താവിന്റെ അതിക്രമങ്ങൾ തുടർന്നിരുന്നു. ഇത് സഹിക്കാൻ കഴിയാതിരുന്നതോടെയാണ് പിങ്കിയും കാമുകനും ചേർന്ന് ഭർത്താവിനെ കൊല്ലാൻ പദ്ധതി ആസൂത്രണം ചെയ്തത്. ഇതനുസരിച്ച് ജൂൺ രണ്ടിന് രാത്രി കൃത്യം നടത്താനും ഇരുവരും തീരുമാനിച്ചു.

 

രണ്ടാം തീയതി രാത്രി ജോലി കഴിഞ്ഞെത്തിയ ഭർത്താവിന് പിങ്കി ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകി. ഇതേസമയം രഹസ്യമായി വീട്ടിലെത്തിയ രാജും പിങ്കിയും ചേർന്ന് പിന്നീട് അനിൽ സാഹുവിനെ കെട്ടിയിട്ടു. എന്നാൽ കൊലപാതകത്തിന് തൊട്ടുമുമ്പ് അനിൽ സാഹുവിന് ബോധം വന്നു. അനിൽ സാഹുവും പ്രതികളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതോടെ പിങ്കി ഭർത്താവിനെ പിടിച്ചുവെയ്ക്കുകയും കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യം നടത്തിയ ശേഷം രാജ് വീട്ടിൽനിന്ന് രക്ഷപ്പെടുകയും ചെയ്തു.

 

കേസിന്റെ തുടക്കം മുതൽ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് പിങ്കി ശ്രമിച്ചതെന്ന് ഡി.സി.പി. പർവീന്ദർ സിങ് പറഞ്ഞു. രക്ഷപ്പെട്ട രാജിനായി അന്വേഷണം തുടരുകയാണെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.