above post ad local

പണം അടയ്ക്കാനായില്ല കോവിഡ് ബാധിച്ചയാളുടെ മൃതദേഹം വിട്ടുനൽകിയില്ല

കാട്ടാക്കട:പതിനാറു ദിവസത്തെ കോവിഡ് ചികിത്സയ്ക്ക് നാലര ലക്ഷത്തോളം രൂപയുടെ ബില്ല്. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചയാളിന്റെ മൃതദേഹം ബില്ലടയ്ക്കാത്തതിനാൽ സ്വകാര്യ ആശുപത്രി വിട്ടുനൽകിയില്ല. പരാതിയെ തുടർന്ന് ജില്ലാ മെഡിക്കൽ ഒാഫീസർ ഇടപെട്ട് ബിൽ തുക ഒന്നരലക്ഷം രൂപയാക്കി കുറച്ചു. ഇൗ തുക അടച്ചതോടെയാണ് മൃതദേഹം വിട്ടുനൽകിയത്.

കാട്ടാക്കടയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെ മരിച്ച കരമന കൊല്ലവിളാകത്ത് വീട്ടിൽ എം.ഷാജഹാന്റെ മൃതദേഹമാണ് വലിയ തുകയുടെ ബില്ലടയ്ക്കാത്തതിനാൽ ആശുപത്രി അധികൃതർ പിടിച്ചുവച്ചതായി പരാതി ഉയർന്നത്. ഇക്കഴിഞ്ഞ 22-നാണ് ഷാജഹാനും ഭാര്യയും മകനും ആശുപത്രിയിൽ ചികിത്സ തേടിയത്. രണ്ടുദിവസം കഴിഞ്ഞ് അസുഖം ഭേദമായ ഭാര്യയും മകനും വിടുതൽ നേടി. എന്നാൽ, രോഗം ഗുരുതരമായതിനെ തുടർന്ന് ഷാജഹാനെ ഐ.സി.യു.വിലേയ്ക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച പുലർച്ചെ മരിച്ചു.

ഷാജഹാന്റെ ആശുപത്രി ചെലവായി 4,45,808 രൂപയുടെ ബില്ലാണ് ആശുപത്രി അധികൃതർ നൽകിയത്. ഇത്രയും വലിയ തുക നൽകാനുള്ള സാമ്പത്തികശേഷിയില്ലെന്നും കുറച്ചുതരണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും പണം അടച്ചാൽ മാത്രമേ മൃതദേഹം വിട്ടുനൽകൂ എന്ന് ആശുപത്രി അധികൃതർ നിലപാടെടുത്തു. തുടർന്ന് ശനിയാഴ്ച പൊതുപ്രവർത്തകർ ഇടപെട്ട് സഹോദരൻ നിസാർ ഡി.എം.ഒ.യ്ക്കു പരാതി നൽകുകയായിരുന്നു.

എന്നാൽ, വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു ഷാജഹാനെന്നും ഓക്സിജൻ ഉൾപ്പെടെ നൽകിയുള്ള ചികിത്സയ്ക്ക് സർക്കാർ നിശ്ചയിച്ചതിലും കുറഞ്ഞ തുക മാത്രമേ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ എന്നും ആശുപത്രി അധികൃതർ പറഞ്ഞു. രോഗി ചികിത്സയിൽ ഉള്ളപ്പോൾ ചികിത്സാച്ചെലവിന്റെ കാര്യം അറിയിച്ചിരുന്നു. എന്നാൽ, ആരും സഹകരിച്ചില്ല. എന്നിട്ടും രോഗിക്ക് ചികിത്സ തുടർന്നിരുന്നു. മരിച്ചശേഷം പണം അടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് ആരും അറിയിച്ചിരുന്നില്ലെന്നും കുറച്ചു തുകയേ കൈവശം ഉള്ളൂവെന്നും അടുത്ത ദിവസം അടയ്ക്കാമെന്നും പറഞ്ഞതിനാലാണ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.