above post ad local

മയക്കുമരുന്ന് കേസില്‍ പ്രതിയായ ശ്രീലങ്കൻ പൗരനെ ചുട്ടുപഴുത്ത ഇരുമ്പുചട്ടിയില്‍ കിടത്തി പൊള്ളിച്ചു

കൊച്ചി: മത്സ്യബന്ധന ബോട്ടിൽ മയക്കുമരുന്ന് കടത്തിയതിന് കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്ത ശ്രീലങ്കൻ പൗരനെ ചുട്ടുപഴുത്ത ഇരുമ്പു ചട്ടിയിൽ കിടത്തി പൊള്ളിച്ചതായി വെളിപ്പെടുത്തൽ. വെള്ളിയാഴ്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്ജിയുടെ മുന്നിൽ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കിയപ്പോഴാണ് ശ്രീലങ്കൻ പൗരനായ എൽ.വൈ. നന്ദന തനിക്കുണ്ടായ ദാരുണാനുഭവം തുറന്നുപറഞ്ഞത്.

കേസ് പരിഗണിച്ച അഡീഷണൽ സെഷൻസ് ജഡ്ജ് കെ. ബിജു മേനോൻ പ്രതിയെ ഉടൻ കോടതിയിൽ നേരിട്ട് ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നിർദേശിച്ചു.

ഉച്ചയ്ക്ക് 12.25-ഓടെ പ്രതിയെ കോടതിയിൽ നേരിട്ട് ഹാജരാക്കി. സിംഹള ഭാഷ മാത്രം സംസാരിക്കാനറിയുന്ന പ്രതി, തമിഴും ഇംഗ്ലീഷും അറിയാവുന്ന കൂട്ടുപ്രതി റാനിൽ ജയന്ത ഫെർണാടയുടെ സഹായത്തോടെയാണ് കാര്യങ്ങൾ വിശദീകരിച്ചത്. തമിഴ് അറിയാവുന്ന അഡ്വ. എസ്. ശ്രീലതയും കോടതിയെ സഹായിച്ചു.

അറസ്റ്റ് ചെയ്തപ്പോൾ കോസ്റ്റ് ഗാർഡിന്റെ പട്രോളിങ് ബോട്ടിൽ ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്ന ചുട്ടുപൊള്ളുന്ന ചട്ടിയിൽ തന്നെ മലർത്തിക്കിടത്തുകയായിരുന്നു എന്നാണ് നന്ദന പറഞ്ഞത്. പുറം മുഴുവൻ പൊള്ളിയതിനാൽ ഷർട്ട് പോലും ഇടാൻ കഴിയാത്ത അവസ്ഥയിലാണ്. തുടർന്ന് കോടതി ഇടപെട്ട് പ്രതിയുടെ പുറത്തെ പൊള്ളലിന്റെ ഫോട്ടോയും എടുപ്പിച്ചു.

സി.ആർ.പി. 190 പ്രകാരുമുള്ള തുടർ നടപടിക്കായി നന്ദനയെ തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചു. അതിനുശേഷം ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കാനും കോടതി ഉത്തരവിട്ടു. ഫൊട്ടോഗ്രഫും കോടതിയിൽ ഹാജരാക്കണമെന്ന് അഡീഷണൽ സെഷൻസ് ജഡ്ജ് നിർദേശിച്ചു.

കൊച്ചി നർക്കോട്ടിക് കൺട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത കേസിൽ ആറ് പ്രതികളാണ് ഉള്ളത്. ശ്രീലങ്കൻ മത്സ്യബന്ധന ബോട്ടിൽ നിന്ന് എ.കെ-47 തോക്കും വെടിക്കോപ്പുകളും സഹിതം വിഴിഞ്ഞം തുറമുഖത്തു നിന്നാണ് ഇവരെ മയക്കുമരുന്നുമായി പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയാണ് നന്ദന.

- Advertisement -

- Advertisement -

- Advertisement -

Comments are closed.