above post ad local

‘നമ്പർ 18’ ഹോട്ടൽ ഉടമ റോയിക്കെതിരേ പോക്‌സോ കേസ്; സൈജു തങ്കച്ചനും അഞ്ജലിയും പ്രതികള്‍

കൊച്ചി : ഫോർട്ട്‌കൊച്ചി ‘നമ്പർ 18’ ഹോട്ടൽ ഉടമ റോയ് ജെ. വയലാട്ടിനെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് സ്വദേശിയായ അമ്മയുടെയും മകളുടെയും പരാതിയിലാണ് ഫോർട്ട്‌കൊച്ചി പോലീസ് കേസെടുത്തത്. റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനെയും സൈജുവിന്റെ സുഹൃത്ത് അഞ്ജലിയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറിൽ നമ്പർ 18 ഹോട്ടലിൽവെച്ച് റോയി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. മോഡലുകളുടെ അപകടമരണത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പായിരുന്നു പീഡനം. പീഡന ദൃശ്യങ്ങൾ മറ്റു പ്രതികൾ ചേർന്ന് മൊബൈലിൽ പകർത്തി. പോലീസിൽ പരാതി നൽകിയാൽ ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.

കേസ് മോഡലുകളുടെ അപകടമരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുകയാണ്. പോക്‌സോ കേസിൽ അമ്മയുടെയും മകളുടെയും മൊഴി രേഖപ്പെടുത്തും. ഇതിന് ശേഷമായിരിക്കും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക.

മോഡലുകളുടെ അപകടമരണം സംബന്ധിച്ച കേസിൽ റോയിയും സൈജുവും പ്രതികളാണ്. ഇതുകൂടാതെ സൈജുവിനെതിരേ ലഹരി ഉപയോഗവും ലഹരിയുടെ വ്യാപാരവും സംബന്ധിച്ച് ഏഴ് കേസുകളും വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നവംബർ ഒന്നിന് രാത്രി നമ്പർ 18 ഹോട്ടലിൽ പാർട്ടിക്കുശേഷം മടങ്ങുമ്പോഴാണ് പാലാരിവട്ടം ബൈപ്പാസിൽ നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറി മോഡലുകൾ മരിച്ചത്. ഹോട്ടലിൽനിന്ന് സൈജു മോഡലുകളുടെ കാറിനെ പിന്തുടരുന്നതിനിടെയായിരുന്നു അപകടമെന്ന് പോലീസ് കണ്ടെത്തി. ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് കണ്ടെത്താൻ ശ്രമിച്ചെങ്കിലും, ഇത് റോയിയും ഹോട്ടലിലെ ജീവനക്കാരും ചേർന്ന് നശിപ്പിച്ചിരുന്നു. തെളിവു നശിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് റോയിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.