above post ad local

വീടുപണിക്കായി വായ്പയെടുത്ത പണം മദ്യപിക്കാന്‍ നല്‍കിയില്ല; ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

പാറശ്ശാല: വീടുപണിക്കായി വായ്പയെടുത്ത പണം മദ്യപിക്കാൻ നൽകാത്തതിൽ പ്രകോപിതനായയാൾ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പാറശ്ശാലയ്ക്കുസമീപം വടൂർക്കോണം ചൂരക്കുഴി മേക്കേക്കര വീട്ടിൽ ഷാജിയാണ് ഭാര്യ മീന (33)യെ മദ്യലഹരിയിൽ വെട്ടിയശേഷം പാറശ്ശാല പോലീസ് സ്റ്റേഷനിൽ ഹാജരായത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടുകൂടിയാണ് സംഭവം.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട് നിർമിക്കുന്നതിനായി പഞ്ചായത്തിൽനിന്ന് ലഭിച്ച തുക ഷാജി മദ്യപിച്ചും ചീട്ടുകളിച്ചും നശിപ്പിച്ചിരുന്നു. ഇതുപോലെ ശൗചാലയം നിർമിക്കുന്നതിനായി ലഭിച്ച പണം ഷാജി നശിപ്പിച്ചതിനെത്തുടർന്ന് വീടിന്റെ നിർമാണം പൂർത്തീകരിച്ചിരുന്നില്ല. ഇതിലേക്കായി സ്വകാര്യ ബാങ്കിൽനിന്ന് മീന രണ്ടുദിവസം മുൻപ് 50000 രൂപ വായ്പയായി എടുത്തിരുന്നു. ഈ പണം മദ്യപിക്കാനായി ഷാജി ആവശ്യപ്പെട്ടെങ്കിലും മീന നൽകിയില്ല. ഇതിൽ പ്രകോപിതനായ ഷാജി മദ്യപിച്ചെത്തി മീനയെ മർദിക്കുകയായിരുന്നു. രാത്രി പത്തോടുകൂടി മീനയെ കൊലപ്പെടുത്തിയശേഷം ഷാജി പാറശ്ശാല പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.

മദ്യപിച്ചെത്തി ഷാജി മീനയെ മർദിക്കുന്നതു പതിവായതിനാൽ പരിസരവാസികൾ നിലവിളിയും മറ്റും ഗൗനിച്ചില്ല.

വിവരമറിഞ്ഞെത്തിയ പോലീസ് മീനയെ പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിച്ചു. തലയ്ക്കുപിന്നിൽ വെട്ടേറ്റ് രക്തംവാർന്നതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ മീനയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു മാറ്റിയെങ്കിലും മരിച്ചു.കൊലപാതകം നടന്നത് പൊഴിയൂർ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പാറശ്ശാല പോലീസ് ഷാജിയെ പൊഴിയൂർ പോലീസിനു കൈമാറി. ഷാരോൺ, ശ്യാം എന്നിവരാണ് ഷാജിയുടെയും മീനയുടെയും മക്കൾ.

- Advertisement -

- Advertisement -

- Advertisement -

Comments are closed.