above post ad local

അഭിമന്യു വധം: കാരണം മുന്‍വൈരാഗ്യമെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴി, ലക്ഷ്യമിട്ടത് സഹോദരനെ

0

ആലപ്പുഴ: വള്ളികുന്നത്ത് 15-കാരന്റെ കൊലപാതകത്തിൽ കലാശിച്ചത് മുൻവൈരാഗ്യമാണെന്ന് മുഖ്യപ്രതി സജയ് ജിത്തിന്റെ മൊഴി. കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരനും ഡിവൈഎഫ്ഐ പ്രവർത്തകനുമായ അനന്തുവിനെ ലക്ഷ്യമിട്ടാണ് സജയ് ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഉത്സവസ്ഥലത്ത് എത്തിയത്. തുടർന്നുണ്ടായ സംഘർഷത്തിലാണ് അഭിമന്യുവിനെ കുത്തിക്കൊന്നതെന്നാണ് സജയ് ജിത്ത് പോലീസിനോട് പറഞ്ഞിരിക്കുന്നത്. കേസിൽ സജയ് ജിത്ത് ഉൾപ്പെടെ മൂന്ന് ആർഎസ്എസ് പ്രവർത്തകർ പോലീസിന്റെ കസ്റ്റഡിയിലാണ്.

ഏപ്രിൽ ഏഴിന് അനന്തുവുമായി സജയ് ജിത്തും സംഘവും വഴക്കുണ്ടായിരുന്നു. ഇതിൽ വള്ളികുന്നം പോലീസ് സ്റ്റേഷനിൽ കേസും നിലവിലുണ്ട്. ഈ വഴക്കിന്റെ തുടർച്ചയായിട്ടായിരുന്നു പടയണിവെട്ടത്തെ ആക്രമണം. അനന്തുവിനെ ലക്ഷ്യമിട്ട് ഉത്സവസ്ഥലത്ത് എത്തിയ സംഘം അനന്തുവിന്റെ സഹോദരൻ അഭിമന്യുവിനെ കുത്തിവീഴ്ത്തുകയായിരുന്നു. ക്ഷേത്രമൈതാനിയിൽ കെട്ടുരുപ്പടികൾ നിരത്തിവെച്ചിരുന്നതിന്റെ പിന്നിൽവെച്ചായിരുന്നു സംഭവം. അഭിമന്യുവിന്റെ സുഹൃത്തുക്കളായ കടുവിനാൽ നഗരൂർ കുറ്റിയിൽ ശിവാനന്ദന്റെ മകൻ ആദർശ് (19), പടയണിവെട്ടം മങ്ങാട്ട് പുത്തൻവീട്ടിൽ ജയപ്രകാശിന്റെ മകൻ പത്താംക്ലാസ് വിദ്യാർഥി കാശിനാഥ് (15) എന്നിവർക്കും കുത്തേറ്റു.

സംഭവത്തിന് പിന്നാലെ ഒളിവിൽപോയ സജയ് ജിത്ത് കഴിഞ്ഞദിവസം പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ അരൂർ പോലീസെത്തി പ്രതിയെ അരൂരിലേക്കു കൊണ്ടുവന്നു. കേസുമായി ബന്ധപ്പെട്ട് വള്ളികുന്നം സ്വദേശി അജിത് അച്യുതൻ, ജിഷ്ണു തമ്പി (26) എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റ് രണ്ട് ആർഎസ്എസ് പ്രവർത്തകർ. അജിത് അച്യുതനെ കായംകുളം പോലീസും ജിഷ്ണു തമ്പിയെ എറണാകുളം പിറമാടത്തുനിന്ന് രാമമംഗലം പോലീസുമാണ് കസ്റ്റഡിയിലെടുത്തത്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.