above post ad local

കളിത്തോക്ക് കൊണ്ട് കാറിന് നേരേ വെടിവെച്ചു, സ്ത്രീകള്‍ക്ക് നേരേ അസഭ്യം, ആക്രമണം; ഒരാള്‍ റിമാന്‍ഡില്‍

തേവലക്കര : അച്ഛനെയും അമ്മയെയും കാണാനെത്തിയ കുടുംബത്തെ ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട യുവാവിനെ ചവറ തെക്കുംഭാഗം പോലീസ് പിടികൂടി. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. തേവലക്കര പാലയ്ക്കൽ ആശാരഴികത്ത് അഖിലിനെ(22)യാണ് റിമാൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ആലപ്പുഴ വള്ളികുന്നം ഊപ്പൻവിളയിൽ റഹിയാനത്തും കുടുംബവും ശനിയാഴ്ച വൈകീട്ട് കാറിൽ തേവലക്കരയിലെ പാലയ്ക്കലുള്ള കുടുംബവീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു യുവാക്കളുടെ ആക്രമണം.

യുവാക്കൾ കളിത്തോക്കുപയോഗിച്ച് കാറിൽ വെടിവെച്ചു. ഇതു ചോദ്യംചെയ്ത റഹിയാനത്തിന്റെ മകൻ ഷാഫിറും യുവാക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ യുവാക്കൾ കാറിനു കേടുപാടുകൾ വരുത്തുകയും സ്ത്രീകളുൾപ്പെടെയുള്ളവരെ അസഭ്യം പറയുകയുംചെയ്തശേഷം ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഷാഹിറിന് (24) തലയ്ക്കും കൈക്കും കുത്തേറ്റു. ഷാഹിറിന്റെ ഭാര്യ നസീമ (20), സഹോദരി റഹിലത്ത് (20), റഹിലത്തിന്റെ ഭർത്താവ് ഹുസൈൻ (25), മക്കളായ ആസിഫ് അലി (7), ആൻസിഫ് അലി (6), റഹിയാനത്ത് (47) എന്നിവരെ അക്രമികൾ മർദിച്ചു.

ബഹളംകേട്ട് ഓടിയെത്തിയ റഹിയാനത്തിന്റെ അച്ഛൻ ഹമീദ്കുഞ്ഞിനും പരിക്കേറ്റു. സംഭവമറിഞ്ഞ് ജില്ലാ പോലീസ് കമ്മിഷണറുടെ നിർദേശപ്രകാരം കരുനാഗപ്പള്ളി എ.സി.പി. ഷൈനു തോമസ്, ചവറ തെക്കുംഭാഗം, ചവറ പോലീസ് സ്റ്റേഷനുകളിലെ ഓഫീസർമാരായ ദിനേശ്കുമാർ, എ.നിസാമുദീൻ, സബ് ഇൻസ്പെക്ടർ സുജാതൻ പിള്ള, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർമാരായ ടി.എ.നജീബ്, അബ്ദുൾ സലാം, സുരേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ അഖിൽ ഉൾപ്പെടെ നാലുപേരെ പിടികൂടി. ചോദ്യംചെയ്തശേഷം മൂന്നുപേരെ വിട്ടയച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.