above post ad local

ത്രികോണ പ്രണയം, വിവാഹ വാഗ്ദാനം നല്‍കി പീഡനം; കൊന്ന് കുഴിച്ചിട്ടത് രണ്ട് നവജാതശിശുക്കളെ

ഭുവനേശ്വർ: ഗോവയിൽ രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തി വനത്തിനുള്ളിൽ കുഴിച്ചിട്ട സംഭവത്തിൽ യുവാവും രണ്ട് യുവതികളും അറസ്റ്റിൽ. ഒഡീഷ സ്വദേശികളായ ത്രിപാൽ നായികിനെ(36)യും 30, 22 വയസ്സുള്ള യുവതികളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട രണ്ട് നവജാത ശിശുക്കളെ യുവതികൾ പ്രസവിച്ചതാണെന്നും ത്രിപാൽ നായിക്കാണ് ഇവരെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.

 

കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് രണ്ട് നവജാത ശിശുക്കളെ ഗോവയിൽവെച്ച് പ്രതികൾ കൊലപ്പെടുത്തിയത്. ഒഡീഷ സ്വദേശികളായ മൂവരും കെട്ടിടനിർമാണ ജോലികൾക്കായാണ് ഗോവയിലെത്തിയത്. ഒരേസ്ഥലത്ത് ജോലിചെയ്യുന്ന രണ്ട് യുവതികളുമായും ത്രിപാൽ നായിക്കിന് അടുപ്പമുണ്ടായിരുന്നു. വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് വിവാഹവാഗ്ദാനം നൽകി ഇരുവരെയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. രണ്ടുപേരും ഗർഭിണിയായി.

 

 

2021 ജൂണിലാണ് 30 വയസ്സുകാരി ആൺകുഞ്ഞിന് ജന്മം നൽകിയത്. ത്രിപാലിന്റെ നിർബന്ധപ്രകാരം ഗോവയിലെ വീട്ടിൽവെച്ചായിരുന്നു പ്രസവം. ഗർഭിണിയായ 22-കാരിയും ഈ സമയം ഇവരോടൊപ്പമുണ്ടായിരുന്നു. ജനിച്ചയുടൻ കുഞ്ഞിനെ ത്രിപാൽ നായിക്ക് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം കാട്ടിനുള്ളിൽ കുഴിച്ചിട്ടു.

 

ഗർഭിണിയായ 22-കാരി കഴിഞ്ഞമാസമാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. വിവാഹത്തിന് മുൻപ് കുഞ്ഞുണ്ടായത് നാട്ടുകാർ അറിഞ്ഞാൽ പ്രശ്നമാകുമെന്ന് യുവതി ത്രിപാലിനോട് പറഞ്ഞിരുന്നു. ഇതോടെയാണ് യുവതിയും ത്രിപാലും ചേർന്ന് ജനിച്ച് രണ്ടാംദിവസം കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഈ കുഞ്ഞിന്റെ മൃതദേഹവും രഹസ്യമായി കാട്ടിനുള്ളിൽ തന്നെ കുഴിച്ചിടുകയായിരുന്നു.

 

 

എന്നാൽ ദിവസങ്ങൾക്ക് ശേഷം ത്രിപാൽ നായിക്ക് രണ്ട് യുവതികളെയും ജീവിതത്തിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു. താൻ വിവാഹിതനാണെന്ന് ഇയാൾ വെളിപ്പെടുത്തി. യുവതികളോട് അവരവരുടെ വഴിനോക്കി പോകാനും ആവശ്യപ്പെട്ടു. പിന്നാലെ യുവാവ് നാട്ടിലേക്ക് തിരിച്ചു. യുവതികളും തിരികെ ഒഡീഷയിലേക്ക് മടങ്ങി.

 

യുവതികളെ ഒഴിവാക്കി സ്വന്തം നാട്ടിലേക്ക് മടങ്ങിയ ത്രിപാൽ അപ്രതീക്ഷിതമായാണ് ജൂലായ് 26-ന് 22-കാരിയുടെ ഗ്രാമത്തിലെത്തിയത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ഇയാൾ യുവതിയെ വീട്ടിൽനിന്ന് കടത്തിക്കൊണ്ടുപോവുകയായിരുന്നു. യുവതിയുടെ ബന്ധുക്കൾ ഇവരെ പിന്തുടർന്ന് കണ്ടെത്തുകയും ഗ്രാമത്തിലേക്ക് തിരികെ എത്തിക്കുകയും ചെയ്തു. പിന്നാലെ പോലീസിലും പരാതി നൽകി. ഇതോടെയാണ് നവജാത ശിശുക്കളുടെ കൊലപാതകവും മറ്റുവിവരങ്ങളും പുറത്തറിയുന്നത്.

 

ത്രിപാൽ എല്ലാം വെളിപ്പെടുത്തിയതോടെ 22-കാരിയെയും പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലിന് ശേഷം ഇവരെ ഗോവയിലെത്തിച്ചു. വനത്തിനുള്ളിൽനിന്ന് രണ്ട് ശിശുക്കളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. കുഴിയെടുക്കാൻ ഉപയോഗിച്ച മൺവെട്ടിയും തെളിവെടുപ്പിനിടെ കണ്ടെത്തി. കേസിൽ കഴിഞ്ഞ വെള്ളിയാഴ്ച മൂന്നാംപ്രതിയായ 30-കാരിയെയും പോലീസ് അറസ്റ്റ് ചെയ്തു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.