above post ad local

കള്ളിൽ കഞ്ചാവ്: എറണാകുളം ഇടുക്കി ഷാപ്പുകൾക്കെതിരെ നടപടി, പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഷാപ്പ് ഉടമകൾ

തൊടുപുഴ: കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം, ഇടുക്കി ജില്ലയിലെ ഷാപ്പുകൾക്കെതിരേ നടപടി. കോതമംഗലം, തൊടുപുഴ റെയ്ഞ്ചുകളിലെ 46 ഷാപ്പുകൾക്കെതിരെയാണ് എക്സൈസ് കേസെടുത്തത്. ഷാപ്പ് ലൈസൻസികളെ അടക്കം പ്രതിചേർത്ത് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
തൊടുപുഴ റെയ്ഞ്ചിലെ 25 ഷാപ്പുകളിലും കോതമംഗലം റെയ്ഞ്ചിലെ 21 ഷാപ്പുകളിലുമാണ് എക്സൈസ് നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയത്. ഇവിടങ്ങളിൽനിന്ന് കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ കള്ളിന്റെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഇതിന്റെ പരിശോധനഫലം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഈ റിപ്പോർട്ടിലാണ് കള്ളിൽ കഞ്ചാവിന്റെ അംശമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. കള്ളിന് വീര്യം കൂട്ടാനായി കഞ്ചാവിന്റെ ഇലകൾ അരച്ചുചേർത്തിരിക്കാമെന്നും അല്ലെങ്കിൽ കഞ്ചാവ് കിഴി ഉപയോഗിച്ച് കള്ളിന് വീര്യം കൂട്ടിയതാകുമെന്നുമാണ് പ്രാഥമികനിഗമനം.

അതേസമയം, എക്സൈസ് നടപടിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഷാപ്പുടമകളുടെയും തൊഴിലാളികളുടെയും ആരോപണം. പാലക്കാട് നിന്ന് വരുന്ന കള്ളാണ് ഇവിടങ്ങളിൽ വിതരണം ചെയ്യുന്നതെന്നും ഇതിൽ വ്യാപകമായി കഞ്ചാവിന്റെ അംശം കണ്ടെത്തിയത് സംശയമുണർത്തുന്നതായും ഇവർ പറഞ്ഞു. എക്സൈസ് നടപടി വിദേശമദ്യ വ്യവസായത്തെ സഹായിക്കാൻ വേണ്ടിയാണെന്നും ഷാപ്പുടമകൾ ആരോപിച്ചു.

പാലക്കാട്നിന്ന് വിതരണം ചെയ്യുന്ന കള്ള് വിൽക്കുക മാത്രമാണ് ഷാപ്പിലെ തൊഴിലാളികൾ ചെയ്യുന്നതെന്ന് ചെത്തു തൊഴിലാളി യൂണിയൻ നേതാവ് ജ്യോതികുമാറും പ്രതികരിച്ചു. കേസിൽ തൊഴിലാളികളെ കൂടി പ്രതി ചേർത്തത് പ്രതിഷേധാർഹമാണ്. മാത്രമല്ല, എക്സൈസിന്റെ സാമ്പിൾ ശേഖരണത്തിൽ സംശയമുണ്ടെന്നും ഇക്കാര്യത്തിൽ തർക്കം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.