above post ad local

തോട്ടത്തിൽ കളിക്കുകയായിരുന്ന കുട്ടികളെ ഓടിക്കാൻ വെടിയുതിർത്ത് മന്ത്രിയുടെ മകൻ; വീട്ടിൽക്കയറി തല്ലി നാട്ടുകാർ

പാട്‌ന: ബീഹാർ ടൂറിസം വകുപ്പ് മന്ത്രിയും ബി ജെ പി നോതാവുമായ നാരായൺ പ്രസാദിന്റെ മകൻ ബബ്‌ലു പ്രസാദ് തന്റെ കൃഷിയിടത്തിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന ഒരു കൂട്ടം കുട്ടികളെ ഭയപ്പെടുത്താൻ ആകാശത്തേയ്ക്ക് വെടിയുതിർത്തതായി പരാതി.നാട്ടുകാരിൽ ചിലരെ ബബ്‌ലു പ്രസാദിന്റെ നേതൃത്വത്തിൽ കയ്യേറ്റം ചെയ്തതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം ബീഹാറിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലെ ഹ‌ർദിയ ഗ്രാമത്തിലാണ് സംഭവം നടന്നത്.

 

അക്രമത്തിന്റെ ദൃശ്യങ്ങളെല്ലാം സമീപത്തെ ക്യാമറയിൽ പതിഞ്ഞിരുന്നു. ബബ്‌ലു പ്രസാദ് കയ്യിൽ തോക്കുമായി കുട്ടികളെ ഓടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടികൾ തോട്ടത്തിൽ നിന്ന് കളിക്കുകയായിരുന്നെന്നും ഇതിന് പിന്നാലെ നാലഞ്ചാളുകൾ ചേർന്ന് കുട്ടികളെ തല്ലാൻ ആരംഭിച്ചുവെന്നും ഒരു ദൃക്സാക്ഷി വെളിപ്പെടുത്തുന്നു. തുടർന്ന് ഇവർ ഒരാളെ തോക്കിന്റെ പുറക് വശം കൊണ്ട് മർദ്ദിക്കുകയും വെടിയുതിർക്കുകയും ചെയ്തുവെന്നും ഇയാൾ പറഞ്ഞു. ആക്രമണത്തിൽ ഒരു കുട്ടിയടക്കം ആറ് പേർക്ക് പരിക്കേറ്റു.

 

ഇതിന് പിന്നാലെ സംഭവമറിഞ്ഞെത്തിയ ഗ്രാമവാസികൾ നാരായൺ പ്രസാദിന്റെ വസതിയിലെത്തി വാഹനം നശിപ്പിക്കുകയും ബബ്‌ലു പ്രസാദിനെ മർദ്ദിക്കുകയും ഇയാളിൽ നിന്ന് തോക്ക് പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ കുട്ടികളെ ഭയപ്പെടുത്താൻ വെടിവച്ചുവെന്ന ആരോപണം ബബ്‌ലു പ്രസാദ് നിഷേധിച്ചു. പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളോടൊപ്പമുണ്ടായിരുന്ന അമ്മാവനായ ഹരേന്ദ്ര പ്രസാദ്, മാനേജർ വിജയ് എന്നിവർക്കും നാട്ടുകാരുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

 

മകനെതിരായുള്ള ആരോപണങ്ങൾ നാരായൺ പ്രസാദും നിഷേധിച്ചു. തോട്ടത്തിലെ കയ്യേറ്റമറിഞ്ഞപ്പോഴാണ് മകൻ സ്ഥലത്തെത്തിയതെന്നും കയ്യേറ്റം തടയാൻ ശ്രമിച്ച മകനെ നാട്ടുകാർ മർദ്ദിക്കുകയായിരുവെന്നും മന്ത്രി ആരോപിച്ചു. അക്രമികൾ ലൈസൻസുള്ള തോക്ക് തട്ടിയെടുത്തുവെന്നും നാരായൺ പ്രസാദ് പറ‌ഞ്ഞു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. തന്നെ അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഡാലോചനയാണ് ഇതെന്നും മന്ത്രി പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ ഗ്രാമീണരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോക്ക് പൊലീസ് പിടിച്ചെടുത്തു.

 

- Advertisement -

- Advertisement -

- Advertisement -

Comments are closed.