
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രിനിവാസന് സംവിധാനം ചെയ്ത ‘ഹൃദയ’ത്തിന് കേരളത്തിന് പുറത്തുള്ള നഗരങ്ങളിലും മികച്ച പ്രതികരണം. കാര്യമായി മലയാളി സാന്നിധ്യമുള്ള ചെന്നൈയിലും ബംഗളൂരുവിലുമാണ് ചിത്രത്തിന് ഏറ്റവുമധികം കാണികള്‍. മലയാളികളല്ലാത്ത പ്രേക്ഷകരിലേക്കും ചിത്രം എത്തിയിട്ടുണ്ട്. ചെന്നൈ കഥാപശ്ചാത്തലമാക്കുന്ന ചിത്രം എന്നതും തമിഴ് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടകമാണ്. പ്രേക്ഷകരുടെ അഭ്യര്‍ഥനപ്രകാരം ചിത്രം റിലീസ് ചെയ്യാതിരുന്ന പല സ്ക്രീനുകളിലേക്കും ഈ വാരം ചിത്രം എത്തും. പല തിയറ്ററുകാരും സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പ്രേക്ഷകരെ അറിയിക്കുന്നുണ്ട്.
കേരളത്തില്‍ തിയറ്ററുകള്‍ അടഞ്ഞുകിടന്ന കഴിഞ്ഞ ഞായറാഴ്ച ബംഗളൂരുവില്‍ ഹൃദയത്തിന് ഹൗസ്ഫുള് പ്രദര്‍ശനങ്ങള്‍ ആയിരുന്നു. ഈ ദിവസം ഏറ്റവുമധികം പ്രേക്ഷകര്‍ എത്തിയതും ഈ ചിത്രത്തിനായിരുന്നു. ചെന്നൈയില്‍ ചിത്രത്തിന് ലഭിക്കുന്ന വലിയ പ്രതികരണത്തെക്കുറിച്ച് ട്വിറ്ററില്‍ പ്രമുഖ ട്രേഡ് അനലിസ്റ്റുകളൊക്കെ അറിയിക്കുന്നുണ്ട്. തിരുനെല്‍വേലിയിലെ പ്രധാന തിയറ്റര്‍ ആയ റാം മുത്തുറാം സിനിമാസ് ഈ വെള്ളിയാഴ്ച മുതല്‍ തങ്ങള്‍ ഹൃദയം പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രേക്ഷകാഭ്യര്‍ഥന പ്രകാരമെന്നാണ് തിയറ്റര്‍ ഉടമകള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
- Advertisement -
Comments are closed.