above post ad local

ബത്തേരി അര്‍ബന്‍ ബാങ്ക്: 41 തസ്തികകള്‍ സൃഷ്ടിക്കാനുള്ള നീക്കം വിവാദത്തില്‍

കല്‍പ്പറ്റ: ബത്തേരി അര്‍ബന്‍ ബാങ്കില്‍ പുതിയ 41 തസ്തികകള്‍ സൃഷ്ടിക്കാനുള്ള നീക്കം വിവാദത്തില്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആരംഭിച്ച കല്‍പ്പറ്റ, മേപ്പാടി, മാനന്തവാടി, കാട്ടിക്കുളം, വൈത്തിരി ബ്രാഞ്ചുകളും നേരത്തേ പ്രവര്‍ത്തിക്കുന്നതില്‍ ഏതാനും ശാഖകളും ലാഭകരമല്ലാതിരിക്കെ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതു അനുചിതമാണെന്ന അഭിപ്രായത്തിലാണ് ബാങ്ക് മെംബര്‍മാരില്‍ ഒരു വിഭാഗം. ഹെഡ് ഓഫീസും 13 ബ്രാഞ്ചുകളുമടക്കം 14 യൂണിറ്റുകളാണ് ബാങ്കിന്. 41 തസ്തികകള്‍ സൃഷിക്കുന്നതിനു അനുമതി തേടി ബാങ്ക് അടുത്തകാലത്താണ് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്കു അപേക്ഷ നല്‍കിയത്.
വയനാട്ടില്‍ റിസര്‍വ് ബാങ്ക് അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനമാണ് ബത്തേരി അര്‍ബന്‍ ബാങ്ക്. 1978ലായിരുന്നു ആരംഭം. നേരത്തേ ബത്തേരി താലൂക്കില്‍ മാത്രമായിരുന്നു പ്രവര്‍ത്തനം. നിലവില്‍ പൊഴുതന, തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകള്‍ ഒഴികെ ജില്ലയിലെ എല്ലാ പ്രദേശങ്ങളും പ്രവര്‍ത്തനപരിധിയില്‍പ്പെടും. നിയമാവലി ഭേദഗതി ചെയ്തും സഹകരണ ജോയിന്റ് രജിസ്ട്രാറുടെ അംഗീകാരത്തിനു വിധേയമായുമാണ് വൈത്തിരി, മാനന്തവാടി താലൂക്കുകളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചത്.
നിലവില്‍ യുഡിഎഫ് നിയന്ത്രണത്തിലാണ് ബാങ്ക്. 13 അംഗങ്ങളാണ് ഭരണസമിതിയില്‍. ഇതില്‍ മൂന്നു പേര്‍ ഒഴികെയുള്ളവര്‍ കോണ്‍ഗ്രസുകാരാണ്. കെപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എം.എസ്. വിശ്വനാഥനാണ് കോണ്‍ഗ്രസ് ഇതര അംഗങ്ങളില്‍ ഒരാള്‍. കോണ്‍ഗ്രസിലെ ഡോ.സണ്ണി ജോര്‍ജാണ് ചെയര്‍മാന്‍. 2022 ഓഗസ്റ്റ്-സെപ്റ്റംബര്‍ വരെയാണ് ഇപ്പോഴത്തെ ഭരണസമിതിയുടെ കാലാവധി.
പുതുതായി ആരംഭിച്ച ബ്രാഞ്ചുകള്‍ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ലാഭത്തിലാകാത്ത സാഹചര്യത്തില്‍ പുതിയ തസ്തികകള്‍ അനുവദിച്ചുകിട്ടാന്‍ സഹകരണ വകുപ്പിനു അപേക്ഷ നല്‍കേണ്ടെന്നു പ്രഫ.കെ.പി.തോമസ് ചെയര്‍മാനായ മുന്‍ ഭരണസമിതി തീരുമാനിച്ചിരുന്നു. ഇതവഗണിച്ചാണ് 41 തസ്തികകള്‍ കൂടി സൃഷിക്കാനുള്ള നിലവിലെ ഭരണസമിതിയുടെ ശ്രമം. ഇതിനു പിന്നില്‍ സാമ്പത്തിക താത്പര്യങ്ങളാണെന്നു അഭിപ്രായപ്പെടുന്നവര്‍ ബാങ്ക് മെംബര്‍മാരിലുണ്ട്. ബാങ്കില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ നിയമനത്തിനു ലക്ഷക്കണക്കിനു രൂപയാണ് കോഴയായി മറിയുന്നതെന്നു അടക്കം പറയുന്ന സഹകാരികള്‍ നിരവധിയാണ്. ബാങ്കില്‍ വിവിധ തസ്തികകളില്‍ 2007നും 2012നും ഇടയില്‍ എട്ടും 2012നും 2017നും ഇടയില്‍ 22-ഉം നിയമനങ്ങള്‍ നടന്നിരുന്നു.
85 ആണ് നിലവില്‍ ബാങ്കില്‍ അനുവദിച്ച തസ്തികകളുടെ എണ്ണം. അടുത്തകാലം വരെ ബാങ്കില്‍ 69 പേരാണ് ജോലിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടു പേര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സൂപ്പര്‍ ന്യൂമറി നിയനം ലഭിച്ചവരാണ്. ഇത്രയും ജീവനക്കാരുമായി 14 യൂണിറ്റുകളും സുഗമമായി പ്രവര്‍ത്തിക്കുന്നതിനിടെ 15 ഒഴിവുകള്‍ നികത്തി. ഇതോടെ ആകെ ജീവനക്കാരുടെ എണ്ണം 84 ആയി. ഈ സാഹചര്യത്തിലാണ് 41 തസ്തികകള്‍ കൂടി സൃഷ്ടിക്കുന്നതിനു അപേക്ഷിച്ചത്. ഇപ്പോഴുള്ളതടക്കം 2022 സെപ്റ്റംബറോടെ ബാങ്കില്‍ 10 റിട്ടയര്‍മെന്റ് ഒഴിവുകളും കണക്കാക്കുന്നുണ്ട്.
അപേക്ഷിച്ച തസ്തികകളെല്ലാം ജോയിന്റ് രജിസ്ട്രാര്‍ അനുവദിച്ചാല്‍ ബാങ്കില്‍ ആകെ തസ്തികകളുടെ എണ്ണം 130നു അടുത്താകും. മുഴുവന്‍ തസ്തികകളിലും നിയമനം നടക്കുന്നതോടെ ഒരു യൂണിറ്റിലെ ശരാശരി ജീവനക്കാരുടെ എണ്ണം ഒമ്പതാകും. ഇതു ആവശ്യത്തിലും വളരെ അധികമാണെന്നു മെംബര്‍മാരില്‍ ചിലര്‍ പറയുന്നു. മാനേജരും ഒന്നുവീതം അക്കൗണ്ടന്റും ക്ലാര്‍ക്കും പ്യൂണും സ്വീപ്പറും ശാഖയുടെ പ്രവര്‍ത്തനത്തിനു മതിയാകുമെന്നാണ് അവരുടെ അഭിപ്രായം. ബാങ്കിന്റെ പല ബ്രാഞ്ചുകളിലും പ്രതിദിനം കൈകാര്യം ചെയ്യുന്ന വൗച്ചറുകളുടെ എണ്ണം 20ല്‍ താഴെയാണ്. ദിവസം 10 വൗച്ചറുകള്‍ പോലും കൈകാര്യം ചെയ്യാത്ത ബ്രാഞ്ചുകളും ബാങ്കിനുണ്ട്. ശാഖയുടെ ഭേദപ്പെട്ട നിലയിലുള്ള പ്രവര്‍ത്തനത്തിനു ദിവസം 40 വൗച്ചറുകളെങ്കിലും കൈകാര്യം ചെയ്യണം.
ഭരണസമിതിയംഗങ്ങളുടെ നിര്‍ബന്ധത്തിനും പ്രലോഭനത്തിനും വഴങ്ങി സ്ഥിരനിക്ഷേപം പിന്‍വലിച്ചു ബാങ്കിന്റെ ഓഹരിയെടുത്തവര്‍ നിരാശയിലാണ്. പലിശയേക്കാള്‍ മെച്ചപ്പെട്ട തുക ലാഭവിഹിതമായി ലഭിക്കുമെന്ന വിശ്വസത്തിലാണ് പലരും സ്ഥിരനിക്ഷേപം പിന്‍വലിച്ചു ഓഹരിയില്‍ മുടക്കിയത്. പുതിയ ബ്രാഞ്ചുകള്‍ നഷ്ടത്തിലോടുന്നതുമൂലം ഓഹരി ഉടമകള്‍ക്കു ലാഭവിഹിതം ലഭിക്കുന്നില്ല. സ്ഥിര നിക്ഷേപത്തിലൂടെ കിട്ടിയിരുന്ന പലിശയും ഇല്ലാതായി. 500 രൂപയാണ് ബാങ്കിന്റെ ഒരു ഓഹരിക്കു വില. സ്ഥിര നിക്ഷേപം പിന്‍വലിച്ചു അഞ്ചു ലക്ഷം രൂപ വരെ ഓഹരിയില്‍ മുടക്കിയവരുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.