above post ad local

വിശ്വാസികള്‍ക്കൊപ്പം, വികസന വഴിയേ ടി. സിദ്ദീഖിന്റെ പ്രചരണ പര്യടനം

നടവയല്‍: വിശുദ്ധ വാരത്തിന് തുടക്കമിട്ട് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിച്ച ഇന്നലെ കല്‍പ്പറ്റ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖിന്റെ പ്രചരണ പര്യടനത്തിന് തുടക്കം കുറിച്ചത് വിശ്വാസികള്‍ക്കൊപ്പം. ദിനത്തില്‍ ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോള്‍ ജനങ്ങള്‍ ഒലിവ് മരച്ചില്ലകള്‍ വീശി സ്വീകരിച്ചതിന്റെ ഓര്‍മ പുതുക്കുന്ന മലയാളികളുടെ കുരുത്തോല പെരുന്നാള്‍ ദിനത്തില്‍ നടവയലിലെ ഹോളിക്രോസ് ഫൊറോന പള്ളിയില്‍ നിന്നായിരുന്നു സിദ്ദീഖിന്റെ ഇന്നലത്തെ പ്രചരണം ആരംഭിച്ചത്. ദേവാലയ വികാരി ഫാദര്‍ ജോസഫ് മേച്ചേരിയുമായും പള്ളിയിലെത്തിയ വിശ്വാസികളുമായും സംസാരിച്ച്, വിശ്വാസികള്‍ക്ക് എന്റെ ഓശാന പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആദ്യ കേന്ദ്രത്തിലേക്ക്. നടവയലില്‍ നടന്ന ആദ്യ പരിപാടി മുന്‍ ഡി.സി.സി പ്രസിഡന്റ് പി.വി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മായില്‍ മുഖ്യപ്രഭാഷണം നടത്തി.
അവധി ദിനമായിരുന്നിട്ടും രാവിലെ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ നിരവധി പേരാണ് കാത്തിരുന്നത്. ആവേശം നിറഞ്ഞ നടവയലിലെ സ്വീകരണത്തിന് ശേഷം പാടിക്കുന്നിലേക്ക്. ചിറ്റാലൂര്‍ക്കുന്ന്, നെല്ലിയമ്പം, മൈതാനിക്കുന്ന്, പച്ചിലക്കാട്, കളരിക്കുന്ന്, അരിഞ്ചേര്‍മല എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥിയെത്തി.
ഓരോ കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥിയെ കാത്തിരുന്നവര്‍ക്ക് മുന്നില്‍ മണ്ഡലത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്കായി വിഷന്‍ ഡോക്യുമെന്റെന്ന ഉറപ്പുമായാണ് സിദ്ദീഖെത്തിയത്. ആഗസ്റ്റില്‍ അവതരിപ്പിക്കുന്ന എമര്‍ജിംഗ് കല്‍പ്പറ്റ മണ്ഡലത്തിന്റെ വികസനത്തിന് ഊടവും പാവും നല്‍കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
അരിഞ്ചേര്‍മലയില്‍ നിന്ന് മില്ലുമുക്ക്, കണിയാമ്പറ്റ, ചിത്രമൂല, പള്ളിമുക്ക് എന്നിവിടങ്ങളിലെ സ്വീകരണമേറ്റുവാങ്ങി കമ്പളക്കാട് ടൗണിലേക്ക്. അവിടെ സ്ഥാനാര്‍ത്ഥിയെ കാത്ത് സിദ്ദീഖലി രാങ്ങാട്ടൂരിന്റെ പ്രസംഗം കത്തിക്കയറുകയായിരുന്നു. കോഴികളുടെ അഴിമതി നടത്തുകയും ആ അഴിമതിക്കഥകള്‍ മറക്കാന്‍ കോടികളുടെ പരസ്യം നല്‍കുകയും ചെയ്യുന്ന ഇടതുസര്‍ക്കാരിന് ജനങ്ങളുടെ ശക്തി കാണിച്ചുകൊടുക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ ഉപയോഗിക്കണമെന്ന് സിദ്ദീഖലി രാങ്ങാട്ടൂര്‍ അഭിപ്രായപ്പെട്ടു. മാസത്തില്‍ ഓരോ കിറ്റ് നല്‍കി, സര്‍ക്കാര്‍ ജോലി മുഴുവന്‍ നേതാക്കളുടെ ഭാര്യമാര്‍ക്ക് നല്‍കി സാധാരണക്കാരെ പൊട്ടന്മാരാക്കുകയാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
കമ്പളക്കാട് നിന്ന് മുകെല്‍ട്രോണ്‍വളവ്, മടക്കിമല, പറളിക്കുന്ന്, കുമ്പളാട്, ചെലഞ്ഞിച്ചാല്‍, പരിയാരം, കനാല്‍ ജംഗ്ഷന്‍, അമ്പുകുത്തി, എടപ്പെട്ടി എന്നിവിടങ്ങില്‍ നിന്ന് കല്‍പ്പറ്റ നഗരസഭാ പരിധിയിലേക്ക്. വൈകിട്ടോടെ കൈനാട്ടിയിലെത്തിയ സിദ്ദീഖ് തുടര്‍ന്ന് പുളിയാര്‍മല, മണിയങ്കോട്, മുണ്ടേരി, നെടുങ്ങോട്, അമ്പിലേരി, പള്ളിത്താഴെ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. എമിലിയാണ് ഇന്നലത്തെ പര്യടനം സമാപിച്ചത്. സ്വീകരണകേന്ദ്രങ്ങളില്‍ ജില്ലയിലെ യു.ഡി.എഫിന്റെ പ്രമുഖ നേതാക്കള്‍ സംബന്ധിച്ചു.

 

- Advertisement -

- Advertisement -

- Advertisement -

Comments are closed.